LiveTV

Live

Health

ശാരീരിക പ്രേരണകളെ പിടിച്ചു നിർത്തല്ലേ; പ്രശ്‌നങ്ങൾ ഗുരുതരമാണ്

ഈ സ്വാഭാവിക പ്രേരണകളെ ബാലപ്രയോഗത്തിലൂടെ അടിച്ചമർത്തുന്നതിൽ നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന കാര്യം നിങ്ങൾക്കറിയാമോ?

ശാരീരിക പ്രേരണകളെ പിടിച്ചു നിർത്തല്ലേ; പ്രശ്‌നങ്ങൾ ഗുരുതരമാണ്

നമ്മുടെ നിയന്ത്രണത്തിൽ അല്ലാത്ത, തികച്ചും ശാരീരികമായ പലതരം 'മുട്ടലുകൾ' അഥവാ പ്രേരണകൾ ഉണ്ട്. ദാഹം, വിശപ്പ്, ഉറക്കം, ചുമ, അധ്വാനത്തിന് ശേഷമുള്ള കൊട്ടുവാ, കണ്ണുനീർ, ഛർദ്ദി, അധോവായു (കീഴ്വായു) മലവിസർജനം, മൂത്രവിസർജനം, തുമ്മൽ തുടങ്ങിയവ. അവയിൽ ചിലതിനെ ബലമായി തടഞ്ഞുവെക്കാൻ നാം ശ്രമിക്കാറുമുണ്ട്; ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിൽ ഇടവേള വരാതിരിക്കാനോ, സമയം ലാഭിക്കാനോ അല്ലെങ്കിൽ സാമൂഹികമായ മാനാഭിമാനം കാരണമോ ആയിരിക്കാം അത്. എന്നാൽ, ഈ സ്വാഭാവിക പ്രേരണകളെ ബാലപ്രയോഗത്തിലൂടെ അടിച്ചമർത്തുന്നതിൽ നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന കാര്യം നിങ്ങൾക്കറിയാമോ? കാരണം, ഈ ഓരോ പ്രക്രിയകളും ശരീരത്തിലെ വിസർജ്യങ്ങളെ പുറംതള്ളാനോ, ആവശ്യങ്ങളെ നിറവേറ്റാനോ വേണ്ടി പ്രകൃതി തന്നെ സംവിധാനിച്ചിട്ടുള്ളതാണ്.

ഓരോ ശാരീരിക പ്രേരണയും ബലമായി പിടിച്ചുനിർത്താൻ നാം ശ്രമിച്ചാൽ ഉണ്ടാകുന്ന പ്രശ്‌നങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ദാഹം: ദാഹമകറ്റാതെ കുറെസമയം ചെലവഴിക്കുകയാണ് ചെയ്യുന്നതെങ്കിൽ ഉദരസംബന്ധമായ രോഗങ്ങൾക്കും, ശരീര ശോഷണം, ബലഹീനത, കണ്ണുസംബദ്ധമായ അസുഖങ്ങൾ, ബോധക്ഷയം, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയ്ക്കും കാരണമാകും.

വിശപ്പ്: നന്നായി വിശന്നിട്ടും കുറെ ഭക്ഷണം കഴിക്കാതെ അത് നീട്ടിക്കൊണ്ടുപോവുകയാണെങ്കിൽ, ശരീരവേദന, അരുചി, ഭക്ഷണം കഴിക്കാൻ ഉള്ള താല്പര്യക്കുറവ്, ക്ഷീണം, ശരീരഭാരം കുറയൽ, വയറുവേദന, വായുസംബന്ധമായ രോഗങ്ങൾ എന്നിവയുണ്ടാകും.

ഉറക്കം: ശരീരത്തിന് ആവശ്യമായ ഉറക്കം നൽകിയില്ലെങ്കിൽ തലയ്ക്കും കണ്ണുകൾക്കും ഭാരം അനുഭവപ്പെടും. അതിനുപുറമെ, അലസതയ്ക്കും ശരീരവേദനക്കും കാരണമാകും.

ചുമ: ചുമ അടിച്ചമർത്തുന്നതിലൂടെ അസ്തമ, ശ്വസിക്കാൻ ഉള്ള ബുദ്ധിമുട്ട്, ഹൃദയസംബന്ധമായ അസുഖങ്ങൾ, ശോഷംഎന്നിവയുണ്ടാകാം.

കിതപ്പ്: ശരീരം കഠിനമായി അധ്വാനിച്ചതിനു ശേഷമുള്ള തുടർച്ചയായ ശ്വസനപ്രക്രിയയെ പിടിച്ചുനിർത്താൻ ബലമായി ശ്രമിക്കുകവഴി ശാരീരിക അസ്വസ്ഥതയും ശ്വാസകോശത്തിന്റെ ശേഷിക്കുറവും വിളിച്ചുവരുത്തുകയാണ് നമ്മൾ ചെയ്യുന്നത്. കാർഡിയാക് ഡിസോഡർ പോലുള്ള പ്രശ്‌നങ്ങളുണ്ടാകാനും ബോധം നഷ്ടപ്പെടാനും വരെ ഇത് കാരണമായേക്കാം.

