LiveTV

Live

Health

മാനസികാരോഗ്യം തിരിച്ചുപിടിക്കണോ: പടികള്‍ കയറിയിറങ്ങൂ; ഒപ്പം ഇക്കാര്യങ്ങളും ശ്രദ്ധിക്കൂ...

എത്രയെന്ന് വെച്ചിട്ടാണ് വീടിനുള്ളിലോ വീടിനുചുറ്റുമോ ടെറസിലോ നടക്കുകയും ഓടുകയും ചെയ്യുക എന്നാണോ.. ഇത്തിരിവട്ടത്തില്‍ ഇതിനെല്ലാം പരിമിതികളില്ലേ എന്നാണോ.. പ്രതിവിധിയുണ്ട്..

മാനസികാരോഗ്യം തിരിച്ചുപിടിക്കണോ: പടികള്‍ കയറിയിറങ്ങൂ; ഒപ്പം ഇക്കാര്യങ്ങളും ശ്രദ്ധിക്കൂ...

ഇന്നത്തെ കാലത്ത്, പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത് എല്ലാവരുടെയും മാനസികാരോഗ്യം തുലാസിലാണ്... ചിലര്‍ക്ക് വീടിനകത്തായതും യാത്രകളില്ലാതെയായതും ആണ് മനസ്സ് മടുപ്പിക്കുന്നതെങ്കില്‍ മറ്റു ചിലര്‍ക്ക് ജോലിയിലുള്ള അനിശ്ചിതത്വവും സ്ഥിരവരുമാനമില്ലാതെയായതും എല്ലാം ടെന്‍ഷനുള്ള കാരണങ്ങളാണ്. കാരണങ്ങള്‍ പലതാണെങ്കിലും, കാരണങ്ങള്‍ തിരിച്ചറിയുന്നില്ലെങ്കിലും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ എല്ലാവരും മാനസികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.

മാനസികാരോഗ്യം തിരിച്ചുപിടിക്കാന്‍ വ്യായാമം നല്ലൊരു മരുന്നാണ്. പലരും മോണിംഗ് വാക്കിംഗിനും, ജോഗിങ്ങിനും ജിമ്മിലും ഒക്കെ പോകുന്നുമുണ്ട്. കോവിഡ് ഭീതിയില്‍ വീടിന് പുറത്ത് വ്യായാമത്തിനായി പോകുന്നതിലുള്ള ആശങ്കയും ആളുകളിലുണ്ട്. പിന്നെയെന്ത് ചെയ്യും, എത്രയെന്ന് വെച്ചിട്ടാണ് വീടിനുള്ളിലോ വീടിനുചുറ്റുമോ ടെറസിലോ നടക്കുകയും ഓടുകയും ചെയ്യുക എന്നാണോ.. ഇത്തിരിവട്ടത്തില്‍ ഇതിനെല്ലാം പരിമിതികളില്ലേ എന്നാണോ.. പ്രതിവിധിയുണ്ട്.. അതില്‍ പ്രധാനപ്പെട്ടത് പടികള്‍ കയറിയിറങ്ങുക എന്നതാണെന്ന് പറയുന്നു വിദഗ്ധര്‍.

മാനസികാരോഗ്യം തിരിച്ചുപിടിക്കണോ: പടികള്‍ കയറിയിറങ്ങൂ; ഒപ്പം ഇക്കാര്യങ്ങളും ശ്രദ്ധിക്കൂ...

ചവിട്ടുപടികള്‍ കയറിയിറങ്ങുന്നത് വ്യക്തികളുടെ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുന്നുവെന്നാണ് സയന്‍സ് അഡ്‍വാന്‍സെസ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ദിവസവും പടികള്‍ കയറിയിറങ്ങുന്നത് ശരീരത്തിലെ ഊര്‍ജവും ഉണര്‍വും നിലനിര്‍ത്താന്‍ സഹായിക്കുന്നു. അത് നമ്മുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്നുവെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകര്‍ പറയുന്നു. സാമൂഹിക അകലവും പൊതുവിടങ്ങളിലെ കൂടിച്ചേരലുകളും വിലക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കോവിഡ് കാലത്ത് വ്യായാമത്തിനും അതുവഴി മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും പടികള്‍ കയറിയിറങ്ങുന്നത് വളരെ ഫലപ്രദമാണെന്ന് സൈക്യാട്രി ആന്‍റ് സൈക്കോതെറാപ്പി ക്ലിനിക്കിലെ ന്യൂറോസയന്‍സ് സൈക്യാട്രി റിസേര്‍ച്ച് ഗ്രൂപ്പ് തലവന്‍ പ്രൊഫസര്‍ ഹെയ്ക്ക് ടോസ്റ്റും പറയുന്നു.

നാഷണല്‍ ഹെല്‍ത്ത് പോര്‍ട്ടല്‍ ഓഫ് ഇന്ത്യ 18 വയസ്സിനും 64 വയസ്സിനും ഇടയില്‍ പ്രായമുള്ളവരുടെ ഇടയില്‍ നടത്തിയ ഒരു പഠനപ്രകാരം ഓരോ ആഴ്ചയും 150 മിനിറ്റ് വീതം നടക്കുന്നത് ഗുണം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഇരട്ടിയാക്കി വര്‍ധിപ്പിക്കുന്നത് ഇരട്ടി ഗുണം നല്‍കുമെന്നും വിദഗ്ധര്‍ പറയുന്നു. കാരണം അത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും. അതായത് പടികള്‍ കയറുന്നതിനൊപ്പം ഒരാഴ്ച ഒരു 150 മിനിറ്റ് നടക്കുന്നത് മാനസികാരോഗ്യത്തിന് ഗുണം ചെയ്യും. ദിവസേനയുള്ള വ്യായാമവും ഭക്ഷണനിയന്ത്രണവും ശരീരഭാരം കുറയ്ക്കുമെങ്കിലും അതിനൊപ്പം ഒരിത്തിരി നടത്തവും പടികയറ്റവും സ്ഥിരമാക്കിയാല്‍ മാനസികാരോഗ്യം കൂടി തിരിച്ചുപിടിക്കാം.

മാനസികാരോഗ്യം തിരിച്ചുപിടിക്കണോ: പടികള്‍ കയറിയിറങ്ങൂ; ഒപ്പം ഇക്കാര്യങ്ങളും ശ്രദ്ധിക്കൂ...

ഇനി ഇതിനൊപ്പം ജിമ്മില്‍ പോയി വ്യായാമം ചെയ്യാന്‍ കഴിയുന്നില്ല എന്ന നിരാശയൊന്നും വേണ്ട. നടന്നുപോകാനുള്ള ദൂരമല്ല മാര്‍ക്കറ്റിലേക്ക് എങ്കില്‍ കാറിന് പകരം സൈക്കിള്‍ ഉപയോഗിക്കുക, പടികളും ലിഫ്റ്റും ഉള്ളിടത്ത് എത്തിയാല്‍ മനഃപൂര്‍വം ചവിട്ടുപടികള്‍ ഉപയോഗിച്ചുതന്നെ കയറുക, കൈയില്‍ അഴുക്കാവുന്ന വീട്ടുജോലികള്‍- അതായത്, അല്ലറചില്ലറ പച്ചക്കറിതോട്ട നിര്‍മ്മാണം, തറ തുടക്കുക, വസ്ത്രം അലയ്ക്കാന്‍ വാഷിംഗ് മെഷിന്‍ ഉപയോഗിക്കാതിരിക്കുക എന്നീ നിര്‍ദേശങ്ങളും മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ വിദഗ്ധര്‍ മുന്നോട്ടുവെക്കുന്നണ്ട്.