ഗുവാമില്‍ ബോംബിടുമെന്ന് ഉത്തരകൊറിയ; ചര്‍ച്ചക്ക് തയാറെന്ന് ട്രംപ്

ഭിന്നത രൂക്ഷമായ ഉത്തരകൊറിയയുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്ത് തരത്തിലുളള പ്രതിരോധത്തിനും ചര്‍ച്ചകള്‍ക്കും അമേരിക്ക തയാറാണെന്നും ട്രംപ് വ്യക്തമാക്കി. ഭീഷണി ട്വീറ്റുകള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ഗുവാമില്‍ ബോംബിടുമെന്ന് ഉത്തരകൊറിയ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ആയിരുന്നു ട്രംപ് ചര്‍ച്ചക്ക് തയാറായത്.

വെളളിയാഴ്ച വൈറ്റ്ഹൌസില്‍ നടത്തിയ പ്രസംഗത്തിലാണ് ഉത്തരകൊറിയയുമായുളള നയതന്ത്രനിലപാടുകളില് അയവ് വരുത്താനുളള സൂചനകള്‍ ഡൊണാള്‍ഡ് ട്രംപ് നല്‍കിയത്. ഉത്തരകൊറിയയില്‍ എന്തുസംഭവിക്കുമെന്ന് കാണാന്‍ കാത്തിരിക്കുകയാണ്. അതുമാത്രമെ ഇപ്പോള്‍ പറയാന്‍ സാധിക്കുകയുളളൂവെന്ന് ട്രംപ് പറഞ്ഞു. ഉത്തരകൊറിയയുമായി ചര്‍ച്ച നടത്താനായി വൈറ്റ് ഹൌസ് ഒരുങ്ങിക്കഴിഞ്ഞെന്ന് അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടിലേര്‍സണ്‍ അറിയിച്ചിരുന്നു. എന്നാല്‍ ട്രംപ് ഇതിനെതിരെ രംഗത്തെത്തി. കുഞ്ഞന്‍ റോക്കറ്റ് മനുഷ്യനോട് സമവായത്തിലെത്താന്‍ ശ്രമിച്ച റെക്സ് സ്വന്തം സമയം നഷ്ടപ്പെടുത്തുകയാണെന്നായിരുന്നു ട്രംപ് പ്രതികരിച്ചത്. അങ്ങേയറ്റത്തെ ക്ഷമയും ശക്തിയുമാണ് അമേരിക്കയ്ക്കുമുളളത്.
എന്നാല്‍ പ്രതിരോധിക്കേണ്ട സാഹചര്യം വന്നുചേര്‍ന്നാല്‍ ഉത്തരകൊറിയയെ തകര്‍ത്തുകളയുമെന്ന് നേരത്തെ യുഎന്നില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപ് സൂചിപ്പിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ ഭീഷണികള്‍ക്ക് പസഫിക്ക് സമുദ്രത്തില്‍ മിസൈല്‍ പരീക്ഷണം നടത്തിയാണ് ഉത്തരകൊറിയ മറുപടി നല്‍കിയത്. ആണവകരാറുകള്‍ സംബന്ധിച്ച നിലപാടുകളില്‍ മാറ്റം വരുത്തുന്നതായും ട്രംപ് വെളളിയാഴ്ച വൈറ്റ് ഹൌസ് പ്രസംഗത്തില്‍ അറിയിച്ചു.