BE FAST; പക്ഷാഘാതത്തെ പിടിച്ചുകെട്ടാം
മുമ്പ് പക്ഷാഘാതം കണ്ടിരുന്നത് അറുപതോ അതിനു മുകളിലോ ആണ്. എന്നാൽ ഇന്ന് 40-45 വയസ്സുള്ളവരിൽ പോലും ഈ അസുഖം കണ്ടു വരുന്നുണ്ട്.

തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടുകയോ ധമനികളിൽ രക്തം കട്ടപിടിക്കുകയോ ചെയ്യുമ്പോൾ കോശങ്ങൾ നശിക്കുന്നു. ഇതിന്റെ ഫലമായി ശരീരത്തിന്റെ ഒരുവശം ഭാഗികമായോ പൂര്‍ണമായോ ചലനശേഷി നഷ്ടപ്പെടുന്നു. ഇതിനെ പക്ഷാഘാതം അഥവ സ്ട്രോക്ക് എന്ന് പറയുന്നു.
പ്രധാനമായും രണ്ട് തരത്തിൽ ആണ് സ്ട്രോക്ക് സംഭവിക്കുന്നത്. തലച്ചോറിലെ ധമനികളിൽ രക്തം കട്ടപിടിച്ച് ഉണ്ടാകുന്ന ഇഷേമിക് (ischemic) സ്ട്രോക്കും രക്തക്കുഴലുകൾ പൊട്ടിയുണ്ടാകുന്ന ഹെമറാജിക് (hemorrhagic) സ്ട്രോക്കും.

Ischemic Stroke
ആകെ സ്ട്രോക്കിന്റെ 83-85% ഉം ഇഷേമിക് സ്ട്രോക്ക് ആണ്. രണ്ട് തരത്തിലാണ് ഇത് കാണപ്പെടാറുള്ളത്.
1. Thrombotic stroke
തലച്ചോറിന് അകത്ത് രക്തം കട്ടപിടിച്ചാണ് സ്ട്രോക്ക് ഉണ്ടാവുന്നത്. സാധാരണഗതിയിൽ പ്രായമായവരിൽ ആണ് ഇത് കണ്ടുവരുന്നത്. അമിത രക്തസമ്മർദ്ദം ഉളളവരിലും, atherosclerosis (രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത്) ഉള്ളവരിലും thrombotic stroke സംഭവിക്കാനുള്ള സാധ്യത വളരെയേറെയാണ്. രാത്രി ഉറക്കത്തിലോ നേരം വെളുക്കാൻ നേരത്തോ ആണ് ഇത് സംഭവിക്കാറുള്ളത്. പക്ഷാഘാതം സംഭവിക്കുന്നതിനു മുമ്പ് ലക്ഷണങ്ങൾ കാണിച്ചേക്കാം. മറ്റുചിലപ്പോൾ യാതൊരുവിധ ലക്ഷണങ്ങളും കാണിക്കാതെയും സ്ട്രോക്ക് വന്നേക്കാം.
2. Embolic Stroke
ശരീരത്തിനുള്ളിൽ എവിടെയെങ്കിലും ഉണ്ടാകുന്ന (തലച്ചോറിന്റെ പുറത്ത് ഉണ്ടാക്കുന്നത്) രക്തകട്ട ധമനികളിൽ കൂടി സഞ്ചരിച്ച് തലച്ചോറിലെത്തി രക്തപ്രവാഹം തടസ്സപ്പെടുത്തി ഉണ്ടാകുന്നതാണ് Embolic Stroke. ഹൃദയ ധമനികൾക്ക് അസുഖമുള്ളവർ, ഹൃദയമിടിപ്പ് കൂടുതലുളളവർ, ഹൃദയ വാൽവിന് തകരാറുള്ളവര്‍ എന്നിവർക്കെല്ലാം Embolic Stroke ആണ് കണ്ടുവരാറുള്ളത്. ഹൃദയസംബന്ധമായ ശസ്ത്രക്രിയക്ക് ശേഷവും ഇത് കണ്ടുവരാറുണ്ട്. വളരെ പെട്ടെന്ന് തന്നെ യാതൊരു വിധ ലക്ഷണങ്ങളും കാണിക്കാതെ ആണ് Embolic Stroke സംഭവിക്കാറുള്ളത്.
Lacunar stroke
Ishemic സ്ട്രോക്കിന്റെ വേറൊരു വകഭേദമാണിത്. തലച്ചോറിലെ വളരെ നേർത്ത (50-200 mm) ധമനികളിൽ ഉണ്ടാകുന്ന തടസ്സമാണിത്. രക്താതിസമ്മർദ്ദം ഉള്ളവരിൽ ഇത് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

