LiveTV

Live

International

ഉച്ചഭാഷിണികളില്‍ കൂടിയുള്ള ബാങ്ക് വിളി നിര്‍ത്തലാക്കാന്‍ ഇസ്രയേല്‍ നീക്കം

ഉച്ചഭാഷിണികളില്‍ കൂടിയുള്ള ബാങ്ക് വിളി നിര്‍ത്തലാക്കാന്‍ ഇസ്രയേല്‍ നീക്കം
Summary
പള്ളികളുടെ സമീപത്ത് താമസിക്കുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ബില്‍ പാസാക്കുന്നതെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം

ഉച്ചഭാഷിണികളില്‍ കൂടിയുള്ള ബാങ്ക് വിളി നിര്‍ത്തലാക്കാന്‍ ഇസ്രയേല്‍ നീക്കം. ഇതിനായുള്ള നിയമനിര്‍മാണത്തിന് ഇസ്രയേല്‍ പാര്‍ലമെന്‍റ് പ്രാഥമിക അനുമതി നല്‍കി. നിയമനിര്‍മാണത്തിലൂടെ സര്‍ക്കാര്‍ മുസ്‌ലിങ്ങളുടെ മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ബലി കഴിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

പള്ളികളുടെ സമീപത്ത് താമസിക്കുന്നവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് ബില്‍ പാസാക്കുന്നതെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. രാത്രി 11 മുതല്‍ രാവിലെ ഏഴ് വരെ ബാങ്ക് വിളിക്കാന്‍ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്നതാണ് ബില്ലിലെ പ്രധാന ആവശ്യം. ജനവാസ കേന്ദ്രങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നവരില്‍ നിന്ന് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ പിഴ ഈടാക്കണമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു. പുലര്‍ച്ചെയുള്ള ബാങ്ക് വിളി പള്ളികള്‍ക്ക് സമീപത്ത് താമസിക്കുന്നവരുടെ ഉറക്കത്തെ തടസപ്പെടുത്തുകയാണെന്നും ബില്ലിനെ അനുകൂലിക്കുന്നവര്‍ പറയുന്നു.

എന്നാല്‍ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ 20ശതമാനം മാത്രമുള്ള മുസ്‌ലിങ്ങളോട് വിവേചനം കാണിക്കാനും അടിച്ചമര്‍ത്താനാണ് ബില്ലിലൂടെ വലതുപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. പാര്‍ലമെന്‍റിന്‍റെ പ്രാഥമികാനുമതി നേടിയ ബില്‍ കൂടുതല്‍ പരിശോധനകള്‍ക്കായി പ്രത്യേക സമിതിയുടെ പരിഗണനക്ക് വിട്ടു. ഇതിന് ശേഷമാകും അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുക. ബില്‍ നിയമമായാല്‍ കിഴക്കന്‍ ജറുസലേമും നിരോധത്തിന്‍റെ പരിധിയില്‍ വരും. മുസ്ലിംകളുടെ മൂന്നാമത്തെ പുണ്യ സ്ഥലമായ അല്‍ അഖ്‌സ പള്ളി നിരോധത്തിന്‍റെ പരിധിയില്‍ വരില്ല.