LiveTV

Live

International

ഐഎസ്‍ കീഴടക്കിയ നഗരം ഇറാഖ് സേന പിടിച്ചെടുത്തു

ഐഎസ്‍ കീഴടക്കിയ നഗരം ഇറാഖ് സേന പിടിച്ചെടുത്തു
Summary
രണ്ടു ദിവസത്തിനിടെ മേഖലയില്‍ വീടുപേക്ഷിച്ചവര്‍ പതിനായിരത്തിലേറെ വരും. രക്ഷപ്പെട്ട് പുറത്ത് കടക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വെടിയേല്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്..

ഇറാഖിലെ മൂസില്‍ പട്ടണത്തോട് ചേര്‍ന്നുള്ള ചരിത്ര നഗരം ഇറാഖ് സേന ഐഎസില്‍ നിന്നും പിടിച്ചെടുത്തു. ഐഎസിനെതിരായ നീക്കം മൂസിലില്‍ ശക്തമാക്കിയതോടെ വീട് വിട്ടിറങ്ങുകയാണ് ഇറാഖികള്‍. രണ്ടു ദിവസത്തിനിടെ മേഖലയില്‍ വീടുപേക്ഷിച്ചവര്‍ പതിനായിരത്തിലേറെ വരും. രക്ഷപ്പെട്ട് പുറത്ത് കടക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വെടിയേല്‍ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

യുഎസ് പിന്തുണയോടെ ഇറാഖ് സേന നടത്തുന്ന മുന്നേറ്റം തുടരുകയാണ്. പ്രധാന നഗരമായ സാഞ്ചിലി കഴിഞ്ഞയാഴ്ച സൈന്യം പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പഴയ പട്ടണം മോചിപ്പിച്ചത്. സൈന്യത്തിനെതിരെ ഐ എസ് ക്ലോറിന്‍ ഗ്യാസ് ഉപയോഗിച്ചതായി സ്ഥിരീകരിച്ചു.

എന്നാല്‍ ഇവിടെയുള്ള പ്രധാന കെട്ടിടങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട് ഐ എസ് ഭീകരര്‍. ഇതേ കെട്ടിടങ്ങളിലും സമീപത്തെ വീടുകളിലുമുള്ളതിലേറെയും സാധാരണക്കാര്‍. ഇവരെ ഒഴിപ്പിക്കലാണ് സൈന്യത്തിന്റെ പ്രധാന ലക്ഷ്യം. പുറത്തിറങ്ങുന്നവരില്‍ പലര്‍ക്കും വെടിയേല്‍ക്കുന്നുണ്ട്.

ഐഎസും സൈനികരും നടത്തുന്ന വെടിവെപ്പിനിടെയാണ് ഇത്. മേഖലയിലാണ് പ്രധാന ആശുപത്രി. ഇത് നിറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ജനുവരിയിലാണ് സൈന്യം കിഴക്കന്‍ മൂസില്‍ ഐഎസില്‍ നിന്നും മോചിപ്പിച്ചത്. ബാക്കി പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ തുടങ്ങിയത് മെയ് 27നും.

2 ലക്ഷത്തിലേറെ പേരുണ്ട് ഇപ്പോള്‍ ഏറ്റുമുട്ടല്‍ നടക്കുന്ന മേഖലയില്‍. റമദാന്‍ മാസമായതിനാല്‍ ദുരിതത്തിലാണ് ഇവരുടെ നോന്പ്. സ്ഫോടനങ്ങലിലും വെടിവെപ്പിലും നിരവധി പേര്‍ മരിച്ചു. ഇതിന്റെ നാലിരട്ടിയോളം വരും പരിക്കേറ്റവരുടെ എണ്ണം. മനുഷ്യാവകാശ സംഘടനകള്‍ക്ക് മേഖലയിലേക്ക് പ്രവേശിക്കാനാകാത്തതിനാല്‍ കൃത്യമായ കണക്കുകള്‍ ലഭ്യവുമല്ല.