LiveTV

Live

International

സൈന്യത്തിന്റെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി റോഹിങ്ക്യന്‍ മുസ്‍ലിം സ്ത്രീകള്‍

സൈന്യത്തിന്റെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി റോഹിങ്ക്യന്‍ മുസ്‍ലിം സ്ത്രീകള്‍
Summary
മ്യാന്‍മറിന്റെ വടക്ക് പടിഞ്ഞാറന്‍ ഗ്രാമങ്ങളില്‍ താമസിക്കുന്ന റോഹിങ്ക്യ മുസ്‍ലിം സ്ത്രീകളാണ് സൈന്യത്തിന്റെ ബലാല്‍സംഗത്തിനിരയായത്

മ്യാന്‍മര്‍ സൈന്യത്തിന്റെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി റോഹിങ്ക്യന്‍ മുസ്‍ലിം സ്ത്രീകള്‍. വീടുകളില്‍ നിന്ന് പുരുഷന്‍മാരെ പിടിച്ചു കൊണ്ടുപോയ ശേഷം തോക്കിന്‍ മുനമ്പിലായിരുന്നു സൈന്യം ബലാല്‍സംഗം ചെയ്തത്. വീടുകള്‍ സൈന്യം അഗ്നിക്കിരാക്കിയതായും റോഹിങ്ക്യകള്‍ ആരോപിച്ചു.

മ്യാന്‍മറിന്റെ വടക്ക് പടിഞ്ഞാറന്‍ ഗ്രാമങ്ങളില്‍ താമസിക്കുന്ന റോഹിങ്ക്യ മുസ്‍ലിം സ്ത്രീകളാണ് സൈന്യത്തിന്റെ ബലാല്‍സംഗത്തിനിരയായത്. ഈ മാസം 19 ന് യു ഷേ ക്യാ മേഖലയിലെത്തിയ 150 പേരടങ്ങുന്ന സൈന്യമാണ് പ്രദേശത്ത് അഴിഞ്ഞാടിയത്. ഗ്രാമത്തിലെ എട്ട് സ്ത്രീകളാണ് സൈന്യത്തിനെതിരെ രംഗത്ത് വന്നത്. തോക്കിന്‍ മുനമ്പില്‍ നിര്‍ത്തി നാല് സൈനികര്‍ ചേര്‍ന്നായിരുന്നു ക്രൂരത.

പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികളും ബലാല്‍സംഗത്തിനിരയായവരില്‍ പെടും. വീടുകളില്‍ കയറിയ സൈന്യം കൊള്ളയടിച്ചതായും വിലപിടിപ്പുള്ള വസ്തുക്കളും സ്വര്‍ണവും പണവും കൊണ്ടുപോയതായും അവര്‍ പറഞ്ഞു. രാജ്യത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും സ്ത്രീകള്‍ ആരോപിച്ചു.

എന്നാല്‍ ആരോപണങ്ങള്‍ അതിര്‍ത്തി സൈനിക മേധാവി നിഷേധിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ ദേശ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നുവെന്നാരോപിച്ച് ഒരാഴ്ചയിലധികമായി സൈന്യം റോഹിങ്ക്യകള്‍ക്കെതിരെ ആക്രമണം നടത്തുകയാണ്. രാജ്യത്തെ ന്യൂനപക്ഷമായ റോഹിങ്ക്യകള്‍ കടുത്ത വിവേചനമാണ് നേരിടുന്നത്. ആങ് സൂചി നിയന്ത്രിക്കുന്ന ജനാധിപത്യ സര്‍ക്കാറും റോഹിങ്ക്യകളെ സംരക്ഷിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.