അമേരിക്കക്ക് പിന്നാലെ ബ്രിട്ടനും വിമാന യാത്രക്കാര്‍ക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശം വെക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നു

അമേരിക്കക്ക് പിന്നാലെ ബ്രിട്ടനും മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള വിമാന യാത്രക്കാര്‍ക്ക് ലാപ്ടോപും ടാബ്ലെറ്റും കൈവശം വെക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്നു. പ്രധാനമന്ത്രി തേരേസ മെയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്. അമേരിക്കയുടെയും ബ്രിട്ടന്റെയും തീരുമാനം വിവേചനപരമാണെന്ന് യാത്രക്കാര്‍ പ്രതികരിച്ചു.
തുര്‍ക്കി, ലബനാന്,ജോര്‍ദാന്‍, ഈജിപ്ത്, തുണീഷ്യ, സൌദി അറേബ്യ എന്നീ ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് ബ്രിട്ടന് നിരോധം ഏര്‍പ്പെടുത്തിയത്. യാത്രക്കാരുടെ സുരക്ഷ പരിഗണിച്ചാണ് നിരോധമെന്ന് പ്രധാനമന്ത്രി തേരേസ മെയുടെ ഓഫീസ് അറിയിച്ചു. എട്ട് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് വരുന്നവര്‍ക്ക് വിമാനത്തില്‍ ലാപ്ടോപും ടാബ്ലെറ്റും കൈവശം വെക്കുന്നതിന് ഇന്നലെയാണ് അമേരിക്ക വിലക്കേര്‍പ്പെടുത്തിയത്. കാമറകള്‍ക്കും വിലക്കുണ്ട്. എന്നാല്‍ മൊബൈല്‍ ഫോണിനെ ഒഴിവാക്കിയിട്ടുണ്ട്.
തുര്‍ക്കിഷ് എയര്‍ലൈന്‍ പുറമെ എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തര്‍ എയര്‍വേയ്സ് എന്നിവയെയും വിലക്ക് കാര്യമായി ബാധിക്കും. നിരോധത്തിനെതിരെ ഈജിപ്ത്, തുര്‍ക്കി യാത്രക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെയും ഇതിന്റെ പരിധിയില്‍ കൊണ്ടുവന്നേക്കും.
ദുബൈ ആസ്ഥാനമായ ദാല്ലോ എയര്‍ലൈന്‍സ് വിമാനത്തില്‍ പൊട്ടിത്തെറിയുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ലാപ്ടോപ്പുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്താന്‍ അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചത്. സൊമാലി തലസ്ഥാനമായ മൊഗദിഷുവില് കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സ്ഫോടനം ഉണ്ടായത്.