LiveTV

Live

International

എച്ച് വണ്‍ ബി വിസ പരിഷ്‌കാരം അമേരിക്ക നിര്‍ത്തിവെച്ചു

എച്ച് വണ്‍ ബി വിസ പരിഷ്‌കാരം അമേരിക്ക നിര്‍ത്തിവെച്ചു
Summary
അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ക്ക് എച്ച്1 ബി വിസ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കില്ലെന്ന മുന്‍ തീരുമാനമാണ് അമേരിക്ക പിന്‍വലിച്ചത്.

അമേരിക്കയിലെ എച്ച് വണ്‍ ബി വിസ പരിഷ്‌കാരം നിര്‍ത്തിവെച്ചു. ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നവര്‍ക്ക് വിസാ കാലാവധി നീട്ടി നല്‍കില്ലെന്ന തീരുമാനമാണ് മരവിപ്പിച്ചത്. തീരുമാനം ഇന്ത്യക്കാരടക്കമുള്ള പ്രവാസികള്‍ക്ക് വലിയ ആശ്വാസമാകുമെന്ന് വിലയിരുത്തല്‍.

അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ക്ക് എച്ച്1 ബി വിസ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കില്ലെന്ന മുന്‍ തീരുമാനമാണ് അമേരിക്ക പിന്‍വലിച്ചത്. അമേരിക്കയില്‍ വിവിധ ജോലികളിലുളള ഏഴര ലക്ഷത്തോളം ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കുന്ന തീരുമാനം പ്രവാസികള്‍ക്കിടയില്‍ കടുത്ത ആശങ്കകള്‍ക്ക് വഴിവെച്ചിരുന്നു. 'ബൈ അമേരിക്കന്‍ ഹൈര്‍ അമേരിക്കന്‍' എന്ന നയത്തിന്റെ ഭാഗമായി അമേരിക്കക്കാര്‍ക്ക് മുന്‍ഗണന നല്‍കുന്നതിനായാണ് എച്ച് വണ്‍ ബി വിസയിലടക്കം നിയന്ത്രണങ്ങള്‍ക്ക് ട്രംപ് ഭരണകൂടം നീക്കം നടത്തിയത്.

എച്ച് വണ്‍ ബി വിസ വ്യവസ്ഥകളില്‍ മാറ്റം വരുത്തി കാലവധിക്ക് ശേഷം രാജ്യം വിട്ട് പോകുന്നതിന് പ്രവാസികളെ നിര്‍ബന്ധിതരാക്കുന്നതായിരുന്നു നയം. നീക്കം പ്രവാസികള്‍ക്കിടയിലെന്ന പോലെ അമേരിക്കക്കകത്തും കടുത്ത വിമര്‍ശങ്ങള്‍ക്കിടയാക്കിയിരുന്നു. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ളവരെ തിരിച്ചയക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം തെറ്റായ നടപടിയാണെന്ന് പറഞ്ഞ അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് നീക്കം ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കുറ്റപ്പെടുത്തിയിരുന്നു.

ട്രംപ് ഭരണകൂടത്തിന്റെ നയം അമേരിക്കന്‍ വ്യവസായത്തെയും സമ്പദ്‌വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി. വിമര്‍ശങ്ങള്‍ വ്യാപകമായതോടെയാണ് നിയമ പരിഷ്‌കാരം നിര്‍ത്തിവെക്കാനുള്ള തീരുമാനമെന്നാണ് സൂചന. രാജ്യം വിട്ടുപോകുന്നതിന് നിര്‍ബന്ധിതരാക്കാന്‍ പദ്ധതിയില്ലെന്നും വിസാ കാലാവധി നീട്ടാന്‍ അവസരം നല്‍കുന്ന എസി 21 സെക്ഷന്‍ (104)സി വകുപ്പില്‍ മാറ്റം വരുത്തില്ലെന്നും യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് എമിഗ്രേഷന്‍ സര്‍വീസാണ് വ്യക്തമാക്കിയത്.