LiveTV

Live

International

റോഹിങ്ക്യ; ജക്കാര്‍ത്തയില്‍ മനുഷ്യവകാശ പ്രവര്‍ത്തകരുടെ പ്രകടനം

റോഹിങ്ക്യ; ജക്കാര്‍ത്തയില്‍ മനുഷ്യവകാശ പ്രവര്‍ത്തകരുടെ പ്രകടനം
Summary
മ്യാന്‍മറില്‍ റോഹിങ്ക്യ മുസ്‌ലിങ്ങള്‍ക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ഇന്‍ഡോനേഷ്യ സര്‍ക്കാര്‍ നയതന്ത്ര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം

മ്യാന്മറിലെ റോഹിങ്ക്യക്കാര്‍ക്ക് ഇന്‍ഡോനേഷ്യന്‍ സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യവകാശ പ്രവര്‍ത്തകര്‍ ജക്കാര്‍ത്തയില്‍ പ്രകടനം നടത്തി. ഞായറാഴ്ച മ്യാന്‍മാര്‍ എംബസിയിലേക്ക് നടത്തിയ പ്രതിഷേധ റാലിയില്‍ ഇന്‍ഡോനേഷ്യയിലെ അഭിഭാഷക സംഘവും ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ഇന്‍ഡോനേഷ്യയുടെ പ്രവര്‍ത്തകരും പങ്കെടുത്തു. അതിനിടെ റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇന്‍ഡോനേഷ്യന്‍ സ്ഥാനപതി മ്യാന്‍മറിനോട് അഭ്യര്‍ത്ഥിച്ചു.

മ്യാന്‍മറില്‍ റോഹിങ്ക്യ മുസ്‌ലിങ്ങള്‍ക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളില്‍ ഇന്‍ഡോനേഷ്യ സര്‍ക്കാര്‍ നയതന്ത്ര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രകടനം. മ്യാൻമറിന്റെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ അക്രമത്തില്‍ ഒരാഴ്ചയ്ക്കിടെ 400 പേർ മരിച്ചതായും 38,000ത്തിൽ അധികം റോഹിങ്ക്യ വിഭാഗക്കാർ മ്യാൻമർ വിട്ടുവെന്നുമുള്ള യുഎന്നിന്‍റെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.

ഞായറാഴ്ച രാവിലെ അജ്ഞാതന്‍ ജക്കാര്‍ത്തയിലെ മ്യാന്‍മര്‍ എംബസിയിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞിരുന്നു. എംബസിയുടെ രണ്ടാം നിലയിലാണ് ബോംബ് പതിച്ചത്. ഗേറ്റില്‍ പട്രോളിങ്ങിലുണ്ടായിരുന്ന പൊലീസുകാര്‍ പെട്ടെന്ന് തന്നെ തീ അണച്ചു. അക്രമി കാറില്‍ രക്ഷപെട്ടു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ ഇന്‍ഡോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ വിദേശകാര്യ മന്ത്രിയെ മ്യാന്‍മറിലേക്ക് അയച്ചു. റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് ഇന്‍ഡോനേഷ്യ, മ്യാന്‍മറിനോട് ആവശ്യപ്പെടും. 87 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള ഇന്‍ഡോനേഷ്യ, റോഹിങ്ക്യന്‍ അഭയാര്‍ഥികളുടെ പ്രധാന അഭയകേന്ദ്രമാണ്.