വൈറൽ ഹെപ്പറ്റൈറ്റിസ്: അറിയാം പ്രതിരോധിക്കാം
ഹെപ്പറ്റൈറ്റിസ് എ, ഇ എന്നീ വൈറസുകള്‍ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും ആണ് പകരുന്നത്. എന്നാല്‍ ഹെപ്പറ്റൈറ്റിസ് ബി, സി, ഡി എന്നിവ രക്തത്തിലൂടെയും ശരീര സ്രവങ്ങളിലൂടെയുമാണ് പകരുന്നത്.

വൈറസ് ബാധ മൂലം കരളിന് ഉണ്ടാകുന്ന അണുബാധയാണ് വൈറല്‍ ഹെപ്പറ്റൈറ്റീസ് എന്ന് പറയുന്നത്. രക്തത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും ദഹനത്തിന് ആവശ്യമായ എന്‍സൈമുകള്‍ ഉത്പാദിപ്പിക്കാനും കരള്‍ അത്യാവശ്യമാണ്. വൈറല്‍ ഹെപ്പറ്റൈറ്റിസ് ഈ പ്രക്രിയകളെ തടസ്സപ്പെടുത്തും.
പ്രധാനമായും 5 തരം വൈറസുകളാണ് രോഗബാധ ഉണ്ടാക്കുന്നത്, A, B, C, D, E.
ഹെപ്പറ്റൈറ്റിസ് എ, ഇ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും ആണ് പകരുന്നത്.
ഹെപ്പറ്റൈറ്റിസ് ബി, സി, ഡി എന്നിവ രക്തത്തിലൂടെയും ശരീര സ്രവങ്ങളിലൂടെയുമാണ് പകരുന്നത്.
രോഗം പകരുന്നത് വ്യത്യസ്ത രീതികളില്‍ ആണെങ്കില്‍ പോലും രോഗലക്ഷണങ്ങള്‍ സമാനമായിരിക്കും.
പ്രധാന ലക്ഷണങ്ങള്‍
പനി
ക്ഷീണം
വിശപ്പില്ലായ്മ
ഓക്കാനം
വയറുവേദന
മഞ്ഞപിത്തം

ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ഇ എന്നിവ മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗങ്ങള്‍ ആയതിനാല്‍ രോഗപകര്‍ച്ച തടയാന്‍ ചുവടെ ചേര്‍ക്കുന്ന മാര്‍ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക
തുറസ്സായ സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനം ഒഴിവാക്കുക
കിണര്‍ വെള്ളം നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുക
സെപ്റ്റിക് ടാങ്കും കിണറും തമ്മില്‍ ശുപാര്‍ശ ചെയ്യപ്പെട്ടിരിക്കുന്ന അകലം ഉണ്ടെന്ന് ഉറപ്പ് വരുത്തുക.
ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക
ഹെപ്പറ്റൈറ്റിസ് എ തടയാന്‍ പ്രതിരോധ കുത്തിവെയ്പ് ലഭ്യമാണ്

ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ഇ രോഗബാധ സ്ഥിരീകരിച്ചാല്‍ സഹായക ചികിത്സ ലഭ്യമാണ്.
ഹെപ്പറ്റൈറ്റിസ് ബി, രോഗം വരാതെ തടയുന്നതിന് വാക്സിന് ലഭ്യമാണ്. രോഗികളുടെ ശരീര സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗബാധസാധ്യത കണക്കിലെടുത്ത് പ്രോഗ്രാം വഴി ഹെപ്പറ്റൈറ്റിസ് ബി വാക്സിന് നല്കാന് പദ്ധതിയുണ്ട്. രോഗബാധിതയായ അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് പകര്‍ച്ച ഉണ്ടാകാതിരിക്കാന്‍ ജനന സമയത്ത് തന്നെ കുഞ്ഞിന് ഹെപ്പറ്റൈറ്റിസ് ബി ഇമ്മ്യൂണോഗ്ലോബുലിന്‍ നല്‍കാവുന്നതാണ്.
അതുകൊണ്ട് തന്നെ ഹെപ്പറ്റൈറ്റിസ് ബി സ്ക്രീനിംഗ് ഗര്‍ഭിണികളില്‍ നടത്തുകയും പോസിറ്റീവ് ആയവരെ ത്രിതീയ സേവന (tertiary care) ആശുപത്രികളിലേക്ക് പ്രസവത്തിന് റെഫര്‍ ചെയ്യേണ്ടതുമാണ്. പ്രസവ സമയത്ത് രോഗബാധിതയായ അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് രോഗം പകരുന്നത് തടയാന്‍ സാര്‍വത്രിക സുരക്ഷാ മുന്‍കരുതല്‍ ”Universal safety precaution” പാലിക്കേണ്ടതാണ്. എല്ലാ കുഞ്ഞുങ്ങള്‍ക്കും ജനന സമയത്ത് തന്നെ ബെര്‍ത്ത് ഡോസ് ഹെപ്പറ്റൈറ്റിസ് ബി വാക്സിന് നല്‍കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ആറാം ആഴ്ച, 10ാം ആഴ്ച, 14ാം ആഴ്ച എന്നീ അവസരങ്ങളില്‍ പെന്റാവാലന്റ് വാക്സിനും നല്‍കേണ്ടതാണ്. മേല്‍പ്പറഞ്ഞ വാക്സിനുകള്‍ എല്ലാ കുഞ്ഞുങ്ങള്‍ക്കും സര്‍ക്കാര്‍ സൗജന്യമായി നല്കുന്നു. ഹെപ്പറ്റൈറ്റിസ് ബി രോഗബാധ സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ നല്കാന് മരുന്നുകള്‍ പ്രോഗ്രാമില്‍ ലഭ്യമാണ്.
2030 ഓടെ ഹെപ്പറ്റൈറ്റിസ് സി മൂലമുള്ള മരണം തടയുക എന്ന സുസ്ഥിര വികസന ലക്ഷ്യം നടപ്പാക്കുന്നതിനായി ചികിത്സാ കേന്ദ്രങ്ങളിലും തിരുവനന്തപുരം ഗവണ്മെന്റ് മെഡിക്കല്‍ കോളേജിലും (മാതൃകാ ചികിത്സാ കേന്ദ്രം) മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് സി രോഗത്തിന് 84 ദിവസത്തെ ചികിത്സ മതിയാകും. ഹെപ്പറ്റൈറ്റിസ് ബി രോഗത്തിന്റെ ചികിത്സ ജീവിതകാലം മുഴുവന്‍ തുടരേണ്ടതാണ്. മുന്‍കൂട്ടിയുള്ള രോഗനിര്‍ണയവും കൃത്യമായ ചികിത്സയും കരള്‍ രോഗം ഗുരുതരമാക്കാതിരിക്കാനും ഒരു പരിധി വരെ കരള്‍ അര്‍ബുദം (Hepato Cellular Carcinoma) തടയുന്നതിനും സഹായകമാകും. പോസിറ്റീവാകുന്ന രോഗികള്‍ക്ക് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ചികിത്സ തുടങ്ങാവുന്നതാണ്.

