LiveTV

Live

Idukki

തിളക്കമാര്‍ന്ന വിജയവുമായി ഡീന്‍

1,71,053 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഡീന്‍ കുര്യാകോസിന് ലഭിച്ചത്.

തിളക്കമാര്‍ന്ന വിജയവുമായി ഡീന്‍

ഇടുക്കി മണ്ഡലത്തില്‍ സിറ്റിംഗ് എം.പി ജോയ്‌സ് ജോര്‍ജിനെ തറപറ്റിച്ച് പ്രതീക്ഷക്കുമപ്പുറം തിളക്കമാര്‍ന്ന വിജയമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസ് നേടിയത്. സംസ്ഥാന ഭരണത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടവരും ബി.ജെ.പി സര്‍ക്കാരിനെതിരായ വികാരവുമാണ് വലിയ വിജയം സമ്മാനിച്ചതെന്ന് ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചു. 1,71,053 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഡീന്‍ കുര്യാകോസിന് ലഭിച്ചത്.

കണക്കുകളും കണക്കുകൂട്ടലുകളും തകിടം മറിച്ച വിജയമാണ് ഇടുക്കി മണ്ഡലത്തില്‍ ഡീന്‍ കുര്യാക്കോസ് നേടിയത്. വോട്ടെണ്ണി തുടങ്ങിയതു മുതല്‍ വ്യക്തമായ ലീഡാണ് ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ഓരോ റൗണ്ട് എണ്ണിയപ്പോഴും ഡീന്‍ കുര്യക്കോസിന് ലഭിച്ചത്. പോള്‍ചെയ്ത വോട്ടിന്റെ 54ശതമാനം വോട്ടുകളും ഡീന്‍ കുര്യാക്കോസ് നേടി.

തൊടുപുഴയില്‍ 36000ത്തിലധികവും, മൂവാറ്റുപഴയില്‍ 33000ത്തിലധികം വോട്ടുകളുമായി ഡീന്‍ ലീഡ് ചെയ്തപ്പോള്‍, ഇടുക്കി കോതമംഗലം, പീരുമേട് മണ്ഡലങ്ങള്‍ 20,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് ഡീനിന് സമ്മാനിച്ചത്. ഇടതു ശക്തികേന്ദ്രമായ ദേവികുളത്ത് 24ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം നേടി. മന്ത്രി എം.എം മണിയുടെ തട്ടകമായ ഉടുമ്പന്‍ചോലയില്‍പോലും 12000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ഡീന്‍ കുര്യാക്കോസിന് ലഭിച്ചു.

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോയ്‌സ് ജോര്‍ജിന്റെ സ്വന്തം ബൂത്തായ ഇടുക്കി വാഴത്തോപ്പിലെ 88ാം നമ്പര്‍ ബൂത്തായ മുളക് വള്ളിയില്‍ പോലും 44 വോട്ടിന്റെ ലീഡ് ഡീന്‍ കുര്യാകോസ് നേടി ആധികാരിക വിജയമാണ് കരസ്ഥമാക്കിയത്.