LiveTV

Live

Health

തലവേദനയ്ക്ക് കാരണം ടെന്‍ഷനാണെങ്കില്‍....

തൊട്ടുമുമ്പ് നടന്ന എന്തോ എന്ന് നിങ്ങളെ സമ്മര്‍ദ്ദത്തില്‍ ആക്കിയോ, അതാണോ തലവേദനയ്ക്ക് കാരണം? ഇതാ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ, വെറുതെ ഗുളിക വിഴുങ്ങാതെ...

തലവേദനയ്ക്ക് കാരണം ടെന്‍ഷനാണെങ്കില്‍....

ടെന്‍ഷന്‍ വരുമ്പോഴേക്ക് തല വേദനിക്കുന്ന പോലുണ്ടോ, അല്ലെങ്കില്‍ തലവേദനയ്ക്ക് എന്താണ് കാരണമെന്താണെന്ന് ഒന്ന് റിവൈന്‍ഡ് അടിച്ചുനോക്കിയിട്ടുണ്ടോ- തൊട്ടുമുമ്പുള്ള നിമിഷത്തില്‍ നടന്ന എന്തോ എന്ന് നിങ്ങളെ സമ്മര്‍ദ്ദത്തില്‍ ആക്കിയിട്ടുണ്ടാകും. ഒന്ന് ഇരുന്ന് ആലോചിച്ചാല്‍ കാരണം കിട്ടും. കാരണം കിട്ടിക്കഴിഞ്ഞാലോ, അങ്ങ് വിട്ടുകളഞ്ഞേക്കുക, ടെന്‍ഷനെയും, പിന്നെ ടെന്‍ഷനുണ്ടാക്കിയ ആ കാരണത്തേയും.

മിക്കപ്പോഴും തലവേദനയുടെ അടിസ്ഥാന കാരണം ടെന്‍ഷന്‍ അഥവാ മാനസിക സമ്മര്‍ദമാണ്. മാനസിക സമ്മര്‍ദം നിലനില്‍ക്കുന്നിടത്തോളം അത് തുടരും. വേദന കഠിനമായിരിക്കുമെങ്കിലും ഈ തലവേദനകള്‍ ഒരിക്കലും ഗുരുതരമായ ആരോഗ്യപ്രശ്‌നത്തിന്‍റെ സൂചനയല്ല. അര മണിക്കൂര്‍ മുതല്‍ ഒരാഴ്ച വരെ ഇത്തരം തലവേദന നീണ്ടുനില്‍ക്കും. വേദന സഹിക്ക വയ്യാതെ ചിലര്‍ നെറ്റിയില്‍ ഒരു വലിയ കെട്ട് മുറുക്കിക്കെട്ടി നടക്കുന്നത് വരെ കാണാം.

തലവേദനയ്ക്ക് കാരണം ടെന്‍ഷനാണെങ്കില്‍....

രോഗമെങ്ങനെ തിരിച്ചറിയാം:

വ്യക്തിയുടെ ആരോഗ്യം, ജീവിതശൈലി, മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിശകലനം ചെയ്താണ് ഡോക്ടര്‍മാര്‍ ഒരാളുടെ തലവേദന ടെന്‍ഷന്‍ മൂലമുളളതാണോ എന്നു കണ്ടെത്തുന്നത്. ശാരീരിക പരിശോധനകളും കൃത്യമായ രോഗനിര്‍ണയത്തിന് സഹായകമാകും. തീവ്രമായ വേദന തുടരുന്നുവെങ്കില്‍ സ്കാനിംഗ് വേണ്ടിവരും.

തലവേദനയ്ക്ക് കാരണം ടെന്‍ഷനാണെങ്കില്‍....

ലക്ഷണങ്ങള്‍ ഇങ്ങനെയാണോ, ഒന്ന് ഓര്‍ത്തുനോക്കൂ

വേദന സ്ഥിരമായി നിലനില്‍ക്കുന്നു. വേദനയില്‍ കാര്യമായ കൂടുതലോ കുറവോ അനുഭവപ്പെടുന്നില്ല. തലയുടെ ഇരുവശങ്ങളിലും കൂടുതല്‍ സമ്മര്‍ദം അനുഭവപ്പെടുന്നു. തുളച്ചുകയറുന്ന വേദന ഇടയ്ക്ക് വരുന്നതിനാല്‍ കണ്ണുതുറക്കാന്‍പോലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ടെന്‍ഷന്‍ തലവേദന ഒരു തവണ മാറിയാലും മാനസിക പിരിമുറുക്കം അനുഭവപ്പെടുമ്പോള്‍ പിന്നെയും തിരിച്ചുവരുന്നു.

