LiveTV

Live

International

അംബ്രല്ല മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥി നേതാക്കള്‍ക്ക് തടവുശിക്ഷ; പ്രതിഷേധം ശക്തം

അംബ്രല്ല മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥി നേതാക്കള്‍ക്ക് തടവുശിക്ഷ; പ്രതിഷേധം ശക്തം
Summary
ജയില്‍ ശിക്ഷ നേരത്തെ കോടതി ഒഴിവാക്കിയിരുന്നെങ്കിലും ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് നിയമ വകുപ്പ് നല്‍കിയ ശിപാര്‍ശയെ തുടര്‍ന്നാണ് മൂന്ന് പേര്‍ക്കും ജയില്‍ ശിക്ഷ വിധിച്ചത്.

അംബ്രല്ല മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ഥി നേതാക്കള്‍ക്ക് തടവുശിക്ഷ വിധിച്ചതില്‍ ഹോങ് കോങില്‍ പ്രതിഷേധം ശക്തം. നടപടി രാഷ്ട്രീയ പ്രേരിതമാണെന്നാണ് ജയില്‍ ശിക്ഷക്കായി ശിപാര്‍ശ ചെയ്ത നിയമ വകുപ്പിനെതിരായ പ്രധാന വിമര്‍ശം. എന്നാല്‍ ആരോപണം നിഷേധിച്ച് നിയമ വകുപ്പ് മേധാവി രംഗത്തെത്തി. 2014ല്‍ ഹോങ് കോങില്‍ നടന്ന ജനാധിപത്യ മുന്നേറ്റമായ അംബ്രല്ല മൂവ്മെന്റിന് നേതൃത്വം നല്‍കിയ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ഇന്നലെയാണ് അപ്പീല്‍ കോടതി തടവ് ശിക്ഷ വിധിച്ചത്.

ജയില്‍ ശിക്ഷ നേരത്തെ കോടതി ഒഴിവാക്കിയിരുന്നെങ്കിലും ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് നിയമ വകുപ്പ് നല്‍കിയ ശിപാര്‍ശയെ തുടര്‍ന്നാണ് മൂന്ന് പേര്‍ക്കും ജയില്‍ ശിക്ഷ വിധിച്ചത്. നിയമ വകുപ്പിന്റെ നടപടിയില്‍ ശക്തമായ പ്രതിഷേധമാണ് ഹോങ് കോങില്‍ ഉയരുന്നത്. വിദ്യാര്‍ഥി നേതാക്കള്‍ക്ക് തടവ് ശിക്ഷ നല്‍കിയ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്നാണ് പ്രധാന വിമര്‍ശം. എന്നാല്‍ തീരുമാനത്തിന് രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് വിശദീകരണവുമായി നിയമ വകുപ്പ് മേധാവി രംഗത്തെത്തി. തടവ് ശിക്ഷക്കായി ശിപാര്‍ശ നല്‍കുന്നതില്‍ മുതിര്‍ന്ന അഭിഭാഷകരുടെ നിര്‍ദേശം ജസ്റ്റിസ് സെക്രട്ടറി അവഗണിച്ചെന്ന ആരോപണവും ഉയരുന്നുണ്ട്.

തടവ് ശിക്ഷക്ക് വിധിച്ചതോടെ ജോഷ്വ വോങ്, അലക്സ് ചോ, നതാന്‍ ലോ എന്നിവരുടെ രാഷ്ട്രീയ ഭാവിക്കും മങ്ങലേറ്റു. നിയമനിര്‍മാണ സഭയിലേക്ക് അഞ്ച് വര്‍ഷത്തേക്ക് ഇവര്‍ക്ക് മത്സരിക്കാന്‍ സാധിക്കില്ല.