LiveTV

Live

International

ഇറാനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ വിജയിക്കില്ലെന്ന് ഹസ്സന്‍ റൂഹാനി

ഇറാനെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ വിജയിക്കില്ലെന്ന്  ഹസ്സന്‍ റൂഹാനി
Summary
രാജ്യത്തെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ തന്റെ പോരാട്ടം തുടരും

ഇറാനെ രാജ്യാന്തര തലത്തില്‍ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ വിജയിക്കില്ലെന്ന് പ്രസിഡന്റ് ഹസ്സന്‍ റൂഹാനി. അമേരിക്കയുടെ ഉപരോധം ആണവ കരാറിന്റെ ലംഘനമാണെന്നും ഇതിന് കൃത്യമായ മറുപടി അമേരിക്കക്ക് നല്‍കുമെന്നും ഇറാന്‍ ഉപ വിദേശകാര്യ മന്ത്രി അറിയിച്ചു.

രണ്ടാം തവണ ഇറാന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഹസ്സന്‍ റൂഹാനിയുടെ പ്രസിഡന്റ് പദവി ഔദ്യോഗികമായി അംഗീകരിക്കുന്ന ചടങ്ങിലായിരുന്നു അമേരിക്കക്കെതിരായ വിമര്‍ശം. ഇറാനെതിരെ ഉപരോധം ഏര്‍പ്പെടുത്തുന്ന ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചതിന് പിന്നാലെയായിരുന്നു പരാമര്‍ശങ്ങള്‍. രാജ്യത്തെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ തന്റെ പോരാട്ടം തുടരുമെന്ന് റൂഹാനി പറഞ്ഞു.

അന്താരാഷ്ട്ര തലത്തില്‍ ഇറാന്‍ നല്‍കിയ ശുഭ സൂചനയായിരുന്നു ആണവ കരാറെന്നും വെല്ലുവിളികള് ഏറ്റെടുക്കാന്‍ യോജിപ്പോടെയും സഹകരണത്തോടെയും രാജ്യം ഒറ്റക്കെട്ടായി മുന്നോട്ട് പോകണമെന്നും റൂഹാനി അഭ്യര്‍ഥിച്ചു. അമേരിക്കന്‍ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന ആണവ കരാര്‍ അമേരിക്ക തന്നെ ലംഘിക്കുകയാണെന്ന് ഇറാന്‍ ഉപ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി ആരോപിച്ചു. ഇതിന് കൃത്യമായ തിരിച്ചടി ഇറാന്‍ നല്കുമെന്നും അദ്ദേഹം അറിയിച്ചു.

റഷ്യക്കും ഉത്തരകൊറിയക്കും ഒപ്പമാണ് ഇറാനെതിരായ ഉപരോധവും അമേരിക്കന്‍ കോണ്‍ഗ്രസ് പാസ്സാക്കിയത്. ഉപരോധത്തില്‍ പ്രതിഷേധിച്ച് റഷ്യ 755 യുഎസ് ഉദ്യോഗസ്ഥരെ തിരിച്ചയച്ചിരുന്നു. അമേരിക്കയുമായി നേരിട്ട് നയതന്ത്ര ബന്ധങ്ങളോ വ്യാപാര കരാറുകളോ ഇല്ലെന്നിരിക്കെ റഷ്യയെ പോലെ പെട്ടെന്നുള്ള മറുപടി ഇറാന് സാധ്യമാകില്ലെന്നാണ് വിലയിരുത്തല്‍. ശനിയാഴ്ചയാണ് റൂഹാനിയുടെ സ്ഥാനാരോഹണ ചടങ്ങ്. മെയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 57 ശതമാനം വോട്ട് നേടിയാണ് റൂഹാനി രണ്ടാമതും പ്രസിഡന്റ് സ്ഥാനത്തെത്തിയത്. തെഹ്റാനില്‍ നടന്ന ചടങ്ങില്‍ ആത്മീയയ നേതാവ് ആയത്തുള്ള അലി ഖാംനഇയാണ് റൂഹാനിയുടെ ജയം അംഗീകരിച്ചതായി പ്രഖ്യാപിച്ചത്.