ഈ അഞ്ചുകാര്യങ്ങള്‍ ജീവിതത്തില്‍ പാലിക്കുമെന്ന് പ്രതിജ്ഞയെടുക്കൂ; 2021 ല്‍ സന്തോഷം ഉറപ്പ്
2021 ലെ സന്തോഷത്തിനായി നടപ്പില്‍ വരുത്താവുന്ന 5 പുതിയ തീരുമാനങ്ങള്‍ ഇതാ

അതേ, പുതിയ വര്‍ഷമാണ്, പുതിയ ലക്ഷ്യങ്ങള്‍ നേടാനുള്ള കൃത്യമായ സമയമാണ്. പുതുവര്‍ഷങ്ങള്‍ മനുഷ്യരെ സംബന്ധിച്ചിടത്തോളം പുതിയ തീരുമാനങ്ങള്‍ എടുക്കുന്ന കാലങ്ങള്‍ കൂടിയാണ്... പുതിയ ലക്ഷ്യങ്ങള്‍, പുതിയ വാഗ്ദാനങ്ങള്‍ തുടങ്ങി നമ്മുടെ സന്തോഷത്തിനായി എന്ത് ചെയ്യാനാകുമെന്ന ചിന്തകളിലൂടെയാവും ഡിസംബര്‍ അവസാനം ഓരോരുത്തരും കടന്നുപോകുന്നത്.
മുന്നോട്ടുള്ള ജീവിതത്തിന് പ്രതീക്ഷ നല്കുന്നതാകണം നമ്മുടെ ലക്ഷ്യങ്ങള്‍, ജീവിതത്തിന് പോസിറ്റീവ് ഊര്‍ജം നിറയ്ക്കുന്നതാകണം നമ്മുടെ തീരുമാനങ്ങള്‍. ആ തീരുമാനങ്ങളും ലക്ഷ്യങ്ങളും നമ്മുടെ ബിസിനസ്സിനുള്ള പുരോഗതിക്കോ അത്തരത്തിലുള്ള മറ്റ് നേട്ടങ്ങള്‍ക്കോ വേണ്ടി മാത്രമായിരിക്കരുത് എന്നുമാത്രം. വ്യക്തി ജീവിതത്തിലെ സന്തോഷങ്ങള്‍ വര്‍ധിപ്പിക്കാനുള്ള ചില തീരുമാനങ്ങള്‍ കൂടി ഇത്തവണ എടുക്കാം. അതാവും മുന്നോട്ടുള്ള ജീവിതത്തിന്റെ തിളക്കം കൂട്ടുന്നതും മുന്നോട്ടുള്ള വഴി എളുപ്പമാക്കുന്നതും. എല്ലാത്തിനുമുപരി സ്വന്തം സന്തോഷത്തിനാവണം പുതുവര്‍ഷത്തില്‍ ഒരാള്‍ മുന്‍ഗണന നല്‍കേണ്ടത് എന്ന തീരുമാനമെങ്കിലുമെടുക്കണം..

ജീവിതത്തിലെ സന്തോഷം വര്‍ധിപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ:
1. സ്വയം പരിഗണിക്കുക, അതിന് മുന്‍ഗണന നല്‍കുക
നിങ്ങളുടെ ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് മറ്റൊരാളേക്കാള്‍ അറിയുക നിങ്ങള്‍ക്കാണ്. അതുകൊണ്ടുതന്നെ ആ അവശ്യങ്ങള്‍ നിറവേറ്റാന്‍ മുന്‍കൈ എടുക്കേണ്ടതും നിങ്ങള്‍ തന്നെയാണ്. അതുതന്നെയാണ് അതിന്റെ ശരിയെന്നും മനസ്സിലാക്കുക. നിങ്ങളുടെ ജീവിതകാലത്ത് നിങ്ങള്‍ക്ക് വേണ്ടി എന്ത് ചെയ്യുന്നുവോ, അതാണ് നിങ്ങളുടെ മാനസികവും ശാരീരവുമായ ആരോഗ്യത്തെ നിലനിര്‍ത്താന്‍ സഹായിക്കുന്നത്. നിങ്ങളെ സന്തോഷിപ്പിക്കുന്നതെന്തും നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ചെയ്യുക. നിങ്ങളെ പരിഗണിക്കുന്ന മനുഷ്യരെ ചേര്‍ത്തുനിര്‍ത്തുക, നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ഒരിക്കലും കുറ്റബോധം തോന്നാതിരിക്കുക.. ഇതാണ് പുതിയ വര്‍ഷത്തില്‍ നിങ്ങളെടുക്കേണ്ട ആദ്യ തീരുമാനം. ഒന്ന് നടപ്പില്‍ വരുത്തിനോക്കൂ.. അതിന്റെ റിസള്‍ട്ട് സ്വയം അനുഭവിച്ചറിയാം.

