ഹോസ്റ്റണ് നിവാസികളെ ദുരിതത്തിലാക്കി ഹാര്‍വെ കൊടുങ്കാറ്റ്

ടെക്സാസില്‍ ആഞ്ഞടിച്ച ഹാര്‍വെ കൊടുങ്കാറ്റും പേമാരിയും കൂടുതല്‍ ദുരിതത്തിലാക്കിയത് ഹോസ്റ്റണ് നിവാസികളെയാണ്. കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഹോസ്റ്റണില്‍ നിന്നും രണ്ടായിരത്തോളം ആളുകളെ മാറ്റപ്പാര്‍പ്പിച്ചു. 250പ്രധാന റോഡുകളാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിരിക്കുന്നത്.
അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ വീശിയടിച്ച ഹാര്‍വെ കൊടുങ്കാറ്റും പേമാരിയും വെള്ളപ്പൊക്കവും ജനജീവിതം തീര്‍ത്തും ദുസ്സഹമാക്കിയിരിക്കുകയാണ്. തെക്കുകിഴക്കന്‍ ടെക്സാസിലാണ് വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്. ഹോസ്റ്റണില്‍ നിന്നും ആയിരത്തോളം പേരെയാണ് രക്ഷാപ്രവര്‍ത്തകര്‍ മാറ്റിപാര്‍പ്പിച്ചിരിക്കുന്നത്. ഹാര്‍വെ കൊടുങ്കാറ്റില്‍ രണ്ട് പേരാണ് ഇതുവരെ മരിച്ചിരിക്കുന്നത്. എന്നാല്‍ മരണസംഖ്യ വര്‍ധിക്കാനാണ് സാധ്യതയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വെള്ളപ്പൊക്കം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ പ്രധാനറോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. അതുകൊണ്ട് തന്നെ വീടിന് പുറത്തിറങ്ങരുതെന്നും ജനങ്ങള്‍ മേല്‍ക്കൂരക്ക് മുകളില്‍ അഭയം തേടണമെന്നും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കുന്നവര് ആവശ്യപ്പെട്ടിട്ടുണ്ട്. മണിക്കൂറില്‍ 209 കിലോമീറ്റര്‍ വേഗതയിലാണ് ഹാര്‍വെ കൊടുങ്കാറ്റ് ടെക്സാസില്‍ വീശിയടിച്ചത്.