LiveTV

Live

International

അഫ്ഗാനില്‍ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം ഉയരുന്നത് ആശങ്കാജനകമെന്ന് ഐക്യരാഷ്ട്രസഭ

അഫ്ഗാനില്‍ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം ഉയരുന്നത് ആശങ്കാജനകമെന്ന് ഐക്യരാഷ്ട്രസഭ
Summary
ചാവേര്‍ ബോംബ് സ്ഫോടനങ്ങളിലും ആക്രമണങ്ങളിലും കൊല്ലപ്പെടുന്നവരുടെ എണ്ണം ഈ വര്‍ഷം 15 ശതമാനം വര്‍ധിച്ചതായാണ് കണക്ക്

അഫ്ഗാനില്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം ഉയരുന്നത് ആശങ്കാജനകമെന്ന് ഐക്യരാഷ്ട്രസഭ. ഈ വര്‍ഷം ഇതുവരെ 1,662 പേര്‍ കൊല്ലപ്പെടുകയും 3,500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണത്തില്‍ 15 ശതമാനം വര്‍ധവുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. ഐക്യരാഷ്ട്രസഭയുടെ ഭാഗമായ യു.എന്‍ അസിസ്റ്റന്‍സ് മിഷന്‍ ഇന്‍ അഫ്ഗാനിസ്ഥാന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് മരണ നിരക്കിനെകുറിച്ച് ആശങ്ക രേഖപ്പെടുത്തുന്നത്.

ചാവേര്‍ ബോംബ് സ്ഫോടനങ്ങളിലും ആക്രമണങ്ങളിലും കൊല്ലപ്പെടുന്നവരുടെ എണ്ണം ഈ വര്‍ഷം 15 ശതമാനം വര്‍ധിച്ചതായാണ് കണക്ക്. ഇതില്‍ 20 ശതമാനവും കാബൂളിലാണ്. താലിബാനും ഐഎസും സര്‍ക്കാര്‍ സംവിധാനങ്ങളെയും സൈന്യത്തെയും ലക്ഷ്യമിട്ട് നടത്തിയ ആക്രമണങ്ങളാണ് ഇതില്‍ ഭൂരിഭാഗവും. ഈ വര്‍ഷം ഇതുവരെ ജീവന്‍ നഷ്ടമായവരില്‍436 കുട്ടികളും 174 സ്ത്രീകളും ഉള്‍പ്പെടും.

വ്യോമാക്രമണങ്ങളില്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തവര്‍ 43 ശതമാനമാണ്. ഓരോ മരണവും സൃഷ്ടിക്കുന്നത് അരക്ഷിതരായ ഒരു കുടുംബത്തെയാണെന്നും കടുത്ത മനുഷ്യാവകാശ ലംഘനമാണ് അഫ്ഗാനില്‍ നടക്കുന്നതെന്നും മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള യുഎന്‍ ഹൈക്കമ്മീഷണര്‍ സെയ്ദ് റഅദ് അല്‍ ഹുസൈന്‍ പറഞ്ഞു. 2009 ന് ശേഷം സായുധ സംഘര്‍ഷങ്ങളില്‍ 26,500 പേര്‍ കൊല്ലപ്പെടുകയും 49,000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.

അഫ്ഗാന്റെ 34 പ്രവിശ്യകളിലും മരണ നിരക്ക് ഉയര്‍ന്നു തന്നെ നില്‍ക്കുകയാണെന്ന് യുഎന്‍ അസിസ്റ്റന്‍സ് മിഷന്‍ ഇന്‍ അഫ്ഗാനിസ്ഥാന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 ല്‍ അഫ്ഗാന്‍ സര്‍ക്കാറിന്റെ ആവശ്യം പ്രകാരമാണ് ഐക്യ രാഷ്ട്രസഭ പ്രതിനിധി സംഘത്തെ നിയോഗിച്ചത്. യുദ്ധം തകര്‍ത്ത രാഷ്ട്രങ്ങളില്‍ കൊല്ലപ്പെടുന്ന ജനങ്ങളെ കുറിച്ച് വിവരം ശേഖരിക്കുകയാണ് ഈ സംഘത്തിന്റെ ഉദ്ദേശ്യം.