LiveTV

Live

International

ഗസ്സ വിഷയം ചര്‍ച്ച ചെയ്യുന്ന ഉച്ചകോടിക്ക് വാഷിങ്ടണില്‍ തുടക്കം

ഗസ്സ വിഷയം ചര്‍ച്ച ചെയ്യുന്ന ഉച്ചകോടിക്ക് വാഷിങ്ടണില്‍ തുടക്കം
Summary
ഫലസ്തീന്റെ അഭാവത്തിലാണ് വാഷിങ്ടണില്‍ ഉച്ചകോടി നടക്കുന്നത്. ഇസ്രായേലടക്കം 20 അറബ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

ഗസ്സ വിഷയം ചര്‍ച്ച ചെയ്യുന്ന ഉച്ചകോടിക്ക് വാഷിങ്ടണില്‍ തുടക്കം. ഇസ്രായേലടക്കം 20 അറബ് രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടിയിലേക്കുള്ള ക്ഷണം ഫലസ്തീന്‍ നിരസിച്ചിരുന്നു. ഗസ്സയിലെ ജനതയുടെ ദുരിതങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനുമാണ് ഉച്ചകോടിയെന്നാണ് അമേരിക്കയുടെ അവകാശ വാദം.

ദാരിദ്ര്യം, ഭക്ഷണം, സുരക്ഷ, ആരോഗ്യം, ശുദ്ധ ജലലഭ്യത, വൈദ്യുതി എന്നീ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. ഉച്ചകോടിയില്‍ യാതൊരു പ്രതീക്ഷയുമില്ലെന്ന് ഫലസ്തീന്‍ തുറന്നടിച്ചു. ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനുള്ള വൈറ്റ് ഹൌസിന്റെ ക്ഷണം നിരസിച്ച ഫലസ്തീനിയന്‍ അതോറിറ്റി മാനുഷിക പ്രശ്നമെന്നതിലുപരി രാഷ്ട്രീയ പ്രശ്നമായി കണ്ട് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഫലസ്തീന്റെ അഭാവത്തിലാണ് വാഷിങ്ടണില്‍ ഉച്ചകോടി നടക്കുന്നത്. ഇസ്രായേലടക്കം 20 അറബ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.

ഇസ്രായേലിനെ പൂര്‍ണമായും പിന്തുണക്കുന്ന പശ്ചിമേഷ്യന്‍ സ്ഥാനപതി ജേസണ്‍ ഗ്രീന്‍ബാള്‍ട്ട്, ഡൊണള്‍ഡ് ട്രംപിന്റെ മരുമകന്‍ ജാറെഡ് കുഷ്നെര്‍ എന്നിവര്‍ ഉച്ചകോടിയില്‍ സംസാരിക്കും. ഫലസ്തീന്‍ ഇസ്രായേല്‍ ഈജിപ്ത് ജനതയുടെ സുരക്ഷക്കും സന്തോഷത്തിനും വേണ്ടിയുള്ളതാണ് ഈ ഒത്തുചേരലെന്നാണ് ഉച്ചകോടിക്ക് മുന്നോടിയായി ഗ്രീന്‍ബ്ലാട്ട് പറഞ്ഞത്. ഫലസ്തീനെ നയിക്കാന്‍ ഹമാസ് ഒരിക്കലും യോഗ്യമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.