കോട്ടുവാ: പ്രധാനപ്പെട്ട മീറ്റിങ്ങിനിടയിൽ കോട്ടുവാ ഇടാൻ പ്രേരണയുണ്ടായാൽ അത് അടിച്ചമർത്തുക പലരുടെയും പതിവാണ്. പക്ഷാഘാതം, ഫേഷ്യൽ പാൽസി, താടിയിലെ പേശികളുടെ ബലക്കുറവ്എന്നിവയ്ക്ക് അത് കാരണമാകും.

കണ്ണീർ: കണ്ണുനീർ പിടിച്ചുനിർത്തുന്നതിലൂടെ മൂക്കൊലിപ്പ്, റിനിറ്റിസ്, നേത്രരോഗങ്ങൾ, ഹൃദ് രോഗങ്ങൾ, കഴുത്തിലെ കാഠിന്യം എന്നിവയുണ്ടായേക്കാം.

ഛർദി: ഛർദിക്കാനുള്ളപ്പോൾ അത് ബലമായി പിടിച്ചുനിർത്തിയാൽ ചർമരോഗം പിടിപെടാനും ത്വക്ക് അലർജിക്കും വിളർച്ചക്കും അതിടയാക്കിയേക്കാം. ഇതിനുപുറമെ കരൾരോഗങ്ങളുടെ ആദ്യഘട്ടങ്ങളും പനിയും ചുമയും ആസ്ത്മയും ഇതുകാരണം ഉണ്ടാകാനിടയുണ്ട്.

കീഴ്‍വായു: കീഴ്‍വായു തടഞ്ഞുനിർത്തുന്നതിലൂടെ വയറുവേദന, വായുവ്യത്യാനം, അകാരണമായ ക്ഷീണം, മലബന്ധം, മൂത്രം ഒഴിക്കാൻ ബുദ്ധിമുട്ട്, കാഴ്ച നഷ്ടം, ദഹനശേഷി നഷ്ടപ്പെടൽ, ആമാശയ രോഗങ്ങൾ എന്നിവ പിടിപെടാം.

മലവിസർജനം: മലവിസർജനം അടിച്ചമർത്തുന്നതു കാരണമായി പേശികൾ വളച്ചൊടിക്കുന്ന പോലുള്ള വേദന, തലവേദന, വായുവിന്റെ മുകളിലേക്കു ഉള്ള ചലനം, മലദ്വാരം ചൊറിച്ചിൽ, ഛർദി എന്നിവയുണ്ടാകാം.

മൂത്രം: മൂത്രം യഥാസമയത്ത് ഒഴിക്കാതിരുന്നാൽ ശരീര വേദനയും മൂത്രത്തിൽ കല്ലും ലിംഗത്തിലും മുത്രസഞ്ചി മേഖലയിലും വേദനയും ഉണ്ടാകാനിടയുണ്ട്.

തികട്ടൽ: തികട്ടല്‍ അടിച്ചമർത്തിയാൽ ഭക്ഷണം കഴിക്കാനുള്ള താൽപര്യകുറവ്, വിറയൽ, മലബന്ധം, നെഞ്ചു വേദന, വയറുവേദന, ജലദോഷം, ചുമഎന്നിവയുണ്ടാവാം.

തുമ്മൽ: തുമ്മൽപിടിച്ചുനിർത്തുന്നത് തലവേദന, ഇന്ദ്രിയങ്ങളുടെ ബലഹീനത, കഴുത്തിലെ കാഠന്യം, പക്ഷാഗാതം, ഫേഷ്യൽ പാൽസിഎന്നിവയ്ക്കും കാരണമാകും.

ഇവക്കെല്ലാം പുറമെഅതതു ഭാഗങ്ങളിലെ പേശികളുടെ ബലഹീനതയ്ക്കും മനഃപൂർവമുള്ള പിടിച്ചുനിർത്തൽ കാരണമാകാനിടയുണ്ട്. അതിനാൽ, സമയലാഭത്തിനോ സമൂഹമാന്യത്തിനോ വേണ്ടി നാം നമ്മുടെ ആരോഗ്യം നശിപ്പിക്കാതിരിക്കുക.

ശാരീരിക പ്രേരണകളെ പിടിച്ചു നിർത്തല്ലേ; പ്രശ്‌നങ്ങൾ ഗുരുതരമാണ്

(ആയുർഗ്രീന്‍ ഹോസ്പിറ്റലിലെ അസിസ്റ്റന്റ് ഫിസിഷ്യന്‍ ആണ് ലേഖകന്‍)