LiveTV

Live

Health

വിറ്റാമിൻ ഡി പ്രശ്നക്കാരനാണോ? എങ്ങനെ മരുന്നില്ലാതെ ചികിത്സിക്കാം?

ഇന്ത്യക്കാരില്‍ 70- 90 ശതമാനം ആളുകളും വിറ്റമിന്‍ ഡിയുടെ അഭാവം നേരിടുന്നവരാണെന്ന് പഠനം

വിറ്റാമിൻ ഡി പ്രശ്നക്കാരനാണോ? എങ്ങനെ മരുന്നില്ലാതെ ചികിത്സിക്കാം?

സമീപ കാലത്ത് വിറ്റാമിൻ ഡി (Vitamin D) കുറിച്ച് കേൾക്കാത്തവരായി ആരും ഉണ്ടാവില്ല. ഇന്ത്യക്കാരില്‍ 70- 90 ശതമാനം ആളുകളും വിറ്റമിന്‍ ഡിയുടെ അഭാവം നേരിടുന്നവരാണെന്ന് പഠനം. ആരോഗ്യത്തിന് ഒരു പ്രധാന വില്ലനായി മാറിയിരിക്കുകയാണ് വൈറ്റമിന്‍ ഡിയുടെ കുറവ്. ഭക്ഷണക്രമത്തിലെ മോശം രീതികളും മാറിയ ജീവിത ശൈലിയും വൈറ്റമിൻ ഡി യുടെ അളവിനെ കുറയ്ക്കുന്നു. അസ്ഥികള്‍ മുതല്‍ രോഗപ്രതിരോധശേഷി വരെയുള്ള ആരോഗ്യാവസ്ഥകളില്‍ വിറ്റാമിന്‍ ഡി ഒരു പ്രധാന പങ്കുവഹിക്കുന്നു. വിറ്റാമിന്‍ ഡിയുടെ കുറിച്ച് വിശദീകരിക്കാം.

എങ്ങനെയാണ് വിറ്റമിൻ ഡി നമുക്ക് ലഭിക്കുന്നത്?

ശരീരത്തിനു സ്വന്തമായി ഉത്പാദിപ്പിക്കാൻ കഴിയുന്ന ഏക വിറ്റാമിനാണ് ഡി. ശരീരത്തിൽ ആവശ്യമുളള വിറ്റാമിൻ ഡിയുടെ 80 ശതമാനവും സൂര്യപ്രകാശത്തിൽ നിന്നാണ് ലഭിക്കുന്നത്. 20 ശതമാനം ഭക്ഷണത്തിൽ നിന്നും. ഭക്ഷണത്തിൽ നിന്ന് കിട്ടുന്നവയിൽ ഭൂരിഭാഗവും മാംസാഹാരത്തിൽ നിന്നാണ്. മത്സ്യം, മത്സ്യ എണ്ണ, മുട്ടയുടെ മഞ്ഞക്കരു, മാട്ടിറച്ചി തുടങ്ങിയവ ഉദാഹരണം.

സസ്യാഹാരികൾക്ക് പാൽക്കട്ടിയാണ് ഈ വിറ്റാമിന്‍റെ സ്ത്രോതസ്സായി പറയാവുന്നത്. ഇവയിൽ പലതും അധികം കഴിച്ചാൽ കൊളസ്ട്രോളിനുളള സാധ്യതയുണ്ടാവുകയും ചെയ്യും.

എത്ര വിറ്റമിൻ ഡി നമ്മുടെ രക്‌തത്തിൽ ഉണ്ടാകണം?

•30-50 nanograms/milliliter (ng/mL) ആണ് സാധരണ വേണ്ട അളവ്

•10-20 ng/mL moderate deficiency

•10 ng/mL severe deficiency (വളരെ കുറവ്)

വിറ്റാമിൻ ഡി കുറഞ്ഞാലുണ്ടാകുന്ന ലക്ഷണങ്ങൾ എന്തൊക്കെ?

