LiveTV

Live

International

എഫ്.ബി.ഐ ഡെപ്യൂട്ടി ചീഫ് ആന്‍ഡ്രൂ മക്കാബെയെ പുറത്താക്കി

എഫ്.ബി.ഐ ഡെപ്യൂട്ടി ചീഫ് ആന്‍ഡ്രൂ മക്കാബെയെ പുറത്താക്കി
Summary
ഗുരുതരമായ ആരോപണങ്ങളാണ് നീതി ന്യായ വകുപ്പ് ആന്‍ഡ്രൂ മക്കാബെക്കെതിരെ ഉന്നയിച്ചിരിക്കുന്നത്

ആന്‍ഡ്രൂ മക്കാബെയെ എഫ്.ബി.ഐ ഡെപ്യൂട്ടി ചീഫ് സ്ഥാനത്ത് നിന്ന് പുറത്താക്കി. മാധ്യമപ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നും അന്വേഷണം വഴി തിരിച്ചുവിട്ടെന്നും ചൂണ്ടിക്കാട്ടിയാണ് നീതി ന്യായ വകുപ്പിന്റെ നടപടി. എന്നാല്‍ ആരോപണങ്ങള്‍ മക്കാബെ നിഷേധിച്ചു.

ഗുരുതരമായ ആരോപണങ്ങളാണ് നീതി ന്യായ വകുപ്പ് ആന്‍ഡ്രൂ മക്കാബെക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെര‍ഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെ കുറിച്ചുള്ള അന്വേഷണം മക്കാബെ വഴി തിരിച്ചുവിട്ടെന്നും അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കിയെന്നും നീതി ന്യായ വകുപ്പ് ആരോപിക്കുന്നു. മക്കാബെക്കെതിരായ ആരോപണങ്ങള്‍ പരിശോധിച്ച് വ്യക്തത വരുത്തിയ ശേഷമാണ് നടപടിയെടുത്തതെന്നും ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് വിശദീകരിക്കുന്നുണ്ട്. എഫ്.ബി.ഐയിലെ എല്ലാ ഉദ്യോഗസ്ഥരും വിശ്വാസ്യതയും സത്യസന്ധതയും കാത്തു സൂക്ഷിക്കണമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യു എസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് പറഞ്ഞു.

എന്നാല്‍ ആരോപണങ്ങള്‍ മക്കാബെ നിഷേധിച്ചു. നീതി ന്യായ വകുപ്പിന്റെ നടപടി പകവീട്ടലാണെന്നാണ് മക്കാബെയുടെ ആരോപണം. എഫ്.ബി.ഐയുടെ വിശ്വാസ്യത തകര്‍ക്കാനാണ് ശ്രമിക്കുന്നത്. അന്വേഷണം വഴി തിരിച്ചുവിടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് നീക്കം. നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും മക്കാബെ പ്രസ്താവനയില്‍ വിശദീകരിച്ചു. ജനാധിപത്യത്തിന്റെ സുവര്‍ണ ദിനമെന്ന് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ട്വിറ്ററില്‍ കുറിച്ചു. എഫ്.ബി.ഐ മുന്‍ ഡയറക്ടര്‍ ജെയിംസ് കോമിയെ പുറത്താക്കി 9 മാസത്തിനാണ് ശേഷമാണ് മക്കാബെക്കെതിരായ നടപടി. എഫ്.ബി.ഐയില്‍ നിന്ന് മുഴുവന്‍ പെന്‍ഷനോടെ വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് മക്കാബെക്കെതിരായ നടപടി എന്നതും ശ്രദ്ധേയമാണ്.