LiveTV

Live

International

ചൈനയെ വാനോളം പുകഴ്‍ത്തി ട്രംപ്

ചൈനയെ വാനോളം പുകഴ്‍ത്തി ട്രംപ്
Summary
തെരഞ്ഞെടുപ്പ് വേളയില്‍ ചൈനയെ നിശിതമായി വിമര്‍ശിച്ച ട്രംപ് പ്രസിഡന്റായതിന് ശേഷമുള്ള തന്റെ ആദ്യ ചൈനാ സന്ദര്‍ശനത്തിനിടെ വാനോളം പുകഴ്ത്തുകയായിരുന്നു.

ചൈനക്കെതിരായ നിലപാടില്‍ മലക്കം മറിഞ്ഞ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പ് വേളയില്‍ ചൈനയെ നിശിതമായി വിമര്‍ശിച്ച ട്രംപ് പ്രസിഡന്റായതിന് ശേഷമുള്ള തന്റെ ആദ്യ ചൈനാ സന്ദര്‍ശനത്തിനിടെ വാനോളം പുകഴ്ത്തുകയായിരുന്നു. ഇരുരാജ്യങ്ങള്‍ക്കിടയിലുമുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു. ട്രംപിന്റെ സന്ദര്‍ശനം ചരിത്രപ്രധാനമാണെന്ന് ഷീ ജിന്‍പിങ്ങും പറഞ്ഞു.

ചൈനയെ വാനോളം പുകഴ്‍ത്തി ട്രംപ്

ത്രിദിന സന്ദര്‍ശനത്തിനായി ചൈനയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റിന് വലിയ സ്വീകരണമാണ് ഒരുക്കിയിരുന്നത്. തുടര്‍ന്ന് വിവിധ പരിപാടികളിലും വിരുന്നുകളിലും പങ്കെടുത്ത ട്രംപ് ഗ്രേറ്റ് ഹാളിലെ ചടങ്ങില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെയും ചൈനയെയും പ്രശംസിച്ചുകൊണ്ട് സംസാരിച്ചു. ചൈനയുടെ ആതിഥ്യ മര്യാദക്ക് നന്ദി അറിയിച്ച് തുടങ്ങിയ ട്രംപിന്റെ സംസാരം പിന്നീട് ചൈനയുടെ അന്താരാഷ്ട്ര മേഖലയിലെ ഇടപെടലിലെത്തി. ഉത്തരകൊറിയയുടെ ആക്രമണവും ആയുധ ശേഖരവും കുറച്ച് കൊണ്ടുവരാനും സമാധാനം സ്ഥാപിക്കാനും ചൈന നടത്തുന്ന ശ്രമം വലുതാണെന്ന് ട്രംപ് പറഞ്ഞു.

ഇരുരാജ്യങ്ങള്‍ക്കിടയിലെ വ്യാപരബന്ധത്തെ കുറിച്ചും ട്രംപ് സംസാരിച്ചു. ഇത് മെച്ചപ്പെടുത്തുമെന്ന് പറഞ്ഞ ട്രംപ് ചൈനയുമായുള്ള വ്യാപര ബന്ധത്തിലുണ്ടായ വീഴ്ചകള്‍ക്ക് പ്രധാന കാരണം തന്റെ മുന്‍ഗാമികളാണെന്നും കുറ്റപ്പെടുത്തി. ഊര്‍ജം, അടിസ്ഥാനസൌകര്യ വികസനം, തുടങ്ങി വിവിധ മേഖലകളില്‍ സഹകരണം ഉറപ്പുവരുത്താന്‍ ഇരുരാജ്യങ്ങള്‍ക്കിടയില്‍ തീരുമാനമായി. കൊറിയന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ യുഎന്നില്‍ സംയുക്തമായി നീങ്ങാനും ധാരണയായി.

ട്രംപിന്റെ സന്ദര്‍ശനം വിജയകരമാണെന്നും ചരിത്രപ്രധാനമാണെന്നും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും വ്യക്തമാക്കി. പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയില്‍ ചൈനയെ രൂക്ഷമായാണ് ട്രംപ് വിമര്‍ശിച്ചിരുന്നത്. അമേരിക്കന്‍ സമ്പദ് ഘടനക്ക് ചൈന ഭീഷണിയാണെന്നും ചൈന അവരുടെ ഉല്‍പന്നങ്ങള്‍ അമേരിക്കയിലേക്ക് തള്ളുകയാണെന്നും പറഞ്ഞിരുന്നു.