ശരീര വേദന, മുടികൊഴിച്ചില്‍, ഹൃദയാഘാതം തുടങ്ങി പല അസുഖങ്ങള്‍ക്കും, ഇപ്പോള്‍ കണ്ടെത്തുന്ന പ്രധാന കാരണം വൈറ്റമിന്‍ ഡിയുടെ കുറവാണ്. വെയിലു കൊള്ളാതെ നടക്കാനാണ് എല്ലാവരുടേയും ശ്രമം. കുടചൂടിയും നടക്കാവുന്ന ദൂരങ്ങളിൽ ഓട്ടോ പിടിച്ചും സൂര്യനെ നമ്മൾ ഒഴിവാക്കും. വെയിലുകൊള്ളാത്തവർക്ക് ഉണ്ടാകുന്ന വിറ്റാമിൻ ഡിയുടെ കുറവ് ഉണ്ടാക്കുന്ന ലക്ഷണങ്ങൾ:

•വിട്ടുമാറാത്ത ക്ഷീണം

•നടുവേദന

•സന്ധിവേദന

•വിഷാദം

•മുടി പൊഴിച്ചില്‍

•ദീർഘകാലം ഇതേ അവസ്ഥ തുടർന്നാൽ ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് കാരണമാകും.

•കുട്ടികളിൽ കണ്ടുവരുന്ന ആരോഗ്യപ്രശ്നമാണ് റിക്കറ്റ്സ്.

•മുതിർന്നവരിൽ ഓർമക്കുറവും കുട്ടികളിൽ ആസ്ത്മ എന്നിവയുമാണ് മറ്റ് പ്രത്യാഘാതങ്ങൾ.

വിറ്റാമിൻ ഡി ശരീരത്തിൽ എന്തൊക്കെ ഗുണങ്ങൾ ഉണ്ടാക്കുന്നു?

മറ്റൊരു വിറ്റാമിനും അവകാശപ്പെടാനില്ലാത്ത നിരവധി സവിശേഷതകൾ വിറ്റമിൻ ഡിയ്ക്കുണ്ട്.

•ബലമുളള എല്ലുകൾക്ക് വിറ്റാമിൻ ഡി അത്യാവശ്യമാണ്. ശരീരത്തിലേക്ക് കാത്സ്യം ആഗിരണം ചെയ്യുന്നതിന് ഈ വിറ്റമിൻ വേണമെന്നതാണ് കാരണം.

•ഇതുകൂടാതെ ശരീരത്തിലെ ഫോസ്ഫേറ്റിന്റെ അളവ് തുലനപ്പെടുത്താനും ശരീരഭാഗങ്ങളിൽ നീർവീക്കം ചെറുക്കാനും ഈ വിറ്റാമിൻ അത്യന്താപേക്ഷിതമാണ്.

•ടൈപ്പ് 1, ടൈപ്പ് 2, പ്രമേഹം, ഹൈപ്പർ ടെൻഷൻ, ഗ്ലൂക്കോസ് ഇൻടോളറൻസ്, മൾട്ടിപ്പിൾ സ്ക്ലീറോസിസ് മുതലായ നിരവധി രോഗങ്ങളെ തടയാനും രോഗ ചികിത്സയ്ക്കും വിറ്റമിൻ ഡി പ്രധാന പങ്കു വഹിക്കുന്നു എന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

വിറ്റമിൻ ഡി ശരീരത്തിൽ കുറയാനുള്ള കാരണങ്ങൾ എന്തൊക്കെ?

1•സൂര്യപ്രകാശമേൽകാത്തതാണ് വിറ്റാമിൻ ഡിയുടെ കുറവിന്റെ പ്രധാന കാരണം.

2•സണ്‍സ്‌ക്രീന്‍ ക്രീമുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ വിറ്റാമിന്‍ ഡിയുടെ അഭാവമുണ്ടാകുമെന്ന് പഠനങ്ങള്‍ ഉണ്ട്.

