LiveTV

Live

Health

വീട്ടിലൊരാള്‍ പൂര്‍ണമായും കിടപ്പിലായിപ്പോയാല്‍...

രോഗിയെ പരിഗണിക്കാം കൂടെ രോഗിയെ പരിചരിക്കുന്നവരെയും

വീട്ടിലൊരാള്‍ പൂര്‍ണമായും കിടപ്പിലായിപ്പോയാല്‍...

വീട്ടിലൊരാള്‍ പൂര്‍ണമായും കിടപ്പിലായിപ്പോകുന്ന ഒരു അവസ്ഥ ചിന്തിച്ചിട്ടുണ്ടോ. അത് ഓര്‍മ പോലും നശിച്ച്, ശരീരം പൂര്‍ണമായും തളര്‍ന്നാവാം, കഴുത്തിന് താഴേക്കോ അരയ്ക്ക് താഴേക്കോ തളര്‍ന്നാവാം, അപകടം പറ്റി താത്ക്കാലികമായിട്ടാവാം അല്ലെങ്കില്‍ പ്രായാധിക്യം മൂലമാകാം. ഇങ്ങനെ വീടിനകത്തായിപ്പോകുന്ന, കിടപ്പിലായിപ്പോകുന്ന ഒരു രോഗിയെ പൂര്‍ണമായും മുഴുവന്‍ സമയവും ശ്രൂശ്രൂഷിക്കേണ്ടി വരുന്നത് ആരായാലും ആ വ്യക്തി കടന്നുപോകുന്ന മാനസിക സംഘര്‍ഷങ്ങളെ ആ വീട് മുഴുവന്‍ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്.

വീട്ടിലൊരാള്‍ പൂര്‍ണമായും കിടപ്പിലായിപ്പോയാല്‍...

ഒരാൾ ഒരു രോഗിയുടെ കെയര്‍ടേക്കര്‍ ആയി മാറുന്നത് വളരെ അപ്രതീക്ഷിതമായിട്ടാവും. കിടപ്പിലായ രോഗിയുടെ പരിചാരകരായി വരുന്നത് പലപ്പോഴും അച്ഛൻ, അമ്മ, ഭാര്യ, ഭര്‍ത്താവ്, സഹോദരി, സഹോദരൻ, മകന്‍, മകള്‍ ഇങ്ങനെ ആരുമാകാം. രോഗിയുടെ ആ സമയത്തെ ശാരീരിക മാനസിക പ്രശ്നങ്ങളും പ്രയാസങ്ങളും അറിഞ്ഞും മനസ്സിലാക്കിയും വേണം പെരുമാറേണ്ടത് എന്നത് പരിചാരകരെ വല്ലാതെ കുഴക്കുന്ന കാര്യമാണ്. ഇതിനു പുറമെ സ്വന്തം ശാരീരികരോഗ്യവും, മാനസിക പിരിമുറുക്കവും, തൊഴിൽ സംബന്ധമായ ടെന്‍ഷനുകളും എല്ലാംകൂടി മാനേജ് ചെയ്യുക എന്നതും ഈ പരിചാരകരാകേണ്ടി വരുന്ന വ്യക്തിയെ ശരിക്കും സമ്മര്‍ദ്ദത്തിലാക്കും. കിടപ്പിലായ വ്യക്തിയുള്ള വീടുകളിലെ താളപ്പിഴവുകൾക്കു വരെ ഈ സമ്മര്‍ദ്ദങ്ങള്‍ കാരണമാകാറുണ്ട്. ഇങ്ങനെ ഉള്ള സാഹചര്യങ്ങളെ കഴിയുന്നതും ഒഴിവാക്കുക എന്നതാണ് പ്രധാനം. ഇത്തരം സാഹചര്യങ്ങള്‍ കുടുംബത്തിന്‍റെ സമാധാനം നഷ്ടപ്പെടുത്തുക മാത്രമല്ല രോഗിയുടെ ചികിത്സയെയും രോഗമുക്തിയെയും വരെ സാരമായി ബാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം രോഗങ്ങൾ കുടുംബാന്തരീക്ഷം മലിനമാക്കാതെ നോക്കേണ്ടതാണ്.

വീട്ടിലൊരാള്‍ പൂര്‍ണമായും കിടപ്പിലായിപ്പോയാല്‍...

പലപ്പോഴും ദൈവികമായ ചിന്തയാണ് പരിചാരകർക്കുവേണ്ട ക്ഷമയും കരുത്തും സന്നദ്ധതയും നൽകുന്നത്. എന്നാൽ ഇതിലുപരി ഒരുപാട് മോട്ടിവേഷൻ ചുറ്റിൽ നിന്നും ലഭിക്കേണ്ടതുണ്ട്, ഒരുപക്ഷേ രോഗിയെക്കാൾ പലതരം സ്ട്രെസ് ഇവർ അനുഭവിക്കുന്നുണ്ട്. അതിനാല്‍ തന്നെ മറ്റുള്ളവരിൽ നിന്നും പരിഗണന ലഭിക്കുന്നത് വലിയ ആശ്വാസമായിരിക്കും. അല്‍പം റെസ്റ്റ് എടുക്കാനും ആ സമയത്ത് രോഗിയുടെ കാര്യങ്ങള്‍ നോക്കാനായി പകരം ഒരാള്‍ ഉണ്ടാകുക എന്നതും ആശ്വാസമായിരിക്കും.

