LiveTV

Live

Health

ഹാന്‍ഡ് ബാഗിന് ഭാരം കൂടുന്നുണ്ടോ; ഹെവി പേഴ്‍സ് സിന്‍ഡ്രോം ആയേക്കാം...

വലിയ ഹാൻഡ്ബാഗുകൾ ഒരു ഫാഷനാണിന്ന്. പക്ഷേ വലിയ ബാഗ് സ്ഥിരമായി ഉപയോഗിക്കുമ്പോൾ അതുണ്ടാക്കുന്ന ചില പ്രശ്നങ്ങളുണ്ട്.

ഹാന്‍ഡ് ബാഗിന് ഭാരം കൂടുന്നുണ്ടോ; ഹെവി പേഴ്‍സ് സിന്‍ഡ്രോം ആയേക്കാം...

ഫോണ്‍- ചിലപ്പോള്‍ ടാബോ ലാപ്‍ടോപ്പോ, പേഴ്സ്, താക്കോലുകള്‍, കുടിക്കാനുള്ള വെള്ളം, കുട തുടങ്ങി തോളിലെ ബാഗില്‍ സ്ഥിരമായുണ്ടാകുന്ന വസ്തുക്കള്‍ പലതാണ്. ഇത്രയും സാധനങ്ങള്‍ കൊള്ളണമെങ്കില്‍ ഹാന്‍ഡ് ബാഗ് വലുതാകാതെ തരമില്ല. വലിയ ഹാൻഡ്ബാഗുകൾ ഒരു ഫാഷനും ആണിന്ന്. പക്ഷേ വലിയ ബാഗ് സ്ഥിരമായി ഉപയോഗിക്കുമ്പോൾ അതുണ്ടാക്കുന്ന ചില പ്രശ്നങ്ങളുണ്ട്. ഇതിനെയാണ് ഹെവി പേഴ്സ് സിൻഡ്രോം എന്ന് പറയുന്നത്.

അമിതഭാരമുള്ള ബാഗ്, അശാസ്ത്രീയമായ ബാഗ് എന്നിവയുടെ ഉപയോഗമാണ് സാധാരണ ഗതിയിൽ ഹെവി പേഴ്സ് സിൻഡ്രോമിന് കാരണമാകുന്നത്. കൈകള്‍ക്കും കഴുത്തിനും തോളിനും വേദന, മരവിപ്പ്, കടച്ചില്‍ എന്നിവയാണ് ഇതിന്‍റെ ലക്ഷണങ്ങള്‍. ശരിയായ ചികിത്സ നല്‍കിയില്ലെങ്കില്‍ നട്ടെല്ലിന്‍റെ പെട്ടെന്നുള്ള തേയ്മാനം, ഡിസ്കിന് സ്ഥാനഭ്രംശം പോലുള്ള ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇത് കാരണമായേക്കാം. അതായത് ബാഗിന് ഭാരം കൂടരുത് എന്ന് അര്‍ത്ഥം.

ഹാന്‍ഡ് ബാഗിന് ഭാരം കൂടുന്നുണ്ടോ; ഹെവി പേഴ്‍സ് സിന്‍ഡ്രോം ആയേക്കാം...

ഹെവി ഹാൻഡ് ബാഗുകള്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങൾ:

●കനത്ത ഹാൻഡ് ബാഗുകള്‍ എടുക്കുമ്പോൾ ബാഗിന്‍റെ അനാവശ്യ ഭാരം, ചെറിയ സ്ട്രാപ്പുകൾ എന്നിവ കാരണം കഴുത്തു വേദനയും പുറം വേദനയും ഉണ്ടാകാം

●ബാഗിന്‍റെ ഭാരം എല്ലാം ഒരു തോളിൽ വരുന്നതിനാല്‍ ശരീരത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് മാറ്റം സംഭവിച്ച് പലപ്പോഴും ചെരിവ് ഉണ്ടായേക്കാം. മിക്ക ആളുകളും തങ്ങള്‍ക്ക് കംഫര്‍ട്ട് ആയ ഭാഗത്താണ് ബാഗ് തൂക്കിയിടുന്നത്. ഒരാള്‍ വലംകൈ ആണ് കൂടുതല്‍ ഉപയോഗിക്കുന്നതെങ്കിൽ, ആ വ്യക്തി ബാഗ് തൂക്കുന്നതും വലതുഭാഗത്തായിരിക്കും. എന്നാല്‍ അതോടെ ആ ഭാഗത്തെ തോളിലെ പേശികൾ, പ്രത്യേകിച്ച് ട്രപീസിയസ് മസിൽ വലുതാകാനും അതോടെ ഒരു തോൾ മറ്റൊന്നിനേക്കാൾ ഉയർന്നു നിൽക്കാനും കാരണമാകുന്നു.

● നടക്കുമ്പോഴും നില്‍ക്കുമ്പോഴും ബാഗ് തോളിൽ നിന്ന് വീഴാതിരിക്കാൻ ശ്രദ്ധിക്കുന്നതിനാലും ശരീരത്തിന്‍റെ സന്തുലിതാവസ്ഥയ്ക്ക് മാറ്റം ഉണ്ടാകുന്നു.

●ബാഗ് കൈമുട്ടിന്‍റെ ഉള്ളിൽ ഇടുന്നത് മൂലം കൈമുട്ടിനു tendinitis ഉണ്ടാവുന്നു.

●തോളിൽ ഞരമ്പുകൾ വലിയുന്നത് കൊണ്ട് കൈകളിലേക്ക് വിരലുകളിലേക്കും തരിപ്പും മരവിപ്പും ഉണ്ടാകുന്നു.

