പ്രസിഡന്റ് കസേരയില്‍ നൂറു ദിനങ്ങള്‍; അമേരിക്കയെ മാറ്റിമറിച്ചുവെന്ന് ട്രംപ്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തിയിട്ട് ഇന്നേക്ക് നൂറു ദിവസം. യുഎസ് ചരിത്രത്തിലെ ഏറ്റവും വിജയകരമായ ദിനങ്ങളാണ് കടന്നുപോയതെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വെറും നൂറു ദിവസം കൊണ്ട് തനിക്ക് അമേരിക്കയെ മാറ്റിമാറിക്കാനായെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം, കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ട്രംപിന്റെ നിലപാടില്‍ പ്രതിഷേധവുമായി വൈറ്റ് ഹൌസിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കൂറ്റന്‍ റാലികള്‍ നടന്നു. ഭരണത്തിലെത്തിയതിന്റെ നൂറാംദിവസത്തിന്റെ ഭാഗമായി രാജ്യത്തെ അഭിവാദ്യം ചെയ്ത് റേഡിയോയിലും ഇന്റര്‍നെറ്റിലും നടത്തിയ പ്രസംഗത്തിലാണ് ട്രംപ് തന്റെ ഭരണനേട്ടങ്ങളെ കുറിച്ച് വാചാലനായത്. 14 ആഴ്ചകള്‍ കൊണ്ട് രാജ്യത്ത് ഒട്ടേറെ മാറ്റങ്ങള്‍ കൊണ്ടുവന്നു. അമേരിക്കക്കാരുടെ ജോലി അവര്‍ക്ക് തന്നെ തിരിച്ചുനല്കാനായി. നികുതി നിരക്ക് കുറച്ചതിനാല്‍ വ്യവസായങ്ങളും വിപണിയും മെച്ചപ്പെട്ടു. നിര്‍മാണ മേഖലയില്‍ അഭിവൃദ്ധി ഉണ്ടായി. കാര്‍ നിര്‍മാതാക്കളെല്ലാം രാജ്യത്തേക്ക് മടങ്ങിവന്നു തുടങ്ങി. ഇനി ഒരിക്കലും അവര്‍ തിരികെ പോകാന്‍ ഇടവരില്ലെന്നും ട്രംപ് പറഞ്ഞു.
മുന്‍ ഭരണകൂടത്തെ അപേക്ഷിച്ച് സര്‍ക്കാരും ജനങ്ങളും തമ്മില്‍ ബന്ധം മെച്ചപ്പെടുത്താനായെന്നും ട്രംപ് അവകാശപ്പെട്ടു. തന്റെ സര്‍ക്കാരിന് ജനങ്ങളോട് മാത്രമാണ് പ്രതിബദ്ധത. അമേരിക്കക്കാരോട് മാത്രമാണ് തനിക്ക് കടപ്പാടെന്നും ട്രംപ് പറഞ്ഞു.
തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ് താനും സര്‍ക്കാരും ആദ്യദിനം മുതല്‍ ശ്രമിച്ചിട്ടുള്ളത്. നൂറാംദിനത്തോട് അനുബന്ധിച്ച് പെനിസില്‍വാനിയയില്‍ റാലി അഭിസംബോധന ചെയ്യാനിരിക്കെയാണ് ട്രംപിന്റെ പ്രതികരണം. കാലാവസ്ഥാ വ്യതിയാനം തടയുന്നതിന് രൂപംകൊടുത്ത പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ നൂറാംദിനത്തില്‍ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. കാലാവസ്ഥാ വ്യതിയാനം തടയുന്നതിന് മുന്‍സര്‍ക്കാരിന്റെ നിലപാടുകള്‍ പിന്തുടരാന് ആവശ്യപ്പെട്ട് രാജ്യമെങ്ങും റാലികള്‍ നടന്നു. വൈറ്റ്ഹൌസിനു മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ 15000ത്തോളം ആളുകളാണ് പങ്കെടുത്തത്.