LiveTV

Live

International

കാബൂളിലെ ചാവേര്‍ സ്ഫോടനം: കൊല്ലപ്പെട്ടവരുടെ എണ്ണം 90 കവിഞ്ഞു

Summary
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 90 കവിഞ്ഞു. അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ആക്രമണത്തെ അപലപിച്ച് ജര്‍മനി അടക്കമുള്ള വിദേശ രാഷ്ട്രങ്ങളും അഫ്ഗാന്‍ സര്‍ക്കാറും രംഗത്തു വന്നു. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.

കാബൂളിൽ ഇതു​വരെ ഉണ്ടായതിൽ​വച്ച്​ ഏറ്റവും വലിയ ആക്രമണമാണ് ​ബുധനാഴ്ചയുണ്ടായത്. കൊല്ലപ്പെട്ടവരുടെ എണ്ണം നൂറു കവിഞ്ഞതായും സ്ഥിരീകരിക്കാത്ത റിപ്പോര്ട്ടുകളുണ്ട്. ജര്‍മന്‍ എംബസിയിലെ സുരക്ഷാ ഉദ്യോഗസ്ഥനായ അഫ്ഗാന്‍ പൌരനും ബിബിസി ചാനലിന്റെ ഡ്രൈവറും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. തങ്ങളുടെ നിരവധി എംബസി ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും ജര്‍മ്മനി അറിയിച്ചു. ആക്രമണത്തില്‍ നടുക്കും രേഖപ്പെടുത്തിയ ജര്‍മന്‍ ചാന്‍സിലര്‍ ആംഗല മര്‍ക്കല്‍ ഭീകരവാദത്തിന് അതിര്‍ത്തികളില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമായതായും പറഞ്ഞു.

വിദേശ നയതന്ത്ര സ്ഥാപനങ്ങളും പ്രസിഡന്‍റിന്റെ കൊട്ടാരമടക്കം സര്‍ക്കാര്‍ കെട്ടിടങ്ങളുമടങ്ങുന്ന നഗരത്തിലെ അതി​സുരക്ഷാ മേഖലയിലുണ്ടായ സ്ഫോടനം സർക്കാറിന്​ കനത്ത​തിരിച്ചടിയായതായാണ് വിലയിരുത്തല്‍. അതേസമയം ആക്രമണം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടതിന് ശേഷവും ആക്രമണത്തിന്റ ഉത്തരവാദിത്തം ആരും ഏറ്റെടുക്കാത്തതും ചര്ച്ചയായിട്ടുണ്ട്. താലിബാന്‍ നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തു.