കോവിഡിനെ ചെറുക്കാന്‍ ചോണനുറുമ്പ് ചട്ട്നി; തീരുമാനമെടുക്കാന്‍ ആയുഷ് മന്ത്രാലയം
രാജ്യത്തിന്റെ ഗോത്ര മേഖലയില്‍ മരുന്നായി ഉപയോഗിച്ചു വരുന്നതാണ് ചോണനുറുമ്പ് ചട്ട്നി

കട്ടക്: കോവിഡിനെ സുഖപ്പെടുത്താന്‍ ചോണനുറുമ്പ് ചട്ടനിക്ക് കഴിവുണ്ടോ? കൗതുകകരമെന്ന് തോന്നാമെങ്കിലും ഇക്കാര്യത്തില്‍ മൂന്നു മാസത്തിനകം തീരുമാനമെടുക്കണം എന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഒറീസ ഹൈക്കോടതി. ഇതു സംബന്ധിച്ച ഹര്‍ജിയില്‍ കോടതി ആയുഷ് മന്ത്രാലയത്തിനും സിഎസ്ഐആറിനും നോട്ടീസ് അയച്ചു.
രാജ്യത്തിന്റെ ഗോത്ര മേഖലയില്‍ മരുന്നായി ഉപയോഗിച്ചു വരുന്നതാണ് ചോണനുറുമ്പ് ചട്ട്നി. ചുവന്ന ഉറുമ്പുകളും പച്ചമുളകും ചേര്‍ത്താണ് ഇതുണ്ടാക്കുന്നത്. പനി, ചുമ, സാധാരണ ജലദോഷം, ശ്വാസതടസ്സം തുടങ്ങിയ അസുഖങ്ങള്‍ക്ക് ഒഡിഷ, ഛത്തീസ്ഗഡ്, പശ്ചിമബംഗാള്‍, നാഗാലാന്‍ഡ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇത് മരുന്നായി ഉപയോഗിക്കുന്നുണ്ട്.
ബാരിപാഡ ആസ്ഥാനമായ എഞ്ചിനീയര്‍ നയാധര്‍ പധിയാല്‍ വിഷയത്തില്‍ ഇടപെടണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത്.
'കേസിന്റെ മെറിറ്റില്‍ അഭിപ്രായ പ്രകടനം നടത്തുന്നില്ല. മൂന്നു മാസത്തിനകം വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ആയുഷ് മന്ത്രാലയത്തോടും കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിനോടും ആവശ്യപ്പെടുന്നു' - ഹര്‍ജിയില്‍ വാദം കേട്ട ജസ്റ്റിസുമാരായ ബിആര്‍ സാരംഗി, പ്രമഥ് പട്നായിക് എന്നിവര്‍ അടങ്ങുന്ന ഡിവിഷന് ബഞ്ച് വ്യക്തമാക്കി.