LiveTV

Live

International

ബ്രിട്ടനിലെ ഫലസ്തീന്‍ അനുകൂല ഗ്രൂപ്പിനെ ഭീകരതാ പട്ടികയില്‍ നിന്നു നീക്കി

ബ്രിട്ടനിലെ ഫലസ്തീന്‍ അനുകൂല ഗ്രൂപ്പിനെ ഭീകരതാ പട്ടികയില്‍ നിന്നു നീക്കി
Summary
2015-ല്‍ ചുമത്തപ്പെട്ട ഭീകരതാ വിശേഷണം നീങ്ങിയതോടെ സംഘടനയുടെ മരവിപ്പിച്ചിരുന്ന ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു നല്‍കും.

ബ്രിട്ടനിലെ ഏറ്റവും വലിയ ഫലസ്തീന്‍ അനുകൂല ഗ്രൂപ്പിനെ നിയമ പോരാട്ടത്തിനൊടുവില്‍ ഭീകരതാ പട്ടികയില്‍ നിന്നു നീക്കി. ഫലസ്തീന്‍ സോളിഡാരിറ്റി കാംപെയ്ന്‍ എന്ന സംഘടനക്കാണ് നിയമപോരാട്ട വിജയം. 2015-ല്‍ ചുമത്തപ്പെട്ട ഭീകരതാ വിശേഷണം നീങ്ങിയതോടെ സംഘടനയുടെ മരവിപ്പിച്ചിരുന്ന ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു നല്‍കും. ബ്രിട്ടനിലെ സര്‍ക്കാര്‍ ഇതര ഭീകരതാ നിരീക്ഷണ സംവിധാനമായ വേള്‍ഡ് ചെക്ക് ഡേറ്റാബേസിലാണ്, ഭീകര സംഘടന എന്ന പേരില്‍ പി.എസ്.സി അഥവാ ഫലസ്തീന്‍ സോളിഡാരിറ്റി കാന്പയിനെ പെടുത്തിയിരുന്നത്.

വേള്‍ഡ് ചെക്ക് ഡേറ്റാബേസിന്റെ നിരീക്ഷണം അടിസ്ഥാനമാക്കിയാണ് ആഗോള സാമ്പത്തിക സംവിധാനങ്ങള്‍ ഇടപാടുകള്‍ നിശ്ചയിക്കുന്നത്. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ സംഘടനയുടെയും ചെയര്‍മാന്‍ ഹഫ് ലാന്നിങിന്റെയും സാമ്പത്തിക ഇടപാടുകള്‍ ഇതോടെ മരവിപ്പിച്ചിരുന്നു. സമാധാനപരമായി പ്രവര്‍ത്തിക്കുന്ന പി.എസ്.സിക്കെതിരായ നീക്കത്തിനെതിരെ ബ്രിട്ടനിലും പുറത്തും ശക്തമായ എതിര്‍പ്പുകളാണ് നേരിടേണ്ടി വന്നത്. പി.എസ്.സിയുടെ ഭീകരതാ ബന്ധത്തിന് തെളിവുകളൊന്നും ഹാജരാക്കാന്‍ വേള്‍ഡ് ചെക്കിന് കഴിഞ്ഞില്ല.

ഇതേതുടര്‍ന്ന് വേള്‍ഡ് ചെക്ക് അധികൃതര്‍ മാപ്പു പറഞ്ഞതായും ഭാവിയില്‍ ഭീകരതാ പട്ടികയില്‍ സംഘടനയെ ഉള്‍പ്പെടുത്തില്ലെന്ന് ഉറപ്പു നല്‍കിയതായും പി.എസ്.സിയുടെ അഭിഭാഷകര്‍ വ്യക്തമാക്കി. ഇന്ത്യന്‍ വംശജനായ രവി നായിക് ആണ് പി.എസ്.സിക്ക് വേണ്ടി ഹാജരായത്. ദുഷ്പ്രചരണത്തിനു പിന്നില്‍ ഇസ്രാഈല്‍ ആണെന്നും ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇക്കാര്യം ശ്രദ്ധിക്കണമെന്നും പിഎസ് സി അറിയിച്ചു.