● തോളിലെ മസിലുകള്‍ക്ക് പരിക്ക് സംഭവിക്കുന്നു.

●നിങ്ങളുടെ സ്വാഭാവിക 'ഗെയ്റ്റ് പാറ്റേൺ' നഷ്ടപ്പെടുന്നു. ഒരാള്‍ നടക്കുമ്പോൾ കൈകളും കാലുകളും സ്വാഭാവികമായി മാറുന്ന രീതിയാണ് ഗെയ്റ്റ്. ഇത് ശരീരം സന്തുലിതമായി നിലനിർത്തുന്നതിനുള്ള ഒരു പ്രധാന മാർഗമാണ്. ശരീരത്തിന്‍റെ ഒരു വശത്ത് ഹാൻഡ്ബാഗ് ഇടുകയാണെങ്കിൽ, ആ വശത്തെ കൈക്ക് ശരിയായി ചലിക്കാന്‍ കഴിയാതിരിക്കുകയും മറ്റേ കൈ കൂടുതൽ ചലിക്കുകയും ചെയ്യും. ഇത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും.

●ടെൻഷൻ മൂലമുള്ള തലവേദന.

ഹാന്‍ഡ് ബാഗിന് ഭാരം കൂടുന്നുണ്ടോ; ഹെവി പേഴ്‍സ് സിന്‍ഡ്രോം ആയേക്കാം...

ഹെവി പേഴ്സ് സിൻഡ്രോം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടത്:

●ബാഗുകളായാലും പേഴ്സുകളായാലും വാങ്ങുമ്പോൾ, വളരെ ശ്രദ്ധിച്ച് മെറ്റീരിയലുകൾ തിരഞ്ഞെടുക്കുക. മൈക്രോ ഫൈബർ അല്ലെങ്കിൽ ഫാബ്രിക് പോലുള്ള ഭാരം കുറഞ്ഞ മെറ്റീരിയൽ തിരഞ്ഞെടുക്കുക. അനാവശ്യ ഭാരമുണ്ടാക്കുന്ന വലിയ അലങ്കാരങ്ങൾ ഒഴിവാക്കുക.

●നിങ്ങളുടെ ശരീര വലുപ്പത്തിന് ആനുപാതികമായ ഒരു ബാഗ് തിരഞ്ഞെടുക്കുക. കൂടാതെ, ബാഗ് തികച്ചും ആവശ്യമുള്ളതിനേക്കാൾ വലുതല്ലെന്ന് ഉറപ്പുവരുത്തുക.

●വ്യത്യസ്ത അവസരങ്ങൾക്ക് വ്യത്യസ്ത വലുപ്പത്തിലുള്ള ബാഗുകള്‍ വാങ്ങുക. ചെറിയ കാര്യങ്ങൾക്കായി ചെറിയ ബാഗ് ഉപയോഗിക്കുക. അധിക ഇനങ്ങൾ കൊണ്ടുവരാൻ ആവശ്യമായ സാഹചര്യം ഉള്ളപ്പോൾ ഒരു ചെറിയ ബാക്ക്പാക്ക് ഉപയോഗിക്കുക. അത് രണ്ട് തോളിലും തുല്യമായി ഭാരം വഹിക്കും.

●ഒരു ബാഗ് തിരഞ്ഞെടുക്കുമ്പോൾ, സ്ട്രാപ്പുകളുടെ വലുപ്പം നോക്കുക. നേർത്ത സ്ട്രാപ്പുകൾ ഒഴിവാക്കുക, നിങ്ങളുടെ തോളിൽ ബാഗിന്‍റെ സമ്മർദ്ദവും ഭാരവും വിതരണം ചെയ്യുന്നതിന് വീതിയേറിയ സ്ട്രാപ്പുകൾ തിരഞ്ഞെടുക്കുക. ശരീരത്തിന്‍റെ പുറകിലേക്കായി ഭാരം തുല്യമായി വിതരണം ചെയ്യാൻ സഹായിക്കുന്ന തരത്തിലുള്ള സ്ട്രാപ്പ് ഉള്ള ബാഗ് തിരഞ്ഞെടുക്കുന്നതും സഹായകരമാണ്.

●ഇരു തോളുകളിലും ബാഗ് മാറി മാറി ഉപയോഗിക്കുക

●ഷോപ്പിംഗിന് പോകുമ്പോൾ, തോളിലെ പേശികൾക്ക് ഇടവേള നൽകുന്നതിന് ബാഗ് കൗണ്ടറിൽ കൊടുക്കുക

●ബാഗ് പായ്ക്ക് ചെയ്യുമ്പോൾ, ഏറ്റവും അത്യാവശ്യമായ ഇനങ്ങൾ മാത്രം എടുക്കുക. ബാഗിന്‍റെ ഭാരം ശരീരഭാരത്തിന്‍റെ 10% ത്തിൽ കൂടുതലാകരുത്.

●ആവശ്യമില്ലാത്തതോ ഉപയോഗിക്കാത്തതോ ആയ അധിക നാണയങ്ങളും കാർഡുകളും ഇല്ലാതാക്കാൻ ഇടയ്ക്കിടെ നിങ്ങളുടെ വാലറ്റ് ചെക്ക് ചെയ്യുക.

ഹാന്‍ഡ് ബാഗിന് ഭാരം കൂടുന്നുണ്ടോ; ഹെവി പേഴ്‍സ് സിന്‍ഡ്രോം ആയേക്കാം...

ആയുര്‍ഗ്രീന്‍ ഹോസ്പിറ്റലിലെ ഫിസിയോതെറാപ്പിസ്റ്റാണ് ലേഖിക