LiveTV

Live

International

ബ്രിട്ടീഷ് പാര്‍ലമെന്റ് ജീവനക്കാരില്‍ അഞ്ചിലൊരാള്‍ ലൈംഗിക പീഡനത്തിന്റെ ഇര 

ബ്രിട്ടീഷ് പാര്‍ലമെന്റ് ജീവനക്കാരില്‍ അഞ്ചിലൊരാള്‍ ലൈംഗിക പീഡനത്തിന്റെ ഇര 
Summary
ബ്രിട്ടീഷ് പാര്‍ലമെന്റിലെ ജീവനക്കാര്‍ക്കും അംഗങ്ങള്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തില്‍ രൂപീകരിച്ച സര്‍വകക്ഷി സംഘത്തിന് മുമ്പാകെയാണ് പരാതികള്‍ കുമിഞ്ഞുകൂടിയത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിലെ ജീവനക്കാരില്‍ അഞ്ചിലൊരാള്‍ ലൈംഗിക അതിക്രമത്തിനിരയായെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടീഷ് പാര്‍ലമെന്റ് മുമ്പാകെ എംപിമാരുടെ സര്‍വകക്ഷി സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം. ഇരകള്‍ പരാതിപ്പെടുന്ന രീതിയിലും കുറ്റം തെളിയുന്നവര്‍ക്ക് നല്‍കുന്ന ശിക്ഷയിലും കാതലായ മാറ്റങ്ങള്‍ വേണമെന്ന് നിര്‍ദ്ദേശവും റിപ്പോര്‍ട്ട് മുന്നോട്ടുവെക്കുന്നുണ്ട്.

ഹോളിവുഡിനെ പിടിച്ചുകുലുക്കിയ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റൈനെതിരായ പ്രസിദ്ധരായ നടികളുടെ വെളിപ്പെടുത്തലിന്റെ ചുവടുപിടിച്ചാണ് യുകെ പാര്‍ലമെന്റിനെതിരെയും ഗുരുതരമായ ആരോപണങ്ങളുയരുന്നത്. ഹാര്‍വി വെയ്ന്‍സ്റ്റൈനെതിരെ മുപ്പതോളം പേര്‍ പരസ്യമായി ലൈംഗിക പരാതി ഉന്നയിച്ചിരുന്നു. ഇത് സോഷ്യല്‍മീഡിയയില്‍ മി ടൂ ക്യാമ്പയിനും കാരണമായി. ഇത്തവണത്തെ ഓസ്‌കര്‍ വേദിയില്‍ പോലും നിര്‍ണ്ണായകമായ സ്വാധീനമാണ് മി ടൂ കാമ്പയിന്‍ ചെലുത്തിയത്.

ബ്രിട്ടീഷ് പാര്‍ലമെന്റിലെ ജീവനക്കാര്‍ക്കും അംഗങ്ങള്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തില്‍ രൂപീകരിച്ച സര്‍വകക്ഷി സംഘത്തിന് മുമ്പാകെയാണ് പരാതികള്‍ കുമിഞ്ഞുകൂടിയത്. യുകെ പാര്‍ലമെന്റില്‍ പുതിയ പെരുമാറ്റച്ചട്ടം വേണമെന്നും ലൈംഗിക പീഡന പരാതികള്‍ രഹസ്യമായി നല്‍കാന്‍ സാധിക്കണമെന്നും നിഷ്പക്ഷ അന്വേഷണം ഉറപ്പുവരുത്തണമെന്നും സര്‍വകക്ഷി സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നുണ്ട്.

സര്‍വകക്ഷി സംഘത്തിന് ആകെ 1377 പേരുടെ പരാതികളാണ് ലഭിച്ചത്. യുകെ പാര്‍ലമെന്റിലെ ജീവനക്കാരില്‍ അഞ്ചിലൊരാള്‍ക്ക് ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ട പരാതിയുണ്ടെന്ന ഞെട്ടിക്കുന്ന കണ്ടെത്തലിലാണ് ഒടുവില്‍ ഈ ഉന്നതസംഘം എത്തിച്ചേര്‍ന്നത്. ലൈംഗിക അതിക്രമ പരാതി നല്‍കിയ പുരുഷന്മാരുടെ ഇരട്ടി വരും സ്ത്രീകളുടെ പരാതികള്‍.

''ഇത് ബ്രിട്ടീഷ് പാര്‍ലമെന്റിനും നമ്മുടെ രാഷ്ട്രീയത്തിനും നിര്‍ണ്ണായക ദിവസമാണ്. നമ്മുടെ പാര്‍ലമെന്റിന്റെ രീതികളില്‍ ആവശ്യമായ മാറ്റം വരുത്താന്‍ സമയമായിരിക്കുന്നു. പരാതികളിലുള്ള ഭാവിനടപടികളിലും ജീവനക്കാരുടെ പൂര്‍ണ്ണമായ സഹകരണം ഉറപ്പുവരുത്തും' റിപ്പോര്‍ട്ട് സമര്‍പ്പിച്ച സര്‍വകക്ഷി സംഘത്തിലെ അധ്യക്ഷയായ എംപി ആന്‍ഡ്രിയ ലീഡ്‌സോം പറയുന്നു.