LiveTV

Live

International

ഫാര്‍കുമായുള്ള സമാധാനക്കരാറിന് കൊളംബിയന്‍ ജനതയുടെ ചുവപ്പ് കാര്‍ഡ്

ഫാര്‍കുമായുള്ള സമാധാനക്കരാറിന് കൊളംബിയന്‍ ജനതയുടെ ചുവപ്പ് കാര്‍ഡ്
Summary
ഫാര്‍കിനെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ നടത്തിയ ഹിതപരിശോധനയില്‍ നേരിയ ഭൂരിപക്ഷത്തിനാണ് സര്‍ക്കാരുണ്ടാക്കിയ കരാര്‍ പരാജയപ്പെട്ടത്

ഫാര്‍കും കൊളംബിയന്‍ സര്‍ക്കാരും തമ്മിലുണ്ടാക്കിയ സമാധാനക്കരാറിന് കൊളംബിയന്‍ ജനതയുടെ ചുവപ്പ് കാര്‍ഡ്. ഫാര്‍കിനെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ നടത്തിയ ഹിതപരിശോധനയില്‍ നേരിയ ഭൂരിപക്ഷത്തിനാണ് സര്‍ക്കാരുണ്ടാക്കിയ കരാര്‍ പരാജയപ്പെട്ടത്.

52 വര്‍ഷം നീണ്ട ആഭ്യന്തര സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന സമാധാനകരാറിന്റെ ഭാവി ഹിതപരിശോധനയോടെ തുലാസിലായിരിക്കുകയാണ്. 61000 വോട്ടിന്റെ നേരിയ ഭൂരിപക്ഷമാണ് സമാധാനക്കരാറിനെ എതിര്‍ക്കുന്നവര്‍ക്ക് ലഭിച്ചത്. എക്സിറ്റ് പോള്‍ ഫലങ്ങള്‍ കരാറിനെ അനുകൂലിക്കുന്നവര്‍ക്ക് 66 ശതമാനം വോട്ട് ലഭിക്കുമെന്ന് പ്രവചിച്ചിരുന്നു. ഫാര്‍ക് നേതാവ് മാന്വല്‍ സാന്റോസും കരാറിനെ അനുകൂലിക്കുന്ന വിധിയുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു. വീണ്ടുമൊരു ആഭ്യന്തര യുദ്ധത്തെ കൊളംബിയയിലെ ജനങ്ങള്‍ തെരഞ്ഞെടുക്കില്ലെന്ന സാന്റോസിന്റെ പ്രതീക്ഷയാണ് ഹിതപരിശോധനയില്‍ അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. സാധ്യമാവുന്ന ഏറ്റവും നല്ല കരാറാണിതെന്ന നിലപാടിലായിരുന്നു സര്‍ക്കാരും ഗറില്ലകളും. ഹവാനയിലുള്ള ഫാര്‍ക് നേതാക്കള്‍ ഹിതപരിശോധന ഫലത്തോട് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. കരാ‍ര്‍ പ്രകാരം 10000ത്തോളം വരുന്ന ഫാര്‍ക് ഗറില്ലകള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമാവുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അപ്രതീക്ഷിതമായ ഫലം കൊളംബിയയുടെ രാഷ്ട്രീയ ഭാവിയിലുണ്ടാക്കുന്ന ആഘാതങ്ങള്‍ പ്രവചിക്കുക അസാധ്യമാണ്.