Top

തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്; ഇന്നിംഗ്സ് തോല്‍വിയിലേക്ക്

പിടിച്ചുനില്‍ക്കുമെന്ന് കരുതിയ നായകന്‍ റൂട്ടിനെ അശ്വിന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കിയതോടെ ഇംഗ്ലണ്ടിന്‍റെ പതനം വേഗത്തിലായി

MediaOne Logo

  • Published:

    6 March 2021 8:26 AM GMT

  • Updated:

    2021-03-06 08:26:10.0

തകര്‍ന്നടിഞ്ഞ് ഇംഗ്ലണ്ട്; ഇന്നിംഗ്സ് തോല്‍വിയിലേക്ക്
X

അഹ്‌മദാബാദ്: ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ട് ഇന്നിംഗ്സ് തോല്‍വിയിലേക്ക്. രവിചന്ദ്രൻ അശ്വിനും അക്ഷർ പട്ടേലും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഇംഗ്ലണ്ട് ആറിന് 91 എന്ന നിലയിലാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്നിങ്‌സ് പരാജയം ഒഴിവാക്കാൻ അവർക്ക് ഇനി 69 റൺസ് കൂടി വേണം.

ഓപ്പണര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ പിടിച്ചുനില്‍ക്കുമെന്ന് കരുതിയ നായകന്‍ റൂട്ടിനെ (30) അശ്വിന്‍ വിക്കറ്റിനു മുന്നില്‍ കുരുക്കിയതോടെ ഇംഗ്ലണ്ടിന്‍റെ പതനം വേഗത്തിലായി.

അശ്വിന്‍ തന്‍റെ ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇംഗ്ലണ്ടിന്റെ തുടക്കം ദയനീയമായി. ഓപണർ സാക്ക് ക്രൗളി (5), മൂന്നാം നമ്പറിലിറങ്ങിയ ജോണി ബെയർസ്‌റ്റോ (0) എന്നിവരെയാണ് അശ്വിന് തുടർച്ചയായ പന്തുകളിൽ വീഴ്ത്തിയത്.

മുഹമ്മദ് സിറാജിനു പകരം ഒന്നാം ബൗളിങ് ചേഞ്ചായെത്തിയ അശ്വിൻ നാലാം പന്തിലാണ് ആദ്യ ഇരയെ കണ്ടെത്തിയത്. രണ്ടാം പന്തിൽ ടേൺ കൊണ്ട് ക്രൗളിയെ ബീറ്റ് ചെയ്ത് ഞെട്ടിച്ച തമിഴ്‌നാട്ടുകാരൻ നാലാം പന്തിൽ ടേണില്ലാത്ത പന്തുകൊണ്ട് ബാറ്റ്‌സ്മാനെ കുടുക്കി. ടേൺ പ്രതീക്ഷിച്ച് ബാറ്റ് വെച്ച ക്രൗളി ഫസ്റ്റ് സ്ലിപ്പിൽ രഹാനെക്ക് എഡ്ജ് നൽകുകയായിരുന്നു. ഒന്നാം ഇന്നിങ്‌സിൽ 9 റൺസിന് പുറത്തായ ക്രൗളിക്ക് ഇത്തവണയും രണ്ടക്കം കാണാനായില്ല.

പിന്നീടിറങ്ങിയ ബെയര്‍‌സ്റ്റോക്ക് ആദ്യപന്തിൽ തന്നെ പിഴച്ചു. ടേൺ ചെയ്ത പന്ത് ക്രീസിലൂന്നിക്കളിച്ചെങ്കിലും ബെയര്‍‌സ്റ്റോയുടെ ബാറ്റിൽ തട്ടിയ പന്ത് ലെഗ്‌സൈഡിൽ രോഹിത് ശർമയുടെ കൈകളിലെത്തി. ഒന്നാം ഇന്നിങ്‌സിൽ 28 റൺസ് നേടിയ താരം സംപൂജ്യനായി മടങ്ങിയതോടെ ഇംഗ്ലണ്ട് വൻ പ്രതിസന്ധിയിലായി.