3•വൃക്കകൾ തകരാറുള്ളവർക്ക് വിറ്റാമിൻ ഡി പ്രവർത്തനക്ഷമമായ രീതിയിലേക്ക് മാറ്റാൻ കഴിയില്ല.

4•ദഹനേന്ദ്രിയത്തെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങൾ കൊണ്ട് ശരീരത്തിലേക്ക് വിറ്റാമിൻ ഡി ആഗിരണം നടക്കാതിരിക്കാം.

5•അമിതവണ്ണവും മറ്റൊരു കാരണമാണ്.

വിറ്റമിൻ ഡി കുറഞ്ഞാൽ എങ്ങനെ ശരിയാക്കാം?

1•സൂര്യപ്രകാശമേൽക്കലാണ് വിറ്റാമിൻ ഡിയുടെ കുറവ് പരിഹരിക്കാനുളള ശരിയായ മാർഗം. 90 ശതമാനത്തോളം വിറ്റാമിന്‍ ഡി നിര്‍മ്മിക്കപ്പെടുന്നത് ചര്‍മ്മത്തില്‍ നിന്നാണെന്നാണ് പല പഠനങ്ങളും കാണിക്കുന്നത്. രാവിലെ 10–നും മൂന്നു മണിയ്ക്കുമിടയ്ക്കുളള വെയിലുകൊള്ളണം. കുറഞ്ഞത് 20 മിനിറ്റെങ്കിലും സൂര്യതാപം ഏല്‍ക്കാവുന്നരീതിയില്‍ ജീവിതചര്യകള്‍ക്ക് മാറ്റം വരുത്തണം

2•പ്രത്യേക സാഹചര്യങ്ങളിൽ സപ്ലിമെന്‍റുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം കഴിക്കാവുന്നതാണ്. വിറ്റാമിൻ ഡി ഗുളിക ശരീരത്തിന് അത്ര പ്രയോജനം ചെയ്യില്ലെന്നാണ് പല പഠനത്തിലും പറയുന്നത്. ദി ലാൻസെറ്റ് ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജി എന്ന ജേർണലിൽ ഇതിനെ കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചിരുന്നു.

3•വിറ്റാമിൻ ഡി ലഭിക്കാൻ ഗുളികകൾ കഴിക്കാതെ വിറ്റാമിൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാനാണ് ഗവേഷകർ പറയുന്നത്. സാല്‍മണ്‍ ഫിഷ്‌,കൂണുകള്‍, പാല്‍, ധാന്യങ്ങളും പയര്‍ വര്‍ഗ്ഗങ്ങളും എന്നി ഭക്ഷണങ്ങളിൽ ധാരാളം വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. മുട്ടയും വിറ്റാമിന്‍ ഡി ധാരാളമായി അടങ്ങിയിട്ടുണ്ട്. രണ്ട് വലിയ മുട്ട കഴിച്ചാല്‍ ശരീരത്തിന് ആവശ്യമായ 70 ശതമാനം വിറ്റാമിന്‍ ഡി ലഭിക്കും.

വിറ്റാമിന്‍റെ കൂട്ടത്തില്‍ വിറ്റമിൻ ഡി ഒരത്ഭുതമാണെന്ന് ഇപ്പോൾ മനസിലായില്ലേ. ദിവസവും ഏതാനും മിനിറ്റുകൾ സൂര്യപ്രകാശമേൽക്കുകയാണെങ്കിൽ ആവശ്യമുളള വിറ്റമിൻ ഡി ചർമം ഉത്പാദിപ്പിച്ചു കൊള്ളും. എപ്പോഴും പ്രകൃതിയോടിണങ്ങി ജീവിക്കുന്നവര്‍ക്കാണ് രോഗപ്രതിരോധശേഷി കൂടുതലെന്ന് ഓര്‍ക്കുന്നത് നന്നാവും !

കടപ്പാട്: ഡോ.ഡാനിഷ് സലിം