LiveTV

Live

International

അമേരിക്ക- റഷ്യ ബന്ധം കൂടുതല്‍ വഷളാകുന്നു

അമേരിക്ക- റഷ്യ ബന്ധം കൂടുതല്‍ വഷളാകുന്നു
Summary
അമേരിക്കയുടെ തീരുമാനത്തില്‍ റഷ്യ ആശങ്ക അറിയിച്ചു

അമേരിക്ക- റഷ്യ ബന്ധം കൂടുതല്‍ വഷളാകുന്നു. സാന്‍ഫ്രാന്‍സിസ്കോയിലെ റഷ്യന്‍ കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ അമേരിക്ക ഉത്തരവിട്ടതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ ശക്തമാകുമെന്നാണ് സൂചന. അമേരിക്കയുടെ തീരുമാനത്തില്‍ റഷ്യ ആശങ്ക അറിയിച്ചു.

റഷ്യയിലെ യുഎസ് മിഷന്റെ അംഗസംഖ്യ പരിമിതപ്പെടുത്തണമെന്ന ആവശ്യത്തിന് മറുപടിയായാണ് അമേരിക്കയുടെ പുതിയ തീരുമാനമെന്നാണ് സൂചന. വാഷിങ്ടണിലെയും ന്യൂയോര്‍ക്കിലെയും നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം കുറക്കാനും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ആവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ഇവിടങ്ങളിലുള്ള റഷ്യയുടെ ‌കോണ്‍സുലാര്‍ ഓഫീസുകള്‍ ശനിയാഴ്ചയോടെ അടക്കും. കോണ്‍സുലേറ്റ് അടക്കാന്‍ മാത്രമാണ് നിലവിലെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഉത്തരവ് . ഉദ്യോഗസ്ഥര്‍ക്ക് അമേരിക്കയില്‍ തുടരാം.

അമേരിക്ക- റഷ്യ ബന്ധം കൂടുതല്‍ വഷളാകുന്നു

എന്നാല്‍ റഷ്യയില്‍ നിന്ന് പുറത്താക്കപ്പെട്ട യുഎസ് ഉദ്യോഗസ്ഥര്‍ ഇന്ന് രാജ്യം വിടണം. പുതിയ തീരുമാനത്തിന്റെ വിശദാംശങ്ങള്‍ പഠിച്ച ശേഷം പ്രതികരിക്കാമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്റോവ് യുഎസ് വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലെര്‍സണുമായി ഫോണില്‍ ആശയവിനിമയം നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതില്‍ ലവ്റോവ് ആശങ്ക അറിയിച്ചെന്നാണ് സൂചന. ഈ മാസം ഇരുവരും നടത്തുന്ന കൂടിക്കാഴ്ചയില്‍ വിഷയം ചര്‍ച്ചയാകും. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആഗ്രഹമുണ്ടെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനാണ് ആഗ്രഹിക്കുന്നതെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റും വ്യക്തമാക്കി. സാന്‍ഫ്രാന്‍സിസ്കോയ്ക്ക് പുറമെ ന്യൂയോര്‍ക്കിലും, സീറ്റിലും ഹൂസ്റ്റണിലുമാണ് റഷ്യന്‍ കോണ്‍സുലേറ്റുകളുള്ളത്.

വിസ സേവനങ്ങള്‍ നിയന്ത്രിക്കാനുള്ള അമേരിക്കയുടെ തീരുമാനവും റഷ്യന്‍ വ്യവസായികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. രാജ്യത്തുള്ള അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം 455 ആയി കുറക്കാന്‍ കഴിഞ്ഞ മാസം റഷ്യ ആവശ്യപ്പെട്ടിരുന്നു. റഷ്യക്കെതിരായി അമേരിക്കന്‍ കോണ്‍ഗ്രസ് പുതിയ ഉപരോധം പാസാക്കിയതിന് പിന്നാലെയായിരുന്നു തീരുമാനം.