യൂറിക് ആസിഡ് കുറയ്ക്കാം പ്രകൃതിദത്തമായ വഴികളിലൂടെ
ഒന്നോ രണ്ടോ സ്പൂണ്‍ അപ്പിള് സിഡര്‍ വിനഗര്‍ ഓരോ ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്തു രാവിലെയും രാത്രിയും കുടിക്കുന്നത് യൂറിക് ആസിഡ് അളവ് നിയന്ത്രിക്കും

ഇപ്പോൾ സന്ധിവേദനയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ നാട്ടുകാരെല്ലാം പറയും യൂറിക് ആസിഡ് ഉണ്ടോയെന്ന് നോക്കാൻ. അത്ര സാധാരണമായിരിക്കുന്നു യൂറിക് ആസിഡ് എന്ന അസുഖം. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും, ശരീര കോശങ്ങളിലും ഉള്ള പ്രോട്ടീൻ (Protein) വിഘടിച്ചുണ്ടാകുന്ന പ്യുറിൻ (purine) എന്ന ഘടകം, ശരീരത്തിൽ രാസപ്രക്രിയയുടെ ഫലമായി ഉണ്ടാകുന്നതാണ് യൂറിക് ആസിഡ്.
യൂറിക് ആസിഡ് കുറക്കാൻ പ്രകൃതിദത്തമായ വഴികള്‍ എന്തൊക്കെയാണ്?
1. പ്രകൃതിദത്തമായ ഡിടോക്സിഫയര്‍ (detoxifier) ആണ് അപ്പിള് സിഡര്‍ വിനഗര്‍ . ഇതില്‍ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് ശരീരത്തിലെ യൂറിക് ആസിഡ് പുറത്തേക്ക് തള്ളുന്നു. ഒന്നോ രണ്ടോ സ്പൂണ്‍ അപ്പിള് സിഡര്‍ വിനഗര്‍ ഓരോ ഗ്ലാസ്സ് വെള്ളത്തില്‍ ചേര്‍ത്തു രാവിലെയും രാത്രിയും കുടിക്കുന്നത് യൂറിക് ആസിഡ് അളവ് നിയന്ത്രിക്കും.
2. നാരങ്ങാ വെള്ളം രാവിലെ ഉണര്‍ന്നാല്‍ ഉടന്‍ ചെറുചൂടു വെള്ളത്തില്‍ പിഴിഞ്ഞ് കുടിക്കുന്നത് യൂറിക് ആസിഡ് നില നിയന്ത്രിക്കാന്‍ സഹായിക്കും. അസിഡിറ്റി ഉള്ളവർ ആഹാരത്തിനു ശേഷം ഇത് കുടിക്കുക.
3. യൂറിക് ആസിഡ് നിയന്ത്രിക്കാന്‍ ചെറി പഴങ്ങള്‍ ധാരാളം കഴിക്കുക. കൃത്യമായ ഇടവേളകളിലായി ദിവസം 10-40 ചെറികള്‍ വരെ കഴിക്കുന്നത് നല്ലതാണ്.
4. ശരീരത്തിലെ മിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരമാണ് വെള്ളം. ശരീരത്തിലെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കുന്നതിന് ദിവസം 2-3 ലീറ്റര്‍ വെള്ളം കുടിക്കുക. ധാരാളം വെള്ളം കുടിക്കുമ്പോള്‍ യൂറിക് ആസിഡ് വൃക്കയില്‍ നിന്നും മൂത്രമായി പുറത്തു പോകും. ദിവസവും 2-3 ലീറ്റര്‍ വെള്ളം കുടിക്കുന്ന ഒരാള്‍ക്ക് ഗൗട്ട് പ്രശ്നം 40-50 ശതമാനം വരെ കുറയും എന്നാണ് പഠനങ്ങൾ പറയുന്നത്.
5. യൂറിക് ആസിഡ് കുറയ്ക്കാൻ ശരീരഭാരം നിയന്ത്രിക്കുക. വണ്ണമുള്ളവർ 10-15% അവരുടെ തൂക്കം കുറയ്ക്കുമ്പോൾ യൂറിക് ആസിഡ് കുറയും. വ്യായാമം ചെയ്തു ആഹാരം നിയന്ധ്രിച്ചു യൂറിക് ആസിഡ് കുറയ്ക്കണം. പട്ടിണി കിടന്നാൽ യൂറിക് ആസിഡ് വർധിക്കും.
6. വിവിധയിനം യീസ്റ്റ് (yeast) ഉപയോഗിച്ചുള്ള വിഭവങ്ങളിലും പ്യൂരിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ മദ്യം, ബ്രഡ്, കേക്ക് ഇവ പ്രധാനമായും ഒഴിവാക്കണം.
7. മാംസം, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങൾ, അവയവ മാംസങ്ങളായ കരൾ, കിഡ്നി, ടിന്നിലടച്ചവ, കോള തുടങ്ങിയവ ഒഴിവാക്കണം.
8. മത്സ്യങ്ങളിൽ ചാള, അയല, ചൂര, കണവ, കൊഞ്ച്, കക്ക തുടങ്ങിയവയും പച്ചക്കറികളിൽ വഴുതനങ്ങ, മഷ്റൂം, കോളിഫ്ലവർ മുതലായവയും ഒഴിവാക്കുക.
9. കൈതച്ചക്ക, മുസംബി, വാഴപ്പഴം, ഞാവൽ പഴം,കറുത്ത ചെറി, ഇഞ്ചി, തക്കാളി, ചുവന്ന ക്യാബേജ്, നാരങ്ങ, റാഗി, നാരുകൾ അടങ്ങിയതും ഭക്ഷണം കഴിക്കുന്നത് യൂറിക് ആസിഡ് ശമിപ്പിക്കാൻ സഹായിക്കുന്നു. പൈൻആപ്പിളും വളരെ നല്ലതാണ്, അതിലെ ബ്രോമലിൻ എന്ന ഘടകം യൂറിക് ആസിഡ് കുറയ്ക്കും.
10. യൂറിക് ആസിഡ് രക്തത്തിൽ കൂടാനുണ്ടായ കാരണം കണ്ടെത്തി ശരിയാക്കുക. രക്തത്തിലെ കൊഴുപ്പ്, ഷുഗര്‍ എന്നിവയും നിയന്ത്രിക്കണം.
ഇത്രയും ചെയ്തിട്ടും യൂറിക് ആസിഡ് കുറഞ്ഞില്ലെങ്കിൽ എന്ത് ചെയ്യണം?
അമിതമായ യൂറിക് ആസിഡിനെയും ഗൗട്ടിനെയും ചികിത്സിക്കാൻ മരുന്നുകളുണ്ട്. ഗൗട്ട് ചികിത്സിക്കാൻ വേദനാസംഹാരികളാണ് (Analgesic) ആദ്യം ഉപയോഗിക്കേണ്ടത്.
വേദന മാറിയതിനുശേഷം ശരീരത്തിലെ അധികമുള്ള യൂറിക് ആസിഡ് പുറംതള്ളുന്നതിനായി അലോപ്യൂരിനോൾ (Allupurinol) അല്ലെങ്കിൽ, ഫെബുക്സോസ്ടാറ്റാ (Febuxostat) എന്നീ മരുന്നുകൾ നൽകുന്നു.
കടപ്പാട്: ഡോ.ഡാനിഷ് സലിം