2. ഇടയ്ക്കിടയ്ക്ക് ഒറ്റയ്ക്കൊരു യാത്ര പോകുക
നിങ്ങള്‍ എപ്പോഴെങ്കിലും ഒറ്റയ്ക്കൊരു യാത്ര പോയിട്ടുണ്ടോ? ഒറ്റയ്ക്ക് ഒരല്‍പ്പദൂരം ആദ്യമായി യാത്ര പോകുന്നത് ആദ്യം ഒന്ന് നിങ്ങളെ പരിഭ്രമിപ്പിച്ചേക്കാം. പക്ഷേ, അത്രത്തോളം ആനന്ദം നല്കുന്ന മറ്റൊരു സമയം നിങ്ങളുടെ ജീവിതത്തില്‍ വേറെയുണ്ടാവില്ല. നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി ചെയ്യുന്ന യാത്രയോളം നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരുന്ന മറ്റൊരു സമയമുണ്ടാകില്ല. ആ യാത്രയുടെ അതിര്‍ത്തികളും നിയമങ്ങളും എല്ലാം തീരുമാനിക്കുന്നത് നിങ്ങള്‍ മാത്രമാണ്. നമ്മുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും തിരിച്ചറിയാനുള്ള ഒരു അവസരം കൂടിയായിരിക്കും ഇത്തരം യാത്രകള്‍. എല്ലാത്തിനുമുപരി, ഒറ്റയ്ക്കുള്ള യാത്രയെന്നാല്‍ അത് നമ്മുടെ കംഫര്‍ട്ട് സോണില്‍ നിന്നുള്ള ഇറങ്ങി നടക്കലുകളാണ്. വെല്ലുവിളികളെ ഏറ്റെടുക്കലാണ്. ജീവിതത്തെ മാറ്റിമറിയ്ക്കുകയാണ്.

3. ബന്ധങ്ങളെ അതേ അര്‍ത്ഥത്തില്‍ അംഗീകരിക്കുകയും ചേര്‍ത്തുപിടിക്കുകയും ചെയ്യുക
നിങ്ങള്‍ വിവാഹം കഴിക്കാത്ത, പ്രണയബന്ധങ്ങളില്ലാത്ത ഒരാളോ, അല്ലെങ്കില്‍ ഏതെങ്കിലും അര്‍ത്ഥത്തില്‍ ഒരാളുമായി അടുത്ത ബന്ധമുള്ള ആളോ ആയിക്കൊള്ളട്ടെ, ആ അവസ്ഥയെ അതേ അര്‍ത്ഥത്തില്‍ അംഗീകരിക്കുക. നമ്മള് ആശ്രയിക്കുന്ന ആള് ഒരുപക്ഷേ നമ്മെ സന്തോഷിപ്പിക്കണം എന്നില്ല. മറ്റൊരാളില്‍ സന്തോഷം തേടുന്നതിന് മുമ്പ്, അത് നമ്മുടെ ഉള്ളിലേക്ക് നോക്കി കണ്ടെത്തുകയാണ് വേണ്ടത്. ബാച്ചിലര്‍ ലൈഫ് ആണെങ്കില്‍ ആ സ്വതന്ത്ര്യം ആസ്വദിക്കുക. ഇനി കൂടെ കൂട്ടായി ഒരാള്‍ ഉണ്ടെങ്കില്‍ അവരെ അംഗീകരിക്കൂകയും തുല്യതയോടെ ഒരുമിച്ച് ജീവിതം ആസ്വദിക്കുകയും ചെയ്യുക.
നിങ്ങളുടെ ബന്ധത്തിലെ പോരായ്മകളില്‍ ഒരിക്കലും സങ്കടപ്പെട്ടിരിക്കരുത്. പകരം, ജീവിതത്തില്‍ ലഭിച്ചതെന്താണോ അതില്‍ സന്തോഷം കണ്ടെത്തുക.