Hemorrhagic Stroke
തലച്ചോറിനകത്തെ രക്തക്കുഴലുകൾ പൊട്ടിയുണ്ടാകുന്നതാണ് hemorrhagic stroke. രണ്ട് രീതിയിൽ ആണ് ഇത് വരാറുള്ളത്.
1. Intra cerebral hemorrhage
തലച്ചോറിന് അകത്ത് ഉണ്ടാവുന്ന രക്തസ്രാവം ആണിത്. രക്താതിസമ്മർദ്ദം ആണിതിന്റെ പ്രധാന കാരണം. ഈ രീതിയിൽ ഉള്ള പക്ഷാഘാതത്തിൽ ശാരീരിക അവശതകൾ വളരെ കൂടുതലായിരിക്കും. ചിലപ്പോൾ അബോധാവസ്ഥക്കും മരണത്തിനും കാരണമാകാറുണ്ട്.
2. Sub arachnoid hemorrhage
തലച്ചോറിന്റെ ആവരണമായ മെനിഞ്ചസിന്റെ ഉള്ളിൽ ഉണ്ടാവുന്ന രക്തസ്രാവം ആണിത്. ഇത് മൂലമുണ്ടാകുന്ന പക്ഷാഘാതം അന്യൂറിസം (ധമനികൾ കനം കുറഞ്ഞ് ബലൂൺ പോലെ വീർക്കുന്ന അവസ്ഥ) പൊട്ടുന്നത് കൊണ്ടോ അല്ലെങ്കിൽ artereo venous malformations കൊണ്ടോ സംഭവിക്കുന്നതാണ്.

പക്ഷാഘാതം വരാനുള്ള സാധ്യത ഘടകങ്ങളെ രണ്ടായി തിരിക്കാം
1. Non-Modifiable risk factors
ഇതിലെ സാധ്യതാ ഘടകങ്ങളെ ചികിത്സിച്ച് മാറ്റുവാനോ, ജീവിത ശൈലിയിലൂടെയോ മാറ്റിയെടുക്കാൻ സാധിക്കില്ല.
2. Modifiable risk factors
കൃത്യമായ ചികിത്സയിലൂടെയോ ജീവിതശൈലി നിയന്ത്രണങ്ങളിലൂടെയോ മാറ്റിയെടുക്കാവുന്ന സാധ്യത ഘടകങ്ങൾ ആണിത്.

