LiveTV

Live

International

ടൈം വാര്‍ണറെ വിഴുങ്ങാന്‍ ടെലികോം ഭീമന്‍മാരായ എടി ആന്‍ഡ് ടി

ടൈം വാര്‍ണറെ വിഴുങ്ങാന്‍ ടെലികോം ഭീമന്‍മാരായ എടി ആന്‍ഡ് ടി
Summary
8600 കോടി ഡോളറിനാണ് ടൈം വാര്‍ണറിനെ വാങ്ങുന്നതെന്ന് എ.ടി ആന്‍ഡ് ടി പ്രഖ്യാപിച്ചു. ഈ വര്‍ഷം ലോകം കണ്ട ഏറ്റവും വലിയ ഇടപാടാണ് ഇതിലൂടെ നടക്കാന്‍ പോവുന്നത്. എന്നാല്‍ കച്ചവടത്തിനുള്ള ഔദ്യോഗിക അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.

യുഎസിലെ ടെലികോം ഭീമന്‍മാരായ എ.ടി ആന്‍ഡ് ടി വിനോദ രംഗത്തെ പ്രമുഖരായ ടൈം വാര്‍ണറിനെ സ്വന്തമാക്കും. 8600 കോടി ഡോളറിനാണ് ടൈം വാര്‍ണറിനെ വാങ്ങുന്നതെന്ന് എ.ടി ആന്‍ഡ് ടി പ്രഖ്യാപിച്ചു. ഈ വര്‍ഷം ലോകം കണ്ട ഏറ്റവും വലിയ ഇടപാടാണ് ഇതിലൂടെ നടക്കാന്‍ പോവുന്നത്. എന്നാല്‍ കച്ചവടത്തിനുള്ള ഔദ്യോഗിക അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.

ഉള്ളടക്കവും വിതരണവും ഏകോപിപ്പിക്കുന്നതിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനാവുമെന്ന പ്രതീക്ഷയിലാണ് എ.ടി ആന്‍ഡ് ടി. ഇതിന്റെ ഭാഗമായാണ് അമേരിക്കയിലെ രണ്ടാമത്തെ വലിയ കേബിള്‍ ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ ടൈം വാര്‍ണറിനെ സ്വന്തമാക്കുന്നത്. ഇടപാട് പൂര്‍ത്തിയാകുന്നതോടെ ടി.വി. ചാനലുകളായ എച്ച്.ബി.ഒ., സി.എന്‍.എന്‍, വാര്‍ണര്‍ ബ്രോസ് ഫിലിം സ്റ്റുഡിയോ എന്നിവയുടെ നിയന്ത്രണം എ.ടി. ആന്‍ഡ് ടിക്കായിരിക്കും. യുഎസിലെ മൂന്നാമത്തെ കേബിള്‍ വിതരണ ശൃംഖല ഇപ്പോള്‍ എ.ടി ആന്‍ഡ് ടിയുടേതാണ്. 23800 കോടി ഡോളറിന്റെ വിപണിമൂല്യവും കമ്പനിക്കുണ്ട്. ടെലികമ്യൂണിക്കേഷന്‍ മേഖലയിലെ ഏറ്റവും വലിയ ഇടപാടാണ് നടക്കാന്‍ പോവുന്നതെന്ന് വിദഗ്ധര്‍ നിരീക്ഷിക്കുന്നു.
ടെലികോം മേഖലയിലെ അപ്രമാദിത്തമുള്ള എ.ടി ആന്‍ഡ് ടി മാധ്യമരംഗത്തും പിടിമുറുക്കുന്നതിനോട് സമ്മിശ്ര പ്രതികരണമാണ് ഉണ്ടാവുന്നത്. കമ്പനികളുടെ ഏകോപനത്തിലൂടെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനാവുമെന്ന് എ.ടി ആന്‍ഡ് ടി സിഇഒ റാന്‍ഡല്‍ സ്റ്റീഫന്‍സന്‍ പറഞ്ഞു. എന്നാല്‍ മാധ്യമരംഗത്തെ കുത്തകവല്‍കരണത്തെ ശക്തമാക്കുന്ന നീക്കമാണ് നടക്കുന്നതെന്ന വിമര്‍ശവും ഉയരുന്നുണ്ട്. താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇടപാട് നടത്താന്‍ അനുവദിക്കില്ലെന്ന് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. കൈമാറ്റത്തിന് ഔദ്യോഗികമായ തടസ്സങ്ങളുണ്ടെന്ന വാര്‍ത്തയെ റാന്‍ഡല്‍ സ്റ്റീഫന്‍സന്‍ തള്ളിക്കളഞ്ഞു. അടുത്ത വര്‍ഷം അവസാനത്തോടെ ഇടപാട് പൂര്‍ത്തിയാക്കാനാവുമെന്ന പ്രതീക്ഷയിലാണ് എടി ആന്‍ഡ് ടി.