LiveTV

Live

International

ആണവ പരീക്ഷണ കേന്ദ്രം അടുത്ത ദിവസങ്ങളില്‍ തന്നെ പൊളിച്ച് മാറ്റുമെന്ന് ഉത്തര കൊറിയ

ആണവ പരീക്ഷണ കേന്ദ്രം അടുത്ത ദിവസങ്ങളില്‍ തന്നെ പൊളിച്ച് മാറ്റുമെന്ന് ഉത്തര കൊറിയ
Summary
ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി മെയ് 23നും 25നും ഇടയിലായി ആണവപരീക്ഷണ കേന്ദ്രം പൂര്‍ണമായും നശിപ്പിച്ച് കളയുമെന്നാണ് ഉത്തര കൊറിയ അറിയിച്ചിരിക്കുന്നത്

തങ്ങളുടെ ആണവ പരീക്ഷണ കേന്ദ്രം അടുത്ത ദിവസങ്ങളില്‍ തന്നെ പൊളിച്ച് മാറ്റുമെന്ന് ഉത്തര കൊറിയ. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തര കൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്നും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ച സാഹചര്യത്തിലാണ് പുതിയ പ്രഖ്യാപനം.

ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി മെയ് 23നും 25നും ഇടയിലായി ആണവപരീക്ഷണ കേന്ദ്രം പൂര്‍ണമായും നശിപ്പിച്ച് കളയുമെന്നാണ് ഉത്തര കൊറിയ അറിയിച്ചിരിക്കുന്നത്. ടെസ്റ്റ് ഗ്രൌണ്ടും അതിലെ തുരങ്കങ്ങളും, നിരീക്ഷണ കേന്ദ്രങ്ങളും തകര്‍ത്ത് കളയാനാണ് തീരുമാനം.

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തര കൊറിയയുടെ പരമോന്നത നേതാവ് കിം ജോങ് ഉന്നും തമ്മില്‍ ജൂണ്‍ 12ന് സിംഗപ്പൂരില്‍ വച്ച് കൂടിക്കാഴ്ച്ച നടത്താന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഉത്തര കൊറിയയുടെ പ്രഖ്യാപനം.

അമേരിക്കയിലെയും ദക്ഷിണ കൊറിയയിലെയും അടക്കം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരെയും റിപ്പോര്‍ട്ട് ചെയ്യാന്‍ ക്ഷണിക്കുമെന്നും പൂര്‍ണമായും സുതാര്യമായിട്ടായിരിക്കും നടപടികളെന്നും ഉത്തര കൊറിയ അറിയിച്ചു. വിദേശത്ത് നിന്നെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രത്യേകം വീമാനങ്ങളും താമസസൌകര്യവും ഒരുക്കും.

ഉത്തര കൊറിയയുടെ വടക്ക് കിഴക്കന്‍ പ്രവശ്യയിലെ ആണവ പരീക്ഷണ കേന്ദ്രത്തില്‍ ഇതുവരെ ആറ് ആണവ പരീക്ഷണങ്ങളാണ് നടത്തിയിട്ടുള്ളത്.