LiveTV

Live

International

ചൈനയില്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ വാര്‍ത്താ ആപ്ലിക്കേഷനുകള്‍ ഐട്യൂണ്‍സ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു

ചൈനയില്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ വാര്‍ത്താ ആപ്ലിക്കേഷനുകള്‍ ഐട്യൂണ്‍സ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു
Summary
ന്യൂയോര്‍ക്ക് ടൈംസിന്റെ ഇംഗ്ലീഷ്, ചൈനീസ് ഭാഷകളിലെ വാര്‍ത്താ ആപ്ലിക്കേഷനുകളാണ് ആപ്പിള്‍ നീക്കം ചെയ്തിരിക്കുന്നത്. ചൈനീസ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടിയെന്നാണ് ആപ്പിള്‍ നല്‍കുന്ന വിശദീകരണം

ചൈനയില്‍, ന്യൂയോര്‍ക്ക് ടൈംസിന്റെ വാര്‍ത്താ ആപ്ലിക്കേഷനുകള്‍ ഐട്യൂണ്‍സ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആപ്ലിക്കേഷന്‍ ആപ്പിള്‍ നീക്കം ചെയ്തത്. ന്യൂയോര്‍ക്ക് ടൈംസിലെ വാര്‍ത്തകള്‍ രാജ്യ സുരക്ഷക്ക് ഭീഷണി സൃഷ്ടിക്കുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

ന്യൂയോര്‍ക്ക് ടൈംസിന്റെ ഇംഗ്ലീഷ്, ചൈനീസ് ഭാഷകളിലെ വാര്‍ത്താ ആപ്ലിക്കേഷനുകളാണ് ആപ്പിള്‍ നീക്കം ചെയ്തിരിക്കുന്നത്. ചൈനീസ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നടപടിയെന്നാണ് ആപ്പിള്‍ നല്‍കുന്ന വിശദീകരണം. ഡിസംബര്‍ 23 നാണ് ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തിരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് പത്രവും അറിയിച്ചു. കഴിഞ്ഞ ഏപ്രിലില്‍, ഐബുക്ക്-ഐട്യൂണ്‍സ് എന്നിവയില്‍ നിന്നും സിനിമാ ആപ്ലിക്കേഷനും ആപ്പിള്‍ നീക്കം ചെയ്തിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചൈനീസ് സൈബര്‍ സ്പേസ് അഡ്മിനിസ്ട്രേഷന്‍ രാജ്യത്തെ മാധ്യമങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ചില മാധ്യമങ്ങള്‍ രാജ്യത്ത് സാമൂഹിക അസ്ഥിരത സൃഷ്ടിക്കുന്നതായും ധാര്‍മികത ലംഘിക്കുന്നതായും രാജ്യത്തിന്റെ സുരക്ഷക്ക് തന്നെ ഭീഷണിയുയര്‍ത്തുന്നതായും കണ്ടെത്തിയിരുന്നു .

തീരുമാനം പുനരാലോചിക്കണമെന്ന് ന്യൂയോര്‍ക്ക് ടൈംസ് ആപ്പിള്‍ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മാധ്യമഹങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്താനുള്ള ചൈനീസ് സര്‍ക്കാരിന്റെ താത്പര്യമാണ് ഈ നീക്കത്തിലൂടെ വ്യക്തമാകുന്നതെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗത്തെ പ്രമുഖര്‍ അഭിപ്രായപ്പെടുന്നു. നിയമവിരുദ്ധമായ ഉള്ളടക്കമുണ്ടെന്ന കാരണത്താല്‍ സി.എന്‍.എന്‍, വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍, ഫിനാന്‍ഷ്യല്‍ ടൈംസ് എന്നീ മാധ്യമങ്ങളുടെ വെബ്സൈറ്റുകളും ചൈനയില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. ചൈനയിലെ പ്രമുഖ മാധ്യമങ്ങളൊന്നും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിരോധം സംബന്ധിച്ച ചര്‍ച്ചകള്‍ തകൃതിയായി നടക്കുന്നുണ്ട്.