പ്രതിരോധത്തിലൂന്നിക്കളിച്ച ഡോം സിബ്ലിയെ ഒരറ്റത്ത് നിർത്തി ക്യാപ്ടൻ ജോ റൂട്ട് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും രണ്ട് വിക്കറ്റ് വീഴ്ത്തി അക്ഷർ പട്ടേലും ആഞ്ഞടിച്ചു. വിക്കറ്റ് കീപ്പർ പിടിച്ചായിരുന്നു സിബ്ലിയുടെ (3) മടക്കം. ടി.വി റീപ്ലേകളിൽ പന്ത് സിബ്ലിയുടെ കാലിലാണ് തട്ടിയതെന്ന് വ്യക്തമായെങ്കിലും റിവ്യൂ ചെയ്യാൻ നിൽക്കാതെ താരം തിരിച്ചുനടന്നിരുന്നു.

അപകടകാരിയായ ബെൻ സ്റ്റോക്‌സ് ആയിരുന്നു പട്ടേലിന്റെ അടുത്ത ഇര. സ്വീപ് ചെയ്യാനുള്ള ശ്രമത്തിൽ ലെഗ് സ്ലിപ്പിൽ വിരാട് കോലിയുടെ കൈകളിലാണ് സ്‌റ്റോക്‌സിന്റെ (2) ഇന്നിങ്‌സ് അവസാനിച്ചത്.

നേരത്തെ ഋഷഭ് പന്തിന്റെയും (101) വാഷിങ്ടൺ സുന്ദറിന്റെയും (96 നോട്ടൗട്ട്) മിന്നും പ്രകടനത്തിന്റെ ബലത്തിലാണ് സന്ദർശകർക്കെതിരെ ഇന്ത്യ 160 റൺസ് നേടിയത്. ആദ്യ ഇന്നിങ്‌സിൽ ഇംഗ്ലണ്ട് 205-നു പുറത്തായപ്പോൾ ഇന്ത്യ 365 റൺസെടുത്താണ് ഓളൗട്ടായത്.

ആറു വിക്കറ്റിന് 146 എന്ന നിലയിൽ ഇന്ത്യ ബാറ്റിങ് തകർച്ച നേരിട്ടപ്പോൾ പന്തും സുന്ദറും തമ്മിലുള്ള കൂട്ടുകെട്ടാണ് നിർണായകമായത്. പന്ത് പുറത്താകുമ്പോൾ ഇന്ത്യ 54 റൺസ് ലീഡിലെത്തിയിരുന്നു. തുടർന്ന് വാലറ്റത്തെ കൂട്ടുപിടിച്ച് സുന്ദർ പൊരുതിയെങ്കിലും അർഹിച്ച സെഞ്ച്വറി നഷ്ടമായി.

പന്ത് മടങ്ങിയപ്പോള്‍ ഉത്തരവാദിത്വം ഏറ്റെടുത്ത സുന്ദര്‍ അക്സര്‍ പട്ടേലിനെയും (43) കൂട്ടുപി‌‌ടിച്ച് ലീഡിലേയ്ക്ക് നയിക്കുകയായിരുന്നു. മികച്ച രീതിയില്‍ മുന്നേറുകയായിരുന്നു സുന്ദര്‍-അക്സര്‍ കൂട്ടുകെട്ടിനെ പൊളിച്ചത് ബാരിസ്റ്റോയുടെ രൂപത്തില്‍ വന്ന റണ്ണൌട്ടായിരുന്നു. ഇംഗ്ലണ്ടിനു വേണ്ടി സ്റ്റോക്ക്സ് നാലു വിക്കറ്റും ആന്‍ഡേഴ്സണ്‍ മൂന്ന് വിക്കറ്റും ജാക്ക് ലീച്ച് രണ്ടു വിക്കറ്റും നേടി.

TAGS :
Next Story