ഐഎസിനെതിരെ പോരാട്ടം ശക്തമാക്കാന്‍ ഇറാഖിലെ മുസ്ലിം സമുദായങ്ങള്‍ ഒന്നിക്കണമെന്ന് ബാന്‍ കി മൂണ്‍


ഐഎസിനെതിരായുള്ള പോരാട്ടം ശക്തമാക്കാന്‍ ഇറാഖിലെ മുസ്ലിം സമുദായങ്ങള്‍ ഒന്നിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍. രാജ്യത്തിനകത്തെ ചെറിയ ഭിന്നതകളെ പോലും ഐഎസ് ചൂഷണം ചെയ്യുന്നത് തടയണമെന്നും ബാന്‍ കി മൂണ്‍ പറഞ്ഞു. ഔദ്യോഗിക സന്ദര്‍ശനത്തിനായി ബഗ്ദാദിലെത്തിയ ബാന്‍ കി മൂണ്‍ ഇറാഖ് വിദേശകാര്യ മന്ത്രി ഇബ്രാഹിം അൽ ജാഫരിയുമായും കൂടിക്കാഴ്ച നടത്തി.
ഐഎസിനെ നേരിടാന്‍ രാജ്യത്തിന്റെ ഐക്യം പ്രധാനമാണെന്നും അത് ഉറപ്പ് വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. ശിയ- സുന്നി വിഭാഗങ്ങള്‍ തമ്മിലുള്ള വിഭാഗീയതയും അഭിപ്രായ വ്യത്യസങ്ങളും ചൂഷണം ചെയ്ത് നേട്ടമുണ്ടാക്കാനാണ് ഐഎസ് ശ്രമിക്കുന്നതെന്നും ബാന്‍ കി മൂണ്‍ കുറ്റപ്പെടുത്തി.
സര്‍ക്കാരിന്റെ സ്ഥിരതയ്ക്കും രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തിനുമായി ഇറാഖിലെ ജനത ഒന്നിച്ച് നില്‍ക്കേണ്ടത് അനിവാര്യമാണെന്നും ബാന്‍ കി മൂണ്‍ അഭിപ്രായപ്പെട്ടു. ഭീകരവാദം ഇറാഖിന് മാത്രമല്ല ലോകത്തിന് മുഴുവന്‍ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ലോക ബാങ്ക് പ്രസിഡന്റ് ജിം യങ് കിമ്മും ഇസ്ലാമിക് ഡെവലപ്മെന്റ് ബാങ്ക് പ്രസിഡന്റ് അഹമദ് മൊഹമ്മദ് അലിയും ബാന്‍ കി മൂണിനൊപ്പം ബഗ്ദാദിലെത്തിയിട്ടുണ്ട്.
ഐഎസ് തകര്‍ത്ത പ്രദേശങ്ങളുടെ പുനര്‍നിര്‍മാണത്തിനായി സാമ്പത്തിക സഹായം നല്‍കുമെന്നും മുഹമ്മദ് അലി ഉറപ്പു നല്കി. അടിയന്തര ധനസഹായമായി 2 ബില്യണ്‍ ഡോളര്‍ ലോക ബാങ്ക് ഇറാഖിന് നല്‍കിയിരുന്നു.