LiveTV

Live

International

അമേരിക്കന്‍ ആക്രമണം തങ്ങളുടെ അറിവോടെയെന്ന് അഫ്ഗാന്‍

 അമേരിക്കന്‍ ആക്രമണം തങ്ങളുടെ അറിവോടെയെന്ന് അഫ്ഗാന്‍
Summary
ആക്രമണത്തില്‍ നങ്കര്‍ഹറിലെ ഐഎസ് താവളം തകര്‍ത്തതായും അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അഫ്ഗാനില്‍ അമേരിക്ക ആക്രമണം നടത്തിയത് തങ്ങളുടെ അറിവോടെയാണെന്ന് അഫ്ഗാന്‍ സ്ഥിരീകരിച്ചു. ആക്രമണത്തില്‍ നങ്കര്‍ഹറിലെ ഐഎസ് താവളം തകര്‍ത്തതായി അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അഫ്ഗാനിലേത് രാഷ്ട്രീയ നീക്കമല്ലെന്നും സൈനിക നീക്കം മാത്രമാണെന്നും അമേരിക്ക വ്യക്തമാക്കി. അതേസമയം, കൊല്ലപ്പെട്ട 36 പേരില്‍ തങ്ങളില്‍ പെട്ട ആരുമില്ലെന്ന് അവകാശപ്പെട്ട് ഐഎസ് അനുകൂല വാര്‍ത്താ ഏജന്‍സി രംഗത്തെത്തി.

നങ്കര്‍ഹറിലെ ഇസ്‍ലാമിക് സ്റ്റേറ്റ് താവളം ലക്ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തില്‍ 36 പേരാണ് കൊല്ലപ്പെട്ടത്. ഇവര്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളാണെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. തങ്ങളുടെ അറിവോടെയാണ് ആക്രമണം നടന്നതെന്നും സാധാരണക്കാര്‍ കൊല്ലപ്പെട്ടില്ല എന്നും അഫ്ഗാന്‍ സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഐഎസ് തീവ്രവാദികള്‍ ആരും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടില്ല എന്ന് ഐഎസ് അനുകൂല വാര്‍ത്താ ഏജന്‍സി ആയ അമാഖ് റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാന്‍ സൈന്യത്തിന്റെ പിന്തുണയോടെ നടത്തിയ ആക്രമണം വിജയിച്ചതായി ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ആക്രമണം രാഷ്ട്രീയ ലക്ഷ്യം മുന്നില്‍വെച്ചല്ല എന്ന വിശദീകരണവുമായി അഫ്ഗാനിലെ യുഎസ് സൈനിക കമാന്‍ഡറും രംഗത്തെത്തി.

അമേരിക്കന്‍ ആക്രമണത്തെ പിന്തുണച്ച് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ രംഗത്തെത്തി. ഐഎസ് പോലുള്ള തീവ്രവാദ ശക്തികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമായതായി ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വികെ സിങ് പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് അഫ്ഗാന്‍- പാകിസ്താന്‍ അതിര്‍ത്തി പ്രദേശമായ നങ്കര്‍ഹര്‍ പ്രവിശ്യയിലെ ആഷിന്‍ ജില്ലയില്‍ രൂക്ഷമായ ബോംബാക്രമണം നടത്തിയത്. ആണവ ബോംബുകള്‍ കഴിഞ്ഞാല്‍ ഏറ്റവും ശക്തിയുള്ള ജിബിയു 43 ബോംബുകളാണ് അമേരിക്ക പ്രയോഗിച്ചത്.