LiveTV

Live

International

അങ്കോളയെ ഇനി ജോഓ ലോറെന്‍കോ നയിക്കും

അങ്കോളയെ ഇനി ജോഓ ലോറെന്‍കോ നയിക്കും
Summary
ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ ഭരണകക്ഷി സ്ഥാനാര്‍ഥിയായ ജോഓ ലോറെന്‍കോ 61 ശതമാനം വോട്ട് നേടി.

തെക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രമായ അങ്കോളയെ ഇനി ജോഓ ലോറെന്‍കോ നയിക്കും. 38 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അങ്കോളയെ പുതിയ ഭരണാധികാരിയെ നയിക്കുന്നത്. ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ ഭരണകക്ഷി സ്ഥാനാര്‍ഥിയായ ജോഓ ലോറെന്‍കോ 61 ശതമാനം വോട്ട് നേടി.

അങ്കോളയെ ഇനി ജോഓ ലോറെന്‍കോ നയിക്കും

അങ്കോളയുടെ പ്രതിരോധ മന്ത്രിയായിരുന്നു ജോഓ ലോറെന്‍കോ. 38 വര്‍ഷമായി രാഷ്ട്രം ഭരിക്കുന്ന ജോസ് എഡ്വേര്‍ഡ് ഡോസ് സാന്റോസ് സ്വയം സ്ഥാനമൊഴിഞ്ഞതോടെയാണ് ജോഓ ലോറെന്‍കോക്ക് അവസരം വന്നത്. കഴിഞ്ഞ ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ഭരണ കക്ഷിയായ പീപ്പിള്‍സ് മൂവ്‍മെന്‍റ് ഫോര്‍ ലിബറേഷന്‍ ഓഫ് അങ്കോള അഥവാ എംപിഎല്‍എ 61.1 ശതമാനം വോട്ട് നേടിയാണ് അധികാരത്തിലെത്തിയത്. പ്രതിപക്ഷ പാര്‍ട്ടിയായ യുഎന്‍ഐടിഎ ക്ക് 26.7 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. എന്നാല്‍ 32 സീറ്റ് 51 ആയി ഉയര്‍ത്താന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞു.

ഒന്‍പത് ദശലക്ഷം വോട്ടര്‍മാരുള്ള അങ്കോളയില്‍ 77 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ആഗോള വിപണിയിലുണ്ടായ എണ്ണവിലത്തകര്‍ച്ച അങ്കോളയുടെ സാമ്പത്തിക വ്യവസ്ഥയെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇത് എങ്ങനെ മറികടക്കും എന്നതാണ് ലോറോന്‍കോയുടെ മുന്നിലുള്ള വെല്ലുവിളി. സാമ്പത്തിക നില ഭദ്രമാക്കുമെന്ന് പറഞ്ഞ ലോറെന്‍കോ ലോക ബാങ്കുമായും അന്താരാഷ്ട്ര നാണയ നിധിയുമായും കരാറുകളില്‍ ഏര്‍പ്പെടുന്നതായുള്ള വാര്‍ത്തകളെ തള്ളിയില്ല. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏഴാമത്തെ വലിയ രാഷ്ട്രമായ അങ്കോള 1975 ലാണ് പോര്‍ച്ചുഗലില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. അന്ന് മുതല്‍ അങ്കോള ഭരിക്കുന്നത് പീപ്പിള്‍സ് മൂവ്മെന്‍റ് ഫോര്‍ ലിബറേഷന്‍ ഓഫ് അങ്കോള എന്ന പാര്‍ട്ടിയാണ്. എംപിഎല്‍എ യുടെ പ്രതിനിധിയായി 1979 ല്‍ രംഗത്തുവന്ന ജോസ് എഡ്വാര്‍ഡോ ഡോസ് സാന്‍റോസ് ആണ് ഇപ്പോഴത്തെ ഭരണാധികാരി.