സുഖവിവരങ്ങൾ അന്വേഷിക്കാനും വിഷമങ്ങൾ പങ്കുവെക്കാനും മറ്റൊരാൾ കൂടെ ഉണ്ടാവുക, തയ്യാറായി വരുക എന്നത് ആശ്വാസകരമാണ്. സാമ്പത്തികവും ശാരീരികവുമായുള്ള സഹായം പലപ്പോഴും ആവശ്യമായിരിക്കും. തന്‍റെ വിഷമങ്ങളറിയാൻ, ആത്മാർത്ഥ സ്നേഹമുള്ളവർ തനിക്കുണ്ട് എന്നറിയുന്നത് തീർച്ചയായും ആശ്വാസകരമാണ്.

വീട്ടിലൊരാള്‍ പൂര്‍ണമായും കിടപ്പിലായിപ്പോയാല്‍...

ഏതൊരു മനുഷ്യനും അവന്‍റെ പ്രവൃത്തികൾക്കനുസരിച്ചുള്ള ഊർജം ആവശ്യമാണ്. വർഷങ്ങൾ എടുത്തു ചികിത്സ ചെയുന്ന രോഗികളുടെ പരിചാരകർക്ക് വേണ്ട ഊർജം നിലനിർത്തുക എന്നുള്ളത് ചുറ്റുപാടുള്ളവരുടെയും വേണ്ടപ്പെട്ടവരുടെയും ബാധ്യതയാണ്. ഉദാഹരണമായി പരിചാരകരായി നിൽക്കുന്നവർക്ക് അവരെ ആശ്രയിച്ചു നിൽക്കുന്ന മക്കൾ, ഭർത്താവ്, ഭർത്താവിന്‍റെ വീട്ടുകാർ എന്നിവരിൽനിന്ന് ഒരുപാട് സമ്മർദ്ദങ്ങൾ സ്വഭാവികമായി ഉണ്ടാകും. അവരുടേതായ ഒരുപാട് ആവശ്യങ്ങൾ, അതുപോലെ ജോലി സംബന്ധമായ ഒരുപാട് കാര്യങ്ങൾ എല്ലാം ഇതിനിടയില്‍ അവര്‍ ശ്രദ്ധിക്കേണ്ടതായിട്ടുണ്ടാകും. അതുകൊണ്ട് തന്നെ കുടുംബത്തിലെ ഓരോ അംഗത്തിന്‍റെ ഭാഗത്തുനിന്നും സഹകരണം, ക്ഷമ, വിട്ടുവീഴ്ച എന്നിവ ഉണ്ടാകുമ്പോഴേ കാര്യങ്ങള്‍ മുന്നോട്ടു പോകുകയുള്ളൂ.

നമുക്കു വേണ്ടപ്പെട്ടവർ അസുഖബാധിതർ ആവുമ്പോൾ ഒരുനാൾ നമ്മളും ആ അവസ്ഥയില്‍ എത്തിയേക്കാം എന്ന് ചിന്തിക്കുക. നമുക്ക് ജന്മനാ വൈകല്യമുള്ള ഒരു കുഞ്ഞുണ്ടെങ്കിൽ ആ കുഞ്ഞിനെ നാം ഏറ്റെടുക്കാതിരിക്കില്ല. കുഞ്ഞിന്‍റെ അച്ഛനോ അമ്മയോ തന്നെയാണ് ആ കുഞ്ഞിന്‍റെ പരിചാരകരായി എത്തുന്നത്. അതുകൊണ്ട് തന്നെ ഒന്നിലധികം ആളുകളുണ്ടാവുമ്പോൾ അവർ ചെയ്യട്ടെ എന്ന്ചിന്തിക്കുന്നതിനു പകരം, ഞാൻ ചെയ്യട്ടെ എന്ന് ചിന്തിക്കുകയാണെങ്കിൽ രോഗിക്കും മറ്റെല്ലാവർക്കും എളുപ്പത്തിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കുന്നു. അതുവഴി കുടുംബാന്തരീക്ഷം സമാധാനപരമായി മുന്നോട്ടു പോകുകയും ചെയ്യും.

വീട്ടിലൊരാള്‍ പൂര്‍ണമായും കിടപ്പിലായിപ്പോയാല്‍...

ആയുര്‍ഗ്രീന്‍ ഹോസ്പിറ്റലിലെ മെഡിക്കല്‍ സൂപ്രണ്ടന്‍റാണ് ലേഖിക