പക്ഷാഘാതം ആർക്കൊക്കെ വരാം; വരാനുള്ള സാധ്യത ഘടകങ്ങൾ എന്തൊക്കെയാണ്?
മുൻകാലങ്ങളിൽ പക്ഷാഘാതം കണ്ടിരുന്നത് അറുപതോ അതിനു മുകളിലോ ആണ്. എന്നാൽ ഇന്ന് 40-45 വയസ്സുള്ളവരിൽ പോലും ഈ അസുഖം കണ്ടു വരുന്നുണ്ട്. മാറിയ ജീവിത ശൈലി മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്.
55-60 വയസ്സിനു മുകളിൽ പ്രായമുള്ളവർ, മുമ്പ് പക്ഷാഘാതം വന്നവർ, കുടുംബത്തിൽ മുൻപ് പക്ഷാഘാതം വന്നിട്ടുള്ളവർ എന്നിവരില്‍ അസുഖത്തിന്റെ സാധ്യതാ ഘടകങ്ങളെ ചികിത്സിച്ച് മാറ്റുവാനോ, ജീവിത ശൈലിയിലൂടെ മാറ്റിയെടുക്കാനോ സാധിക്കില്ല (Non-Modifiable risk factors).
രക്താതിസമ്മർദ്ദം
ഹൃദയസംബന്ധമായ അസുഖങ്ങൾ (ഹൃദയ ധമനികൾക്ക് അസുഖമുള്ളവർ, ഹൃദയമിടിപ്പ് കൂടുതലുളളവർ, ഹൃദയ വാൽവിന് തകരറുള്ളവർ)
പ്രമേഹം
പുകവലി
മദ്യപാനം
മയക്കു മരുന്നുകളുടെ ഉപയോഗം
ഗർഭ നിരോധന ഗുളികകളുടെ ഉപയോഗം
കൊളസ്ട്രോൾ കൂടുതലുള്ളവർ
മൈഗ്രേൻ
ചില ജനിതക രോഗമുള്ളവർ
അമിത വണ്ണം
വ്യായാമക്കുറവ്
ഈ കാരണങ്ങള്‍ കൊണ്ടും പക്ഷാഘാതം സംഭവിച്ചേക്കാം. അതുകൊണ്ടുതന്നെ ഈ രോഗ സാധ്യതാ ഘടകങ്ങളെ ചികിത്സയിലൂടെയോ ജീവിതശൈലി നിയന്ത്രണങ്ങളിലൂടെയോ മാറ്റിയെടുക്കാനായാല്‍ പക്ഷാഘാതത്തെ പേടിക്കേണ്ടതില്ല.
ചെറുപ്പക്കാരിലെ 80% പക്ഷാഘാതവും രക്താതിസമ്മർദ്ദം മൂലം ഉണ്ടാകുന്നതാണ്. കൂടാതെ പുകവലി, മദ്യപാനം, രക്തത്തിലെ അമിത കൊഴുപ്പ്, ഹൃദയ മിടിപ്പ് കൂടുന്ന atrial fibrillation എന്നിവ മൂലമാണ് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

പക്ഷാഘാതം എങ്ങനെ തിരിച്ചറിയാം
തലച്ചോറിലെ കോശങ്ങൾക്ക് ഗുരുതരനാശം സംഭവിക്കുന്നതിന് മുൻപ് തന്നെ കൃത്യമായ ചികിത്സ ലഭിച്ചാൽ പക്ഷാഘാത രോഗിയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടു വരാവുന്നതാണ്. അതുകൊണ്ടുതന്നെ പക്ഷാഘാതം സംഭവിച്ച് കഴിഞ്ഞാൽ തിരിച്ചറിയാനുള്ള ലക്ഷണങ്ങൾ ഉണ്ട്. ഇത് BE FAST എന്നാണ് അറിയപ്പെടുന്നത്.
B- ബാലൻസിന് എന്തെങ്കിലും പ്രശ്നം ഉണ്ടാവുക
E -Eyes കണ്ണുകൾക്ക് കാഴ്ച മങ്ങുകയോ രണ്ടായി കാണുകയോ ചെയ്യുക
F-Face മുഖം ഒരു വശത്തേക്ക് കോടിപ്പോവുക
A-Arms കയ്യിനോ കാലിനോ ബലക്കുറവ് അനുഭവപ്പെടുക
S-Speech സംസാര ശേഷി നഷ്ടപ്പെടുകയോ പറയുന്നത് മനസ്സിലാവാതെ ഇരിക്കുകയോ ചെയ്യുക
T -Time പക്ഷാഘാതത്തെ സംബന്ധിച്ച് സമയത്തിന് ആണ് പ്രാധാന്യം. അതുകൊണ്ടു തന്നെ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടുക.

ആയുര്‍ഗ്രീന്‍ ഹോസ്പിറ്റലിലെ അസിസ്റ്റന്റ് ഫിസിഷ്യനാണ് ലേഖിക