LiveTV

Live

International

കെനിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം കോടതി അസാധുവാക്കി

കെനിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം കോടതി അസാധുവാക്കി
Summary
തെരഞ്ഞെടുപ്പില്‍ ഇലക്ടറല്‍ ബോര്‍ഡ് കൃത്രിമത്വം കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി

കെനിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം സുപ്രീം കോടതി അസാധുവാക്കി. തെരഞ്ഞെടുപ്പില്‍ ഇലക്ടറല്‍ ബോര്‍ഡ് കൃത്രിമത്വം കാണിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. രണ്ട് മാസത്തിനകം വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

കെനിയന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം കോടതി അസാധുവാക്കി

ആഗസ്ത് 8ന് കെനിയയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പാണ് കോടതി അസാധുവായി പ്രഖ്യാപിച്ചത്. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളും കൃത്രിമത്വവും ഇലക്ടറല്‍ ബോര്‍ഡില്‍ നിന്നുണ്ടായതായി കോടതി ചൂണ്ടിക്കാട്ടി. ജനാധിപത്യ വ്യവസ്ഥയുടെ വിശ്വാസ്യത ഇല്ലാതാക്കുന്ന നടപടിയാണ് ഉണ്ടായത്. ഭരണഘടന ചട്ടങ്ങള്‍ക്ക് അനുസരിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെടുത്തിയെന്നും കോടതി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിലൂടെ ഉഹ്റു കെനിയാത്ത നേടിയ വിജയത്തിന് കോടതി വിധിയോടെ നിയമസാധുത നഷ്ടപ്പെടും. കോടതിയുടെ തീരുമാനം രാഷ്ട്രീയപ്രേരിതമാണെന്ന് ഉഹ്റു കെനിയാത്ത പ്രതികരിച്ചു.

ഇ വോട്ടിങില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് റെയ്‌ല ഒഡിംഗയാണ് തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ കോടതിയെ സമീപിച്ചത്.
ജനങ്ങളുടെ വിജയമാണ് കോടതി വിധിയിലൂടെ ഉണ്ടായിരിക്കുന്നതെന്ന് ഒഡിംഗ പ്രതികരിച്ചു. ഇലക്ടറല്‍ ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെ ക്രിമിനല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഒഡിംഗ വ്യക്തമാക്കി. ഹാക്കിങിനായുള്ള ശ്രമങ്ങള്‍ നടന്നിരുന്നുവെന്നും എന്നാല്‍ അത് പരാജയപ്പെടുത്തിയെന്നും ഇലക്ടറല്‍ കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കോടതി വിധിയെ തുടര്‍ന്ന് രാജ്യത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കെനിയയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രസിഡന്റ് തെരഞ്ഞെടുപ്പ് കോടതി അസാധുവായി പ്രഖ്യാപിക്കുന്നത്.