LiveTV

Live

International

ഇറാന്‍ രഹസ്യ ആണവപദ്ധതി പിന്തുടരുന്നുണ്ടെന്ന് ഇസ്രയേല്‍

ഇറാന്‍ രഹസ്യ ആണവപദ്ധതി പിന്തുടരുന്നുണ്ടെന്ന് ഇസ്രയേല്‍
Summary
ഇത് സംബന്ധിച്ച് അൻപതിനായിരത്തിലധികം രഹസ്യരേഖകളും 180 സിഡികളും കയ്യിലുണ്ടെന്നും നെതന്യാഹു പറഞ്ഞു.

ഇറാന്‍ രഹസ്യ ആണവപദ്ധതി പിന്തുടരുന്നുണ്ടെന്ന ആരോപണവുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇത് സംബന്ധിച്ച് അൻപതിനായിരത്തിലധികം രഹസ്യരേഖകളും 180 സിഡികളും കയ്യിലുണ്ടെന്നും നെതന്യാഹു പറഞ്ഞു.

'2015ൽ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി ആണവക്കരാറിൽ ഏർപ്പെടുന്നതിനു വേണ്ടി തങ്ങൾ ആണവായുധങ്ങൾ നിർമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാൻ പറഞ്ഞു. അത് വീണ്ടും വീണ്ടും ഇറാന്‍ ആവര്‍ത്തിക്കുന്നു. അവര്‍ ഒരു ലജ്ജയുമില്ലാതെ നുണ പ്രചരിപ്പിക്കുകയാണ്. ഇറാന്‍ രഹസ്യമായി ആണവ പദ്ധതിയുമായി മുന്നോട്ടു പോകുകയാണെന്നും ഇത് തെളിയിക്കുന്ന രേഖകളാണ് കൈയ്യിലുള്ളതെന്നും നെതന്യാഹു പറഞ്ഞു. പ്രത്യേക പവര്‍ പോയിന്റ് അവതരണത്തിലൂടെയായിരുന്നു നെതന്യാഹു ഇറാനു നേരെ ആരോപണങ്ങളുന്നയിച്ചത്‍. ആണവായുധം വികസിപ്പിക്കാൻ വേണ്ടി ഇറാൻ രൂപീകരിച്ച 'പ്രോജക്ട് അമദ്' എന്ന പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളും രേഖകളിലുണ്ടെന്നാണ് ഇസ്രയേലിന്റെ അവകാശവാദം.

ഒരു ഷെല്‍ഫ് നിറയെ ഫയലുകളും കയ്യില്‍ ഉള്ള 180 സിഡികളും അവതരണത്തിനിടയില്‍ നെതന്യാഹു പ്രദര്‍ശിപ്പിച്ചു. ഒരാഴ്ച മുമ്പ് നടത്തിയ ഇന്റലിജന്‍സ് അന്വേഷണത്തിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. അവതരണത്തിനു മുമ്പായി നെതന്യാഹു പാര്‍ലമെന്റില്‍ നടത്താനിരുന്ന പ്രസംഗം റദ്ദാക്കി തെല്‍ അവിവിലെ സൈനിക അസ്ഥാനത്തില്‍ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഇറാനുമായുള്ള ആണവകരാറില്‍ നിന്നും പിന്‍വാങ്ങുമെന്ന് യുഎസ് പ്രസി‍‍ഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതിനെ നെതന്യാഹു സ്വാഗതം ചെയ്തു. എന്നാൽ ആരോപണങ്ങൾ പരിഹാസ്യമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് ട്വിറ്ററിലൂടെ പ്രതികരിച്ചു.