LiveTV

Live

International

ബെര്‍നാഡ് കാസനോവ് ഫ്രഞ്ച് പ്രധാനമന്ത്രി

ബെര്‍നാഡ് കാസനോവ് ഫ്രഞ്ച് പ്രധാനമന്ത്രി
Summary
പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദിന്റെ ഓഫീസാണ് കാസനോവിനെ പ്രധാനമന്ത്രിയായി നിയമിച്ച കാര്യം അറിയിച്ചത്.

ബെര്‍നാഡ് കാസനോവിനെ ഫ്രാന്‍സിന്റെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചു. പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദിന്റെ ഓഫീസാണ് കാസനോവിനെ പ്രധാനമന്ത്രിയായി നിയമിച്ച കാര്യം അറിയിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നിലവിലെ പ്രധാനമന്ത്രി മാനുവല്‍ വാല്‍സ് രാജിവെച്ച ഒഴിവിലാണ് നിയമനം.

നിലവില്‍ ഫ്രാന്‍സിന്റെ ആഭ്യന്തരമന്ത്രിയാണ് കാസനോവ്. പ്രധാനമന്ത്രി പദത്തിലേയ്ക്ക് പരിഗണിക്കാവുന്ന ഏറ്റവും മികച്ചയാളാണ് ബെര്‍നാഡ് കാസനോവെന്ന് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദ് കരുതുന്നു. വരുന്ന ഏപ്രില്‍, മെയ് മാസത്തിലാണ് ഫ്രാന്‍സില്‍ തെരഞ്ഞെടുപ്പ്. ഈ സാഹചര്യത്തില്‍ ഇടക്കാല പ്രധാനമന്ത്രിയുടെ റോളാകും കാസനോവിന് വഹിക്കാനുണ്ടാകുക. അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് മാനുവല്‍ വാല്‍സ് രാജിവെച്ചത്. ഇടതുപക്ഷ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ കണ്ടെത്താനായി ജനുവരിയില്‍ നടക്കുന്ന പ്രൈമറിയില്‍ 54 കാരനായ വാല്‍സ് മത്സരിക്കും. പ്രസിഡന്റ് പദവിയിലേക്ക് രണ്ടാമൂഴം തേടി മത്സരത്തിനില്ലെന്ന് പ്രസിഡന്റ് ഫ്രാന്‍സ്വാ ഒലാന്ദ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് വാല്‍സിന് സാധ്യത തെളിഞ്ഞത്.

മുഖ്യപ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മുന്‍ പ്രധാനമന്ത്രി ഫ്രാന്‍സ്വാ ഫില്ലനെ തെരഞ്ഞെടുത്തിരുന്നു. ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാര്‍ട്ടിക്കെതിരായ ജനവികാരം ശക്തമായ സാഹചര്യത്തില്‍ ഫില്ലന്‍ പുതിയ പ്രസിഡന്റാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.