LiveTV

Live

International

പാരിസിലെ ചേരിയിലെ റൊമാനികളുടെ ഇന്ത്യന്‍ ദലിത് ബന്ധം

പാരിസിലെ ചേരിയിലെ റൊമാനികളുടെ ഇന്ത്യന്‍ ദലിത് ബന്ധം
Summary
ലോകത്തിന്റെ പലഭാഗത്തും മികച്ച ജീവിതം തേടി ഇവര്‍ എത്തിപ്പെട്ടെങ്കിലും എവിടെയും സ്വീകരിക്കപ്പെടാതെ ചേരിജീവിതം നയിക്കാനായിരുന്നു റൊമാനികളുടെ വിധി...

ചേരി എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വരുന്നതിലൊന്ന് മുംബൈയിലെ ധാരാവിയായിരിക്കും. മുംബൈയില്‍ മാത്രമല്ല ഫ്രാന്‍സ് തലസ്ഥാനമായ പാരിസിലും ചേരിയുണ്ട്. ഇടുങ്ങിയ സ്ഥലത്ത് പരിമിതമായ ജീവിതസൗകര്യങ്ങളോടെ പാരിസിലെ ചേരിയില്‍ കഴിയുന്ന റൊമാനി സമൂഹത്തിന് ഇന്ത്യയുമായി ബന്ധമുണ്ടെന്നതാണ് മറ്റൊരു വസ്തുത.

ലോകത്തെ തന്നെ ഏറ്റവും വലിയ ചേരിയായാണ് മുംബൈയിലെ ധാരാവി അറിയപ്പെടുന്നത്. ആറ് ലക്ഷം മുതല്‍ പത്ത് ലക്ഷം പേര്‍ ധാരാവിയില്‍ താമസിക്കുന്നുവെന്നാണ് കണക്ക്. റോമ ജിപ്‌സികള്‍ അഥവാ റോമാനികള്‍ എന്നറിയപ്പെടുന്ന നാടോടി വിഭാഗക്കാരാണ് പാരിസിലെ ചേരികളിലെ പ്രധാന വിഭാഗക്കാര്‍. ഫ്രാന്‍സില്‍ മാത്രമല്ല യൂറോപ്പിലാകെ റോമ ജിപ്‌സികളുണ്ട്. മറ്റേതൊരു ചേരിയിലേയും ജനങ്ങളുടെ ജീവിതം പോലെയാണ് റോമ ജിപ്‌സികളുടേയും ജീവിതം മുന്നോട്ടുപോകുന്നത്. മാലിന്യങ്ങള്‍ പെറുക്കലും കാറുകളും മറ്റും കഴുകലും ചെറുകിട കച്ചവടങ്ങളുമൊക്കെയാണ് ഇവരുടെ പ്രധാന വരുമാന മാര്‍ഗ്ഗം.

പാരിസിലെ ചേരിയിലെ റൊമാനികളുടെ ഇന്ത്യന്‍ ദലിത് ബന്ധം

തികച്ചും ദരിദ്രമായ അവസ്ഥയിലാണ് റോമ ജിപ്‌സികളുടെ ജീവിതം. ഇവരുടെ ചേരികളില്‍ ഭൂരിഭാഗം പ്രദേശത്തും വൈദ്യുതിയോ ശുദ്ധജലസൗകര്യങ്ങളോ ലഭ്യമല്ല. ഇന്ത്യയില്‍ നിന്നുള്ളവരാണ് ഈ റോമ ജിപ്‌സികളുടെ പൂര്‍വ്വികര്‍. വടക്കേ ഇന്ത്യയില്‍ നിന്നും യൂറോപിലേക്ക് കുടിയേറിയവരായിരുന്നു ഇവര്‍. എട്ട് പത്ത് നൂറ്റാണ്ടുകള്‍ക്കിടെയായിരുന്നു ഇവരുടെ കുടിയേറ്റമെന്നാണ് കരുതപ്പെടുന്നത്. റോമ വിഭാഗക്കാര്‍ ഇപ്പോള്‍ സ്വീഡന്‍, ബ്രിട്ടന്‍, ജര്‍മനി, ഇറ്റലി, തുര്‍ക്കി ,ഫ്രാന്‍സ്, ബള്‍ഗേറിയ, മാസിഡോണിയ, യുഗോസ്ലാവ്യ, സ്ലൊവാക്യ, റൊമാനിയ, സെര്‍ബിയ, ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ റോമ വിഭാഗക്കാരുണ്ട്.

ഇവരുടെ റൊമാനി ഭാഷയിലെ പല വാക്കുകളും ഹിന്ദിയുമായി നേരിട്ട് ബന്ധമുള്ളവയാണ്. അമേരിക്കയില്‍ പത്ത് ലക്ഷത്തോളവും ബ്രസീലില്‍ എട്ട് ലക്ഷത്തോളവും റൊമാനികളുണ്ടെന്നും കണക്കുകളുണ്ട്. ലോകത്തിന്റെ പലഭാഗത്തും മികച്ച ജീവിതം തേടി ഇവര്‍ എത്തിപ്പെട്ടെങ്കിലും എവിടെയും സ്വീകരിക്കപ്പെടാതെ ചേരിജീവിതം നയിക്കാനായിരുന്നു റൊമാനികളുടെ വിധി. ലോക മഹായുദ്ധങ്ങള്‍ പോലുള്ള സംഘര്‍ഷങ്ങള്‍ ഇവരുടെ ദുരിതജീവിതം ഇരട്ടിയാക്കി. രണ്ടാം ലോക മഹായുദ്ധത്തില്‍ നാസികളുടെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളില്‍ മാത്രം രണ്ട് ദശലക്ഷം റൊമാനികള്‍ കശാപ്പു ചെയ്യപ്പെട്ടു.

പാരിസിലെ ചേരിയിലെ റൊമാനികളുടെ ഇന്ത്യന്‍ ദലിത് ബന്ധം

നൂറ്റാണ്ടുകളായി ഇവര്‍ യൂറോപ്പിലാണ് ജീവിക്കുന്നതെങ്കിലും യൂറോപ്യന്‍ രാജ്യങ്ങള്‍ ഇവരുടെ പ്രശ്‌നങ്ങള്‍ക്കു നേരെ ഇപ്പോഴും മുഖം തിരിച്ചു നില്‍ക്കുകയാണ്. സര്‍ക്കാരുകളില്‍ നിന്നും ഔദ്യോഗിക രേഖകളൊന്നും ലഭിക്കാത്തതിനാല്‍ തന്നെ ഇവര്‍ക്ക് സാമ്പ്രദായിക ജോലികള്‍ ലഭിക്കുക എളുപ്പമല്ല. 2012ല്‍ നടത്തിയ ഡിഎന്‍എ പഠനത്തില്‍ റൊമാനി വിഭാഗക്കാര്‍ക്ക് ഇന്ത്യയിലെ ദലിത് വിഭാഗക്കാരുമായി പൂര്‍വിക ബന്ധമുള്ളതായി തെളിഞ്ഞിരുന്നു. യൂറോപ്പിലും ദളിത് ജീവിതം നയിക്കേണ്ടി വരുന്ന ദയനീയ കാഴ്ച്ചയാണ് റൊമാനികള്‍ അവശേഷിപ്പിക്കുന്നത്.