സ്ക്രീനിംഗിനായി റാപ്പിഡ് ടെസ്റ്റ് കിറ്റുകളും എല്ലാ ജില്ലകളിലേക്കും നല്‍കിയിട്ടുണ്ട്. ജയില്‍ അന്തേവാസികളിലെ സ്ക്രീനിംഗ് പൂര്‍ത്തിയായി കഴിഞ്ഞു. പോസിറ്റീവ് ആയവര്‍ക്ക് സൗജന്യ ചികിത്സയ്ക്കുള്ള ഒരുക്കവും നടന്നുകൊണ്ടിരിക്കുന്നു.
ഹെപ്പറ്റൈറ്റിസ് ബി, സി രോഗങ്ങള്‍ കണ്ടെത്തുന്നതിനുള്ള വൈറല്‍ ലോഡ് പരിശോധന സംസ്ഥാന പബ്ലിക് ഹെല്‍ത്ത് ലാബില്‍ സൗജന്യമായി ലഭ്യമാണ്. ഇത്തരത്തില്‍ സര്‍ക്കാര്‍ നല്കുന്ന പരിശോധനകളും ചികിത്സയും പ്രയോജനപ്പെടുത്തിയാല്‍ 2030 ഓടെ സുസ്ഥിര വികസന ലക്ഷ്യം നേടുവാന്‍ സാധ്യമാകും.
മേല്‍ സൂചിപ്പിച്ചതു കൂടാതെ എച്ച്ഐവി രോഗബാധിതരില്‍ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ കണ്ടെത്താനുള്ള നിരീക്ഷണവും 2021 ജനുവരിയോടെ തുടങ്ങിക്കഴിഞ്ഞു (HSS Plus Surveillance).
ഇത്തരത്തില്‍ എല്ലാ വിഭാഗങ്ങളിലും സ്ക്രീനിംഗ് പരിശോധനയിലൂടെ രോഗം കണ്ടെത്തി ചികിത്സിച്ച് ഗുരുതരാവസ്ഥയിലെത്താതെ ജീവിത ഗുണനിലവാരം കാത്ത് സൂക്ഷിക്കാന്‍ കഴിയും.
2020ല്‍ കോവിഡ് മഹാമാരി നിയന്ത്രണത്തോടൊപ്പം ദേശീയ വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പ്രോഗ്രാം ഊര്‍ജിതപ്പെടുത്തുകയും നിരീക്ഷണ സംവിധാനങ്ങള്‍ ത്വരിതപ്പെടുത്തി സ്ഥിരീകരണ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തു. ഇതുവഴി 2030 ഓടെ സുസ്ഥിര വികസന ലക്ഷ്യമായ ഹെപ്പറ്റൈറ്റിസ് സി ( Hepatitis C) രോഗ നിവാരണത്തോടൊപ്പം വൈറല്‍ ഹെപ്പറ്റൈറ്റിസ് മൂലമുള്ള മരണനിരക്ക്, രോഗാവസ്ഥ എന്നിവ കുറയ്ക്കുവാന്‍ സാധിക്കുമെന്ന് പ്രത്യാശിക്കാം.

പബ്ലിക് ഹെല്‍ത്തില്‍ അസിസ്റ്റന്റ് ഡയറക്ടറും എന്‍വിഎച്ച്സിപി, സ്റ്റേറ്റ് നോഡല്‍ ഓഫീസറുമാണ് ലേഖിക