LiveTV

Live

International

ഗസ്സ അതിർത്തിയുടെ നിയന്ത്രണാധികാരം ഫലസ്തീൻ അതോറിറ്റിക്ക്

ഗസ്സ അതിർത്തിയുടെ നിയന്ത്രണാധികാരം ഫലസ്തീൻ അതോറിറ്റിക്ക്
Summary
ഈജിപ്തിലേക്ക് തുറക്കുന്ന കറം അബു സലീം, റഫ, ബെയ്ത്​ഹാനൗൻ എന്നീ അതിർത്തികളാണ്​ വിട്ടുകൊടുത്തത്

ഗസ്സ അതിർത്തിയുടെ നിയന്ത്രണാധികാരം ഹമാസ് ഫലസ്തീൻ അതോറിറ്റിക്ക് കൈമാറി. ഈജിപ്തിലേക്ക് തുറക്കുന്ന കറം അബു സലീം, റഫ, ബെയ്ത്​ഹാനൗൻ എന്നീ അതിർത്തികളാണ്​ വിട്ടുകൊടുത്തത്. ഈജിപ്തിന്റെ മധ്യസ്ഥതയിൽ കെയ്റോയില്‍ നടന്ന ഹമാസ്-ഫതഹ് അനുരഞ്ജന ചര്‍ച്ചയുടെ ഭാഗമായാണ് നീക്കം.

കെയ്റോയിൽ നടന്ന അനുരഞ്​ജന ചർച്ചയില്‍ രൂപപ്പെട്ട ധാരണയുടെ അടിസ്ഥാനത്തിലാണ് തന്ത്രപ്രധാന അതിർത്തികളുടെ നിയന്ത്രണാധികാരംഫലസ്തീന്‍ അതോറിറ്റിക്ക് കൈമാറാന്‍ ഹമാസ് തയ്യാറായത്. ഈജിപ്തിന്റെ മധ്യസ്ഥതയിൽ ഒക്ടോബർ 12നായിരുന്നു അനുരഞ്​ജന ചർച്ച. ചർച്ചയിൽ ഒരു പതിറ്റാണ്ടോളം നീണ്ട ഭിന്നതകൾ മാറ്റിവെച്ച്​ ഒന്നിച്ചുപ്രവർത്തിക്കാൻ ഹമാസും ഫതഹും തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ്​ ചരിത്രപരം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇപ്പോഴത്തെ നടപടി. ഈജിപ്തിലേക്ക്​ തുറക്കുന്ന കറം അബു സലീം, റഫ, ബെയ്​ത്​ ഹാനൗൻ എന്നീ അതിർത്തികളാണ്​ ഫലസ്തീൻ അതോറിറ്റിക്ക് കൈമാറിയത്. ചരക്കുകടത്തിനുള്ള കാർനി, കറം, ഷാലോം എന്നീ​ അതിർത്തി പോയന്റുകളും ഫലസ്​തീൻ അതോറിറ്റിയുടെ ​കയ്യിലാവും. ദക്ഷിണ ഗസ്സ മുനമ്പിലെ അതീവ പ്രധാന്യമുള്ള അതിർത്തിയാണ്​ റഫ. ഹമാസ്​ അധികാരത്തിലെത്തിയതു മുതല്‍ ഇസ്രായേല്‍ ഉരോധം കടുപ്പിച്ചതിനാല്‍ കടുത്ത ദുരിതത്തിലായിരുന്നു ഗസ്സ. അനുരഞ്ജന ശ്രമങ്ങള്‍ പൂര്‍ണതയിലെത്തുന്നതോടെ ഇത് വലിയ അളവോളം കുറക്കാനാകുമെന്നാണ് ഹമാസിന്റെ കണക്കുകൂട്ടല്‍. 2007ൽ ഫലസ്തീൻ അതോറിറ്റിയുടെ നിയന്ത്രണത്തിലായിരുന്നപ്പോഴുള്ള സ്ഥിതിയിലേക്ക്​ ഈ അതിർത്തികൾ ഉടന്‍ മടങ്ങിയെത്തുമെന്നും ഇതോടെ ഗസ്സയിലെ ഫലസ്തീനികളുടെ ദുരിതങ്ങൾ കുറയുമെന്നും ഫതഹ് വക്താവ്​ പ്രതികരിച്ചു.