തലവേദനയ്ക്ക് കാരണം ടെന്‍ഷനാണെങ്കില്‍....

എന്തൊക്കെയാണ് ഇങ്ങനെ തലവേദന വരാന്‍ കാരണങ്ങള്‍

ടെന്‍ഷന്‍ തലവേദനയുടെ കൃത്യമായ കാരണം വ്യക്തമല്ല. പിരിമുറുക്കം മൂലം കഴുത്ത്, മുഖം, തല എന്നിവിടങ്ങളിലെ പേശികള്‍ക്കുണ്ടാകുന്ന വലിച്ചില്‍ ടെന്‍ഷന്‍ തലവേദനയ്ക്ക് കാരണമായേക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. തലച്ചോറിലെ രാസപദാര്‍ഥങ്ങളിലുണ്ടാകുന്ന മാറ്റവും അതിനു കാരണമാകുന്നു. മാനസിക സമ്മര്‍ദം, വിഷാദം, വിശപ്പ്, പേശികളിലെ വലിച്ചില്‍ തുടങ്ങിയവ ടെന്‍ഷന്‍ തലവേദനയ്ക്കിടയാക്കുന്നു. പെട്ടെന്നോ തീരെ സാവധാനമോ ആണ് ഇത്തരം തലവേദന ഉണ്ടാകുന്നത്.

തലവേദനയ്ക്ക് കാരണം ടെന്‍ഷനാണെങ്കില്‍....

വേദനസംഹാരികള്‍ വേണ്ട; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

തലവേദന വരുമ്പോള്‍ വേദനസംഹാരികള്‍ക്കുപകരം വേദന തടയാന്‍ സഹായിക്കുന്ന മറ്റുചില വഴികള്‍ തേടാം

 • മാനസിക സമ്മര്‍ദം കുറയ്ക്കുക.

 • കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചു വീണ്ടും ആലോചിക്കുന്ന ശീലം ഉപേക്ഷിക്കുക.

 • വേദനിപ്പിക്കുന്ന കാര്യങ്ങള്‍ വിശ്വസ്തരായ അടുത്ത കൂട്ടുകാരോട് തുറന്നു പറയുക. അല്ലെങ്കില്‍ തുറന്നെഴുതുക.

 • വികാരങ്ങള്‍ പ്രകടിപ്പിക്കുക. കരയാന്‍ തോന്നുമ്പോള്‍ കരയുക.

 • വ്യായാമം ശീലമാക്കുക. യോഗ. ശ്വസനവ്യയാമം എന്നിവ ട്രെയിനറുടെ സഹായത്തോടെ പരിശീലിക്കുക.

 • ഉറങ്ങുന്നതും ഭക്ഷണം കഴിക്കുന്നതും വ്യായാമം ചെയ്യുന്നതിനും ദിവസവും കൃത്യമായ സമയക്രമം പാലിക്കുക.

 • മികച്ച ഒരു കൗണ്‍സിലറെ സമീപിച്ചു കാര്യങ്ങള്‍ തുറന്നു സംസാരിക്കുക.

 • വിഷാദരോഗം, ഉത്കണ്ഠ എന്നിവയുളളവര്‍ സൈക്യാട്രിസ്റ്റിനെ സമീപിച്ചു മരുന്നില്ലാത്ത മനഃശാസ്ത്രചികിത്സ പ്രയോജനപ്പെടുത്തുക.

 • വിനോദ മാര്‍ഗങ്ങള്‍ കണ്ടെത്തുക. കുട്ടികളുമായി ചെലവഴിക്കാന്‍ സമയം കണ്ടെത്തുക. അരുമ മൃഗങ്ങളെ പരിചരിക്കുക

 • സന്നദ്ധസേവനത്തിലേര്‍പ്പെടുക.

 • കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കണ്ണിന് ആയാസം നേരുടുന്ന വിധം തുടര്‍ച്ചയായി ഉപയോഗിക്കരുത്.

 • നടക്കുമ്പോഴും ഇരിക്കുമ്പോഴും കിടക്കുമ്പോഴും ശരിയായ രീതിയിലാണെന്ന് ഉറപ്പാക്കുക.

ഈ ടെന്‍ഷന്‍ എന്നെ വിട്ടു പോകുന്നില്ലല്ലോ, തലവേദനയും എന്ന് പിന്നെയും സങ്കടപ്പടാതിരിക്കുക. ഒന്ന് കൂളാകൂ.. പോസിറ്റീവ് എനര്‍ജി നിറയ്ക്കൂ.. നമുക്ക് രണ്ടിനേയും പമ്പ കടത്താം.