ആര്ത്തവിരാമ അസ്വസ്ഥകളിലാണോ; ആശ്വാസം നല്കും, ഫിസിയോതെറാപ്പി
ശരീരത്തിൽ പെട്ടെന്ന് ചൂട് കൂടുകയും വിയർക്കുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു. കൂടാതെ ഉറക്കക്കുറവ്, മാനസിക നിലയിലെ വ്യത്യാസങ്ങൾ എന്നിവയ്ക്കും ഇത് കാരണമാകാം.

സ്ത്രീകളിൽ പൂർണമായും ആർത്തവം അവസാനിക്കുന്ന അവസ്ഥയാണ് ആർത്തവ വിരാമം അഥവാ മേനോപോസ്. ശരാശരി 45 മുതൽ 55 വരെ പ്രായമുള്ള സ്ത്രീകളിലാണ് ആർത്തവ വിരാമം സംഭവിക്കുന്നത്. എന്നാൽ വ്യക്തികൾക്കും അവരുടെ ശാരീരിക പ്രത്യേകതകൾക്കും അനുസരിച്ച് ഇതിൽ വ്യത്യാസം ഉണ്ടാകാം.

ആർത്തവ വിരാമം കൊണ്ടുണ്ടാകുന്ന ശാരീരിക വ്യതിയാന കാലഘട്ടത്തെ മൂന്നായി തിരിക്കാം:
1. പ്രീ മേനോപോസ്
അണ്ഡാശയങ്ങളുടെ പ്രവർത്തനം കുറഞ്ഞുവരുന്ന കാലഘട്ടമാണ് പ്രീ മേനോപോസ്. ക്രമം തെറ്റിയിട്ടിയിട്ടുള്ള ആർത്തവം, ബ്ലീഡിങ് പതിവിലും കൂടിയോ കുറഞ്ഞോ കാണുക എന്നീ ലക്ഷണങ്ങളാണ് സാധാരണ കാണാറ്.
2. പേരി മേനോപോസ്
അണ്ഡോത്പാദനം ഏറെക്കുറെ നിലച്ചു തുടങ്ങുന്ന കാലഘട്ടമാണ് പെരി മേനോപോസ്. അണ്ഡ വിസർജനത്തെ തുടർന്ന് ഉണ്ടാകുന്ന ഈസ്ട്രജൻ, പ്രജസ്റ്ററോൺ ഹോർമോണിന്റെ അഭാവം മൂലമാണ് ഈ സമയത്ത് ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത്. ശരീരത്തിൽ പെട്ടെന്ന് ചൂട് കൂടുകയും വിയർക്കുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു (ഹോട് ഫ്ലാഷസ്). കൂടാതെ ഉറക്കക്കുറവ്, മാനസിക നിലയിലെ വ്യത്യാസങ്ങൾ എന്നിവയ്ക്കും ഇത് കാരണമാകാം.
3. പോസ്റ്റ് മേനോപോസ്
ആർത്തവം അവസാനിച്ച ശേഷമുള്ള ആദ്യ നാലു വർഷങ്ങളാണ് പോസ്റ്റ് മേനോപോസ്. ഈ അവസ്ഥയിൽ അണ്ഡാശയങ്ങളിൽ നിന്നുള്ള ഹോർമോൺ ഉത്പാദനം പൂർണമായും നിൽക്കുകയും ആർത്തവം ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു. ഒരു വർഷത്തോളം ആർത്തവം തുടർച്ചയായി ഉണ്ടാകാതിരുന്നാൽ മാത്രമേ ആർത്തവ വ്യതിയാനമായി എന്ന് ഉറപ്പിക്കാനാകൂ. ഹാർട്ട് അറ്റാക്ക്, അസ്ഥികളുടെ ബലക്ഷയം യൂറിനറി ഇൻകോൺനാൻസ് എന്നീ രോഗങ്ങൾക്കും ആർത്തവ വിരാമം കാരണമാകാം.

ആർത്തവ വിരാമവവും ഫിസിയോതെറാപ്പിയും
ആർത്തവ വിരാമ സമയത്ത് ഫിസിയോതെറാപ്പിയിലൂടെ ശാരീരിക വ്യതിയാനങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയും. യൂറിനറി ഇൻകോൺനാൻസ് അഥവാ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും അറിയാതെ മൂത്രം പോകുന്ന അവസ്ഥ തടയാൻ ഫിസിയോതെറാപ്പിയിൽ പേൽവിക് ഫ്ലോർ എക്സസൈസുകൾ പരിശീലിപ്പിക്കുന്നു. ഇത് പേൽവിക് ഫ്ലോർ പേശികളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.
ആർത്തവവിരാമ സമയത്ത് ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങൾ കാരണം അസ്ഥികളുടെ സാന്ദ്രത കുറയുകയും അവ പൊട്ടിപ്പോവുകയും ചെയ്യുന്ന രോഗവസ്ഥയാണ് ഓസ്റ്റീയോ പോറോസിസ്. റെസിസ്റ്റൻസ് ട്രെയിനിങ്, ഭാരം വഹിച്ചു കൊണ്ടുള്ള വ്യായാമങ്ങൾ എന്നിവ അസ്ഥികളുടെ സാന്ദ്രത വർധിപ്പിച്ച് അസ്ഥികളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു.

അമിതവണ്ണം, ഇൻസോംനിയ, ഹോട് ഫ്ലാഷസുകൾ എന്നിവ നിയന്ത്രിക്കാൻ ഫിസിയോതെറാപ്പിയിലെ എയ്റോബിക് വ്യായാമങ്ങളും സ്ട്രെച്ചുകളും സഹായിക്കുന്നു. സ്ഥിരവും ക്രമവുമായിട്ടുള്ള എയ്റോബിക് വ്യായാമങ്ങൾ കാർഡിയോ റെസ്പിറേറ്ററി എൻഡയൂറൻസ് മെച്ചപ്പെടുത്താനും കാർഡിയോ വാസ്കുലർ ഡിസീസിന്റെ അപകട സാധ്യത കുറക്കാനും സഹായിക്കുന്നു. കൂടാതെ ശ്വസന വ്യായാമങ്ങളും ആർത്തവ വിരാമ ലക്ഷണങ്ങളുടെ തോത് കുറക്കാൻ സഹായിക്കുന്നു.

ആയുര്ഗ്രീന് ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പിസ്റ്റാണ് ലേഖിക