കൊറിയന്‍ ഉപദ്വീപ് പ്രശ്നം പരിഹരിക്കാന്‍ ദക്ഷിണകൊറിയയും ചൈനയും

കൊറിയന്‍ ഉപദ്വീപ് പ്രശ്നം രമ്യമായി പരിഹരിക്കാന്‍ ദക്ഷിണകൊറിയയും ചൈനയും തമ്മില്‍ ധാരണ. ഇരു രാജ്യങ്ങളുടെയും പ്രസിഡന്റുമാര്‍ ബെയ്ജിങില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. മേഖലയില്‍ യുദ്ധമുണ്ടാകാന്‍ അനുവദിക്കില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് വ്യക്തമാക്കി.
ഏറെനാളായി യുദ്ധസമാനമായ സാഹചര്യത്തിലായിരുന്നു കൊറിയന്‍ ഉപദ്വീപ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുണ്ടായ വാക്പോര് മേഖലയില്‍ യുദ്ധഭീതി പരത്തിയിരുന്നു. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങും ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജേ ഇന്നും ബെയ്ജിങ്ങില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ തീരുമാനിച്ചു.
മേഖലയില്‍ അടിക്കടിയുണ്ടാകുന്ന അസ്വസ്ഥതകള്‍ പരിഹരിക്കാന്‍ ചര്‍ച്ചകള്‍ക്ക് മുന്‍കൈയ്യെടുക്കാന്‍ ചൈന തയ്യാറാണ്. ഉത്തരകൊറിയക്കും ദക്ഷിണകൊറിയക്കും തുല്യപിന്തുണയാണ് ചൈന നല്‍കുന്നതെന്നും കൂടിക്കാഴ്ചയില്‍ ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കി. കൊറിയന്‍ ഉപദ്വീപിനെ ആണവമുക്തമാക്കുക എന്ന ലക്ഷ്യമാണ് ചൈനക്കുള്ളതെന്നും ഉപദ്വീപില്‍ യുദ്ധമുണ്ടാകാന്‍ അനുവദിക്കില്ലെന്നും ചൈനീസ് വിദേശകാര്യവക്താവ് പറഞ്ഞു. ചര്‍ച്ചകളിലൂടെ സമാധാനപരമായ പ്രശ്നപരിഹാരമാണ് വേണ്ടതെന്നും ചൈന നിലപാടെടുത്തു. ചൈനീസ് നിലപാടിനെ ദക്ഷിണകൊറിയ പിന്തുണച്ചു. സമാധാനത്തോടെ പ്രശ്നം പരിഹരിക്കാന്‍ ചൈനയോടൊപ്പം നില്‍ക്കുമെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയതായി ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു.