LiveTV

Live

International

മാര്‍പാപ്പയുമായി ഫലസ്തീന്‍ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി

മാര്‍പാപ്പയുമായി ഫലസ്തീന്‍ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി
Summary
ഇസ്രയേലിലെ യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റിയാല്‍ അത് സമാധാന ശ്രമങ്ങള്‍ക്ക് വിള്ളലുണ്ടാക്കുമെന്ന് മെഹമൂദ് അബാസ് പറഞ്ഞു.
മാര്‍പാപ്പയുമായി ഫലസ്തീന്‍ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി

വത്തിക്കാനിലെത്തിയ ഫലസ്തീന്‍ പ്രസിഡന്റ് മെഹമൂദ് അബാസ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് പാരീസില്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെയാണ് കൂടിക്കാഴ്ച. ഇസ്രയേലിലെ യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റിയാല്‍ അത് സമാധാന ശ്രമങ്ങള്‍ക്ക് വിള്ളലുണ്ടാക്കുമെന്ന് മെഹമൂദ് അബാസ് പറഞ്ഞു.

ഫലസ്തീനിലെയും ഇസ്രയേലിലെയും സാധാരണ ജനങ്ങള്‍ക്ക് ദുരിതംമാത്രം സമ്മാനിക്കുന്ന മേഖലയിലെ പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരം അത്യാവശ്യമാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം വത്തിക്കാനിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. വത്തിക്കാനില്‍ ഫലസ്തീന്‍ എംബസി ഉദ്ഘാടനത്തിന്റെ ഭാഗമായാണ് മെഹമൂദ് അബാസ് വത്തിക്കാനിലെത്തിയത്. ഇത് മൂന്നാം തവണയാണ് അബാസ് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത്.

ഇസ്രയേലിലെ യുഎസ് എംബസി ടെല്‍ അവീവില്‍നിന്ന് ജറുസലേമിലേക്ക് മാറ്റി സ്ഥാപിക്കുമെന്ന ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനക്കെതിരെ കടുത്ത അമര്‍ഷമാണ് അബാസ് പ്രകടിപ്പിച്ചത്. എംബസി മാറ്റി സ്ഥാപിക്കുന്ന നീക്കം ഉപേക്ഷിക്കണമെന്ന് മുന്നറിയിപ്പ് നല്‍കി ട്രംപിന് കത്തയച്ചതായി അബാസ് ലെ ഫിഗാരോ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എഴുപതോളം രാജ്യങ്ങളാണ് പാരീസില്‍ നടക്കുന്ന സമാധാന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്.