4. നിങ്ങള്‍ നിങ്ങളോട് എന്നും സത്യസന്ധത പുലര്‍ത്തുക
ചിലപ്പോള്‍, ചിന്തകളും വികാരങ്ങളും എല്ലാം കൂടി നമ്മളെ വല്ലാത്തൊരു മാനസികാവസ്ഥയിലെത്തിച്ചേക്കാം. പക്ഷേ, ആത്മപരിശോധയ്ക്കായി അപ്പോള്‍ തന്നെ കുറച്ചുസമയം മാറ്റിവെച്ചേക്കുക. അത് നിങ്ങളുടെ സന്തോഷം തിരിച്ചു തന്നേക്കും. ഇപ്പോള്‍ നിങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നത് എങ്ങനെയാണോ അതുപോലെ മുന്നോട്ട് പോകുന്നതിനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്, അല്ലെങ്കില്‍ ഇപ്പോള്‍ ജീവിതം മുന്നോട്ട് പോകുന്ന വഴിയെ നിങ്ങള്‍ വെറുക്കുന്നുണ്ടോ എന്ന് സ്വയം വിലയിരുത്തുക. എന്തൊക്കെയാണ് നിങ്ങളുടെ സന്തോഷത്തിന് നിങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ എന്ന് തിരിച്ചറിയുക, അതിലേക്കുള്ള ലക്ഷ്യങ്ങളെ സത്യസന്ധമായി നേടിയെടുക്കുക. പക്ഷേ, അപ്പോഴും അത് നിങ്ങളെ സന്തോഷിപ്പിക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടയ്ക്ക് സ്വയം ചോദിച്ചുകൊണ്ടേയിരിക്കുക. കൂട്ടത്തിലെന്തെങ്കിലും നിങ്ങളെ പേടിപ്പെടുത്തുകയോ അസ്വസ്ഥതപ്പെടുത്തുകയോ ചെയ്യുന്നുണ്ടെങ്കില്‍, ഉറപ്പിക്കൂ ആ വഴി നിങ്ങളെ ഒരിക്കലും സന്തോഷമെന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുകയില്ല.

5. സഹായം ആവശ്യമുള്ളപ്പോള്‍ അത് അവശ്യപ്പെടുക തന്നെ ചെയ്യുക
നമ്മുടെ സന്തോഷത്തിന്റെ ഏറ്റവും അവസാനത്തെ കാര്യം ഒരു കുഞ്ഞു കാര്യമാണ്. നമുക്ക് ആവശ്യമുള്ള ഒരു സഹായം മറ്റൊരാളോട് തേടുന്നതില്‍ ഒട്ടും നാണം തോന്നേണ്ട കാര്യമില്ല. നമ്മള് ഒരാളോട് സഹായം തേടുന്നതിന് നാം ഒരു മോശം വ്യക്തിയാണെന്നോ ഒന്നിനും കൊള്ളാത്ത വ്യക്തിയാണെന്നോ അര്‍ത്ഥമില്ല. അത്തരം പ്രശ്നങ്ങളെയും നാം അഭിമുഖീകരിക്കേണ്ടതുണ്ട്. കാരണം ഒരു വ്യക്തിയും അതിമാനുഷിക കഴിവുകളൊന്നുമുള്ളവരല്ല. എല്ലാവര്ക്കും ജീവിതത്തില്‍ മറ്റൊരാളുടെ സഹായം ആവശ്യമായി വരുന്ന സന്ദര്‍ഭങ്ങളുണ്ട്. അതിനാല്‍ അടുത്ത തവണ, ജീവിതത്തില്‍ എന്തെങ്കിലും കാര്യത്തില്‍ ഒരു പരിഭ്രമം തോന്നുന്നുവെങ്കില്‍, ഒരു കാര്യം എങ്ങനെ ചെയ്യുമെന്ന് അറിയില്ലായെങ്കില് സഹായം തേടൂ, ആരോടായാലും. അതില്‍ പേടിക്കേണ്ട ഒന്നുമില്ല. അതിന്റെ അവസാനം നിങ്ങളുടെ സന്തോഷമാണ് ഉണ്ടാവേണ്ടത്.