LiveTV

Live

International

റഷ്യയില്‍ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിനെതിരായ പ്രതിഷേധം ശക്തമാകുന്നു

റഷ്യയില്‍ പ്രസിഡന്‍റ് വ്ലാദിമര്‍ പുടിനെതിരായ പ്രതിഷേധം ശക്തമാകുന്നു
Summary
പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയെ പൊലീസ് അറസ്റ്റ് ചെയ്തു

അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പുടിന്‍ രാജിവെക്കണമെന്നാണ് ആവശ്യം. ഇന്നലെ നടന്ന പ്രതിഷേധ റാലിയില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നിയെ പൊലീസ് അറസ്റ്റ് ചെയ്തു. അനുവാദമില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചതിന് നവാല്‍നിക്ക് കോടതി 30 ദിവസത്തെ തടവ് വിധിച്ചു. നവാല്‍നിയെ നേരത്തെയും കോടതി ഇതേ കേസില്‍ ശിക്ഷിച്ചിരുന്നു.

അടുത്തവര്‍ഷം പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് റഷ്യയില്‍ പ്രസിഡന്‍റിനെതിരായും മറ്റും പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധങ്ങളും ശക്തമായികൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ അയ്യായിരത്തോളം ആളുകളാണ് പങ്കെടുത്തത്. നേരത്തെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രതിപക്ഷ നേതാവ് അലക്സി നവാല്‍നി തന്നെയാണ് ഇപ്രാവശ്യവും പ്രതിഷേധപരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.

തികച്ചും സമാധാനപരമായിട്ടായിരുന്നു പ്രതിപക്ഷത്തിന്‍റെ സമരങ്ങള്‍. പ്രസിഡന്‍റ് സ്ഥാനത്തേക്ക് പുടിന്‍ തന്നെ മത്സരിക്കുമെന്ന സൂചനകളും പുറത്ത് വന്നതിനെ തുടര്‍ന്നാണ് പ്രക്ഷോഭങ്ങളും ശക്തിപ്പെട്ടതെന്നാണ് വിലയിരുത്തല്‍. പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്കിയവരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് പിടികൂടിയ നടപടിക്കെതിരെ അമേരിക്കയും അപലപിച്ചിട്ടുണ്ട്.