LiveTV

Live

International

കിം ജോങ് നാമിനെ വധിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി

കിം ജോങ് നാമിനെ വധിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി
Summary
വെള്ള വസ്ത്രം ധരിച്ച യുവതി നാമിന്റെ മുഖം കൈകൊണ്ട് ചേര്‍ത്തുപിടിച്ചാണ് വിഷ സ്‌പ്രേ തളിക്കുന്നത്. കൃത്യത്തിന് ശേഷം അതിവേഗം പരിഭ്രമം കാണിക്കാതെ ഈ യുവതികള്‍ നടന്നകലുന്നതും ദൃശ്യങ്ങളിലുണ്ട്...
കിം ജോങ് നാമിനെ വധിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ അര്‍ധ സഹോദരന്‍ കിം ജോങ് നാമിനെ വിമാനത്താവളത്തില്‍ വെച്ച് വധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ജാപ്പനീസ് ചാനലായ ഫുജി ടിവിയാണ് മലേഷ്യയിലെ ക്വാലാലംപൂര്‍ അന്താരാഷ്ട്രവിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. അതിവേഗത്തില്‍ പ്രവര്‍ത്തിക്കുന്ന മാരകവിഷം മുഖത്ത് സ്‌പ്രേ ചെയ്താണ് കിം ജോങ് നാമിനെ വധിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കിം ജോങ് നാം ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ വെച്ച് കൊല്ലപ്പെടുന്നത്. മക്കാവുവിലേക്കുള്ള വിമാനം കയറുന്നതിനെത്തിയതായിരുന്നു അദ്ദേഹം. ചൈനക്ക് കീഴിലുള്ള മക്കാവു ദ്വീപില്‍ കിം ജോങ് ഉന്നിന് ചൈനീസ് സുരക്ഷാ ഏജന്‍സികള്‍ സുരക്ഷ നല്‍കിയിരുന്നു. എന്നാല്‍ മക്കാവുവിന് പുറത്ത് പോകുമ്പോള്‍ ഈ സുരക്ഷ നാമിന് ലഭിച്ചിരുന്നില്ല. ഇത് മുതലാക്കിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കരുതുന്നു. ഭാര്യക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് നാം മക്കാവുവില്‍ കഴിഞ്ഞിരുന്നത്. നേരത്തെ 2012ലും നാമിനും കുടുംബത്തിനുമെതിരെ വധശ്രമം നടന്നിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ മലേഷ്യന്‍ പൊലീസ് പിടികൂടിയിരുന്നു. ഐടി ഉദ്യോഗസ്ഥനായ ഉത്തരകൊറിയക്കാരനും ഉത്തരകൊറിയന്‍ യുവതിയും ഇന്തോനേഷ്യന്‍ യുവതിയും മലേഷ്യന്‍ പൗരനുമാണ് പിടിയിലായത്. എന്നാല്‍ കൊലപാതകവുമായി ബന്ധമുണ്ടെന്ന് കരുതുന്ന നാല് ഉത്തരകൊറിയക്കാര്‍ സംഭവദിവസം മലേഷ്യ വിട്ടിരുന്നു.

ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ വെച്ച് സമര്‍ഥമായാണ് കൊലപാതകം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങള്‍ തെളിയിക്കുന്നുണ്ട്. ഒരു സ്ത്രീ കിം ജോങ് നാമിന്റെ മുഖത്തേക്ക് വിഷം സ്‌പ്രേ ചെയ്യുന്നത് സിസിടിവി ദൃശ്യങ്ങളിലുണ്ട് കരിംനീലയും ചാര നിറവുമുള്ള കോട്ട് ധരിച്ച കിം ജോങ് നാമിനെ രണ്ട് സ്ത്രീകള്‍ ചേര്‍ന്നാണ് വളയുന്നത്. വെള്ള വസ്ത്രം ധരിച്ച യുവതി നാമിന്റെ മുഖം കൈകൊണ്ട് ചേര്‍ത്തുപിടിച്ചാണ് വിഷ സ്‌പ്രേ തളിക്കുന്നതെന്ന് മലേഷ്യ കിനി റിപ്പോര്‍ട്ടു ചെയ്യുന്നു. കൃത്യത്തിന് ശേഷം അതിവേഗത്തില്‍ എന്നാല്‍ പരിഭ്രമം കാണിക്കാതെ ഈ യുവതികള്‍ നടന്നകലുന്നതും ദൃശ്യങ്ങളിലുണ്ട്.