LiveTV

Live

International

സിംബാബ്‍വെയിലെ പുകയിലപാടങ്ങളില്‍ കറ പിടിച്ച ബാല്യങ്ങള്‍

സിംബാബ്‍വെയിലെ പുകയിലപാടങ്ങളില്‍ കറ പിടിച്ച ബാല്യങ്ങള്‍
Summary
ബാലവേല, തൊഴിലാളി ചൂഷണം, കുറഞ്ഞ വേതനം എന്നിവ നിലനില്‍ക്കുന്നതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സിംബാബ്‌വെയിലെ പുകയില കൃഷി പാടങ്ങളില്‍ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെന്ന് റിപ്പോര്‍ട്ട്. ബാലവേല, തൊഴിലാളി ചൂഷണം, കുറഞ്ഞ വേതനം എന്നിവ നിലനില്‍ക്കുന്നതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

900 മില്യണ്‍ ഡോളറിന്റെ പുകയില വിപണിയാണ് സിംബാബ്‌വെയുടെ വരുമാനത്തിന്റെ പ്രധാന സ്രോതസ്. ‍ രാജ്യത്തിന്റെ വളര്‍ച്ചയില്‍ പ്രധാനഘടകമായ പുകയില പാടങ്ങളില്‍ നിന്ന് അത്ര സുഖകരമായ വാര്‍ത്തകളല്ല പുറത്തുവരുന്നത്. സിംബാബ്‌വെയിലെ പുകയില കൃഷിയിടങ്ങളില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നത് എന്നാണ് ഹ്യൂമന്‍ റൈറ്റ്സ് വാച്ചിന്റെ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്. സിംബാബ്‌വെ തലസ്ഥാനമായ ഹരാരെയിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ബാലവേല, തൊഴിലാളി ചൂഷണം, കുറഞ്ഞ വേതനം എന്നിവ അന്വേഷണത്തില്‍ കണ്ടെത്തി. കൂടാതെ പുകയില പാടങ്ങളില്‍ തൊഴിലെടുക്കുന്നവരില്‍ ഗുരുതര ആരോഗ്യപ്രശ്നങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും യുവാക്കളാണ്. സ്കൂളുകളില്‍ പോലും വിടാതെയാണ് ഭൂരിഭാഗം രക്ഷിതാക്കളും കുട്ടികളെ പുകയില പാടത്തേക്ക് തൊഴിലിനായ കൊണ്ടുപോകുന്നത്.

പുകയില തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പ്രതിനിധി അറിയിച്ചു. എന്നാല്‍ നിക്കോട്ടിന്റെയും കീടനാശിനികളുടെയും അപകടത്തെ കുറിച്ചുള്ള യാതൊരു അറിവും ഈ തൊഴിലാളികള്‍ക്കില്ല. ഈ തൊഴില്‍ ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട സ്വയം സംരക്ഷണ സംവിധാനങ്ങളെ കുറിച്ചുള്ള അവബോധവും ഇവര്‍ക്കില്ല. സിംബാബ്‍വെക്ക് പുറമെ അമേരിക്കയടക്കമുള്ള രാജ്യങ്ങളിലും സമാന സ്ഥിതിയാണെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